ഉറുദു കവി മുനവ്വർ റാണ ഗുരുതരാവസ്ഥയിൽ; വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു
2014-ൽ സാഹിത്യ അക്കാദമി അവാർഡ് നിരസിച്ച റാണ രാജ്യത്ത് വർധിച്ചുവരുന്ന അസഹിഷ്ണുതയിൽ പ്രതിഷേധിച്ച് ഇനിയൊരിക്കലും സർക്കാർ അവാർഡുകൾ സ്വീകരിക്കില്ലെന്നും പ്രഖ്യാപിച്ചിരുന്നു.
ലഖ്‌നോ: ഉറുദു കവിയും എഴുത്തുകാരനുമായ മുനവ്വർ റാണ (70)യെ ലഖ്‌നോ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കവിയുടെ ആരോഗ്യനില ഗുരുതരമായതിനാൽ അദ്ദേഹം വെന്റിലേറ്ററിലാണെന്ന് മകൾ സുമയ്യ റാണ പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെ 3.30ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സുമയ്യ പിതാവിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.
''ഡയാലിസിസ് ചെയ്യുന്നതിനിടെ പിതാവിന് കടുത്ത വയറുവേദന അനുഭവപ്പെട്ടു. പരിശോധനയിൽ പിത്തസഞ്ചിയിൽ ചില പ്രശ്‌നങ്ങൾ കണ്ടെത്തി. തുടർന്ന് ശസ്ത്രക്രിയ നടത്തി. അണുബാധ കുറയ്ക്കാൻ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ചികിത്സ നടക്കുന്നുണ്ട്''- സുമയ്യ പറഞ്ഞു.
നിരവധി ഗസലുകളുടെ രചയിതാവായ മുനവ്വർ റാണ അറിയപ്പെടുന്ന ഉറുദു കവിയാണ്. 2014-ൽ സാഹിത്യ അക്കാദമി അവാർഡ് നിരസിച്ച റാണ രാജ്യത്ത് വർധിച്ചുവരുന്ന അസഹിഷ്ണുതയിൽ പ്രതിഷേധിച്ച് ഇനിയൊരിക്കലും സർക്കാർ അവാർഡുകൾ സ്വീകരിക്കില്ലെന്നും പ്രഖ്യാപിച്ചിരുന്നു. മകൾ സുമയ്യ സമാജ്‌വാദി പാർട്ടി നേതാവാണ്.