വിദ്വേഷാഗ്നിക്ക് അൽപ്പായുസ്, വീണ്ടും കട തുറന്ന് കരൗളിയിലെ ഉസ്മാൻ
നവ സംവത്സർ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ബൈക്ക് റാലിക്കിടെ തുടങ്ങിയ സംഘർഷത്തിൽ കത്തിക്കപ്പെട്ട ഉസ്മാന്റെ തയ്യൽക്കടയാണ് വീണ്ടും തുറന്നത്
വിദ്വേഷാഗ്നിക്ക് അൽപ്പായുസ് മാത്രമെന്ന് തെളിയിച്ച് സുമനസ്സുകളുടെ പിന്തുണയിൽ വീണ്ടും തയ്യൽകട തുറന്ന് രാജസ്ഥാൻ കരൗളിയിലെ ഉസ്മാൻ. ഹിന്ദു പുതുവത്സരാഘോഷമായ നവ സംവത്സർ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ബൈക്ക് റാലിക്കിടെ തുടങ്ങിയ സംഘർഷത്തിൽ കത്തിക്കപ്പെട്ട ഉസ്മാന്റെ തയ്യൽക്കടയാണ് വീണ്ടും തുറന്നത്. ഇതിനായി സഹായിച്ചവരടക്കമുള്ളവർ ട്വിറ്ററിൽ ഇതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. ഉസ്മാന്റെ കട കത്തിയ നിലയിലും സമീപത്തുള്ള രവിയുടെ കട പ്രവർത്തിക്കുന്ന നിലയിലുമുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഏപ്രിൽ രണ്ടിനുണ്ടായ സംഘർഷത്തിൽ തിരഞ്ഞുപിടിച്ച് നടന്ന അതിക്രമങ്ങളുടെ നേർക്കാഴ്ചയായിരുന്നു ഈ ദൃശ്യം.
കർഫ്യൂ ലംഘിച്ച് 40ലേറെ മുസ്ലിം വീടുകൾ അഗ്‌നിക്കിരയായതായി റിപ്പോർട്ട്
കരൗളിയിൽ വർഗീയ ലഹളയ്ക്കു പിന്നാലെ വ്യാപകമായി മുസ്ലിം വീടുകൾ അഗ്‌നിക്കിരയായതായി റിപ്പോർട്ടുണ്ടായിരുന്നു. പ്രദേശത്ത് പ്രഖ്യാപിച്ച കർഫ്യൂവിനിടെ 40ഓളം വീടുകൾ അക്രമികൾ അഗ്‌നിക്കിരയാക്കിയതായി മുസ്ലിം മിററാണ് റിപ്പോർട്ട് ചെയ്തിരുന്നത്. അക്രമസംഭവങ്ങളിൽ 46 പേരെ അറസ്റ്റ് ചെയ്തതായി രാജസ്ഥാൻ പൊലീസ് അറിയിച്ചിരുന്നു.
വിശ്വഹിന്ദു പരിഷത്ത്, ആർ.എസ്.എസ്, ബജ്രങ്ദൾ അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ബൈക്ക് റാലി നടന്നതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. വർഗീയ സംഘർഷത്തിൽ 46 പേരെ അറസ്റ്റ് ചെയ്യുകയും മറ്റ് ഏഴുപേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് ഭരത്പൂർ റേഞ്ച് ഐ.ജി പ്രശാൻ കുമാർ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞിരുന്നു. മുഴുവൻ കുറ്റവാളികളെയും അറസ്റ്റ് ചെയ്യുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രാജസ്ഥാനിൽ വിദ്വേഷചിന്ത വളർത്താൻ അനുവദിക്കില്ല. എല്ലാവരും സമാധാനം പാലിക്കണമെന്നും ഗെഹ്ലോട്ട് ആവശ്യപ്പെട്ടിരുന്നു.
Usman of Karauli reopens shop