ആരും സീറ്റ് കൊടുത്തില്ല; ഒറ്റക്ക് മത്സരിച്ച പരീക്കർ പുത്രനെ കൈവിട്ട് പനാജി
പനാജി സീറ്റില്‍ മനോഹര്‍ പരീക്കാറിന്‍റെ മകന്‍ ഉത്പലിന് കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നു
തെരഞ്ഞെടുപ്പിൽ ആരും മത്സരിക്കാൻ ടിക്കറ്റ് നൽകാത്തതിനെത്തുടർന്ന് ഒറ്റക്ക് മത്സരിച്ച മുൻ കേന്ദ്രമന്ത്രി മനോഹർ പരീക്കറിന്റെ പുത്രന്‍ ഉത്പല്‍ പരീക്കറിന് ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി. പനാജി മണ്ഡലത്തിൽ നിന്നാണ് ഉത്പൽ പരീക്കർ പരാജയപ്പെട്ടത്.
ബി.ജെ.പി യുടെ രാഷ്ട്രീയത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് പാർട്ടി വിട്ട ഉത്പലിന് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റ് നൽകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കോൺഗ്രസും സീറ്റ് നൽകാതിരുന്നതോടെ പനാജി മണ്ഡലത്തിൽ ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ച ഉത്പൽ ഫലം വന്നപ്പോൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മനോഹർ പരീക്കർ മത്സരിച്ച് വിജയിച്ച് മണ്ഡലമായ പനാജിയിൽ ഇക്കുറിയും ബി.ജെ.പി സ്ഥാനാർത്ഥിയാണ് വിജയിച്ചത്. ബി.ജെ.പി യുടെ അതനാസിയോ മൊൺസെറേറ്റ് 716 വോട്ടിനാണ് വിജയിച്ചത്.
ഗോവയിൽ 20 സീറ്റ് നേടിയ ബി.ജെ.പി സർക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് കഴിഞ്ഞു. ഉടൻ തന്നെ ഗവർണറെ കാണുമെന്ന് ബി.ജെ.പി നേതാക്കൾ അറിയിച്ചു. കേവലഭൂരിപക്ഷത്തിന് 21 സീറ്റാണ് വേണ്ടത്. കഴിഞ്ഞ തവണത്തേത് പോലെ ചെറുകക്ഷികളെ കൂടെ നിർത്തി ഗവർമെന്‍റ് രൂപീകരിക്കാനാവും എന്ന് തന്നെയാണ് ബി.ജെ.പി ഉറച്ച് വിശ്വസിക്കുന്നത്. മൂന്ന് സീറ്റുകളില്‍ ലീഡ് ചെയ്യുന്ന എം.ജി.പി ബി.ജെ.പിക്കൊപ്പം നില്‍ക്കുമെന്നാണ് സൂചനകള്‍.