പടിഞ്ഞാറൻ യു.പി.യിൽ ദലിത്-താക്കൂർ-ജാട്ട് ഫോർമുലയുമായി ബി.ജെ.പി
ബി.ജെ.പി. സിറ്റിങ് എം.എൽ.എമാരെ മാറ്റി സമുദായ പ്രതിനിധികൾക്ക് സീറ്റു നൽകിയാണ് പരീക്ഷണം
കർഷകപ്രക്ഷോഭവും എസ്.പി-ആർ.എൽ.ഡി സഖ്യം ഉയർത്തുന്ന ഭീഷണി മറികടക്കാനും യുപിയിൽ പുതിയ ജാതി കൂട്ടുകെട്ടുണ്ടാക്കാനാണ് ബി.ജെ.പിയുടെ ശ്രമം. പടിഞ്ഞാറൻ യു.പി.യിൽ ദലിത്-താക്കൂർ-ജാട്ട് ഫോർമുലയുമായാണ് ബി.ജെ.പി രംഗത്ത് വരുന്നത്. ബി.ജെ.പി. സിറ്റിങ് എം.എൽ.എ.മാരെ മാറ്റി സമുദായ പ്രതിനിധികൾക്ക് സീറ്റു നൽകിയാണ് പരീക്ഷണം.
കർഷക പ്രക്ഷോഭത്തിന്‍റെ പേരിൽ ബി.ജെ.പി വലിയ വെല്ലുവിളി നേരിടുന്നയിടമാണ് പടിഞ്ഞാറൻ യുപി. ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന പടിഞ്ഞാറൻ യു.പിയിലെ മണ്ഡലങ്ങൾ ഇക്കുറി ബി.ജെ.പി.ക്ക് കനത്ത വെല്ലുവിളി ഉയർത്തും. ജാതി സമവാക്യങ്ങൾ വച്ച് ഇതിനെ മറികടക്കാനാണ് ബി.ജെ.പി നീക്കം. ഇതാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ബി.ജെ.പിയുടെ സ്ഥാനാർഥിപ്പട്ടിക വ്യക്തമാക്കുന്നത്. ദലിത് വിഭാഗത്തിലെ പ്രബലസമുദായമായ ജാടവ, സവർണവിഭാഗത്തിലെ താക്കൂർ, പിന്നാക്കവിഭാഗത്തിലെ ജാട്ടുകൾ എന്നീ ഉപജാതികൾക്കാണ് പട്ടികയിൽ പ്രാമുഖ്യം. ബി.എസ്.പി.യുടെ വോട്ടുബാങ്കായിരുന്നു ജാടവ വിഭാഗം.
ബി.എസ്.പി നേതാവ് മായാവതി പ്രതിനിധീകരിക്കുന്ന ജാടവ സമുദായത്തിലെ അംഗമാണ് ആഗ്ര റൂറൽ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർഥി ബേബി റാണി താക്കൂർ സമുദായത്തിലെ 13 സ്ഥാനാർഥികളെ മേഖലയിൽ ബി.ജെ.പി. മത്സരിപ്പിക്കുന്നുണ്ട്. അലിഗഢിലെ ബറോളി മണ്ഡലം സ്ഥാനാർഥി ജൽവീർ സിങ്ങാണ് താക്കൂർ വിഭാഗം സ്ഥാനാർഥികളിൽ പ്രമുഖൻ. നിലവിലെ എം.എൽ.എ. ദൽവീർ സിങ്ങിനെയാണ് ഇതിനായി മാറ്റിയത്. ആർ.എൽ.ഡിയുടെ ശക്തികേന്ദ്രമായ ബാഗ്പത് ജില്ലയിൽ ജാട്ട് വിഭാഗക്കാർക്കാണ് മുൻഗണന. ബി.ജെ.പിയുടെ സ്ഥാനാർഥി പട്ടിക മറികടക്കാനുള്ള നീക്കങ്ങൾ എസ്.പി ക്യാമ്പും ആരംഭിച്ചിട്ടുണ്ട്.