സിം കാര്‍ഡ് നല്‍കാനെന്ന വ്യാജേന യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വെടിവെച്ചുകൊന്നു; കാമുകിയും ബന്ധുക്കളും അറസ്റ്റിൽ
യുവതിയും പിതാവും സഹോദരങ്ങളും ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് കൊല്ലപ്പെട്ട യുവാവിന്‍റെ കുടുംബം
ലഖ്‌നൗ: യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വെടിവെച്ചുകൊന്ന കേസിൽ കാമുകിയും ബന്ധുക്കളും അറസ്റ്റിൽ.ഉത്തർപ്രദേശിലെ അംറോഹയിലാണ് സംഭവം. കൊല്ലപ്പെട്ട ഒവൈസ് മാലിക്കിനെ (23) ചൊവ്വാഴ്ച രാത്രി പ്രതികൾ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് ആക്രമിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.
മാലിക്കിന്റെ കാമുകി അക്ഷ (20), പിതാവ് ഇർഷാദ് ഖാൻ, സഹോദരങ്ങളായ നവാസിഷ്, അയാൻ എന്നിവരാണെന്ന് അറസ്റ്റിലായത്.ഡൽഹിയിലെ ഒരു കടയിൽ തയ്യൽക്കാരനായിരുന്നു മാലിക്, പുതുവർഷ തലേന്ന് സ്വന്തം ഗ്രാമമായ ധാക്കയിൽ എത്തിയതായിരുന്നു. പുതിയ സിം കാർഡ് നൽകാനാണെന്ന വ്യാജേന അക്ഷ മാലിക്കിനോട് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടതായി ഡെപ്യൂട്ടി എസ്പി ദീപ് കുമാർ പന്ത് പറഞ്ഞു.ഒരു വർഷത്തിലേറെയായി ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. എന്നാൽ ഈ ബന്ധത്തെ വീട്ടുകാർ എതിർത്തിരുന്നെന്നും പൊലീസ് പറഞ്ഞു.
യുവതിയും പിതാവും സഹോദരങ്ങളും ചേർന്ന് മകനെ വീട്ടിൽ വെച്ച് മർദിച്ചെന്നും ഓടിരക്ഷപ്പെട്ടപ്പോൾ വെടിവെച്ചു കൊല്ലുകയുമായിരുന്നെന്ന് മാലിക്കിന്റെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു.കൊലപാതകം നടന്ന ദിവസം കേസെടുക്കാൻ പൊലീസ് ആദ്യം വിമുഖത കാട്ടിയെന്നും പിന്നീട് താനും കുടുംബവും ഗ്രാമവാസികളും പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചതിന് ശേഷമാണ് പരാതി രജിസ്റ്റർ ചെയ്തതെന്നും മാലിക്കിന്‍റെ പിതാവ് പറയുന്നു. എന്നാൽ ഈ ആരോപണം പൊലീസ് തള്ളുകയായിരുന്നു. പൊലീസ് കൃത്യസമയത്ത് നടപടിയെടുത്തുവെന്നും കൊലപാതകത്തിന് ഉപയോഗിച്ച തോക്കും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
ഒവൈസിന് നേരെ മൂന്ന് തവണ വെടിയുതിർത്തിരുന്നു.ഇതില്‍ ഒരു വെടിയുണ്ട കഴുത്തിൽ തുളച്ചുകയറിയതാണ് മരണത്തിന് കാരണമായത്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകി.