ദമ്പതികളെ കൊന്ന് അഞ്ചുകോടി രൂപയുടെ ആഭരണങ്ങൾ കവർന്നു; ഡ്രൈവറും കൂട്ടാളിയും അറസ്റ്റിൽ
അമേരിക്കയിലുള്ള മകളുടെ അടുത്തുനിന്ന് തിരിച്ചെത്തി ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് ഇരുവരും കൊല്ലപ്പെട്ടത്. ഇവരുടെ ഡ്രൈവറായ നേപ്പാൾ സ്വദേശി കൃഷ്ണ, സുഹൃത്ത് രവി എന്നിവരാണ് അറസ്റ്റിലായത്.
ചെന്നൈ: യു.എസിൽനിന്ന് മടങ്ങിയെത്തിയ ദമ്പതികളെ കൊലപ്പെടുത്തി സ്വർണം കവർന്ന ഡ്രൈവറും കൂട്ടാളിയും അറസ്റ്റിൽ. ഇവരിൽനിന്ന് അഞ്ചുകോടി രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു. ചാർട്ടേഡ് അക്കൗണ്ടന്റായ ശ്രീകാന്ത് (60), ഭാര്യ അനുരാധ (55) എന്നിവരാണ് കൊല്ലപ്പെട്ടത്.
അമേരിക്കയിലുള്ള മകളുടെ അടുത്തുനിന്ന് തിരിച്ചെത്തി ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് ഇരുവരും കൊല്ലപ്പെട്ടത്. ഇവരുടെ ഡ്രൈവറായ നേപ്പാൾ സ്വദേശി കൃഷ്ണ, സുഹൃത്ത് രവി എന്നിവരാണ് അറസ്റ്റിലായത്. ശ്രീകാന്തും അനുരാധയും ഏതാനും മാസങ്ങളായി യു.എസിൽ മകൾക്കൊപ്പമായിരുന്നു താമസം. മേയ് 7-ന് പുലർച്ചെയാണ് ഇരുവരും മടങ്ങിയെത്തിയത്. കൃഷ്ണയാണ് ഇവരെ വിമാനത്താവളത്തിൽനിന്ന് മൈലാപ്പൂരിലെ വീട്ടിലെത്തിച്ചത്. തുടർന്ന് ദമ്പതികളെ അടിച്ചു കൊലപ്പെടുത്തിയ കൃഷ്ണയും സഹായി രവിയും മൃതദേഹങ്ങൾ ഫാം ഹൗസിൽ കുഴിച്ചിടുകയായിരുന്നു. തുടർന്ന് ഇരുവരും പണവും സ്വർണവുമായി ശ്രീകാന്തിന്റെ കാറിൽ രക്ഷപെട്ടു.
ദമ്പതികളുടെ യു.എസിൽ താമസിക്കുന്ന മകൾ സുനന്ദ തുടർച്ചയായി ഫോണിൽ വിളിച്ചിട്ടും ഇവരെ ലഭിക്കാത്തതിനേ തുടർന്ന് ബന്ധുക്കളെ ബന്ധപ്പെടുകയായിരുന്നു. ബന്ധുക്കൾ എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് അവർ പൂട്ട് തകർത്ത് വീട്ടിൽ നടത്തിയ പരിശോധനയിൽ തറയിൽ രക്തക്കറ കണ്ടെത്തുകയും ചെയ്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശ്രീകാന്തിന്റെ കാർ നഷ്ടമായതായി കണ്ടെത്തി. ശ്രീകാന്തിന്റെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, കാറിലെ ഫാസ്റ്റ്ടാഗ് ചെന്നൈ- കൊൽക്കത്ത ദേശീയ പാതയിൽ ടോൾബൂത്തിൽ ഉപയോഗിച്ചതായി കണ്ടെത്തി. തുടർന്ന് തമിഴ്നാട് പോലീസ് ആന്ധ്രാ പോലീസിന് വിവരം കൈമാറി. ആന്ധ്രയിലെ ഓങ്കോളിൽനിന്ന് ആന്ധ്രാ പോലീസാണ് ഇരുവരേയും പിടികൂടിയത്.