ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് അലോപ്പതി മരുന്നും കുറിയ്ക്കാന്‍ അനുമതി നല്‍കി ഉത്തരാഖണ്ഡ്
തീരുമാനത്തിനെതിരെ ഐ.എം.എ രംഗത്തെത്തി. തീരുമാനം നിയമവിരുദ്ധമാണെന്ന് ഐ.എം.എ സംസ്ഥാന സെക്രട്ടറി അജയ് ഖന്ന പറഞ്ഞു.
അടിയന്തര സാഹചര്യങ്ങളില്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് അലോപ്പതി മരുന്നുകളും കുറിച്ചുനല്‍കാന്‍ അനുമതി നല്‍കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി ആയുര്‍വേദ സര്‍വകലാശാലയില്‍ നടന്ന പരിപാടിക്കിടെ സംസ്ഥാന ആയുഷ് മന്ത്രി ഹരക് സിങ് റാവത്താണ്് ഇക്കാര്യം പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് എണ്ണൂറിലധികം ആയുര്‍വേദ ഡോക്ടര്‍മാരുണ്ട്. അത്രത്തോളം തന്നെ ആയുര്‍വേദ ഡിസ്പന്‍സറികളുമുണ്ട്. ഇതില്‍ 90 ശതമാനവും പ്രവര്‍ത്തിക്കുന്നത് മലമ്പ്രദേശങ്ങളിലാണ്. ഈ മേഖലയിലുള്ളവര്‍ക്ക് അടിയന്തരഘട്ടങ്ങളില്‍ അലോപ്പതി ചികിത്സ ഉറപ്പാക്കാന്‍ ഈ തീരുമാനത്തിലൂടെ സാധിക്കുമെന്നും ആയുഷ് മന്ത്രി പറഞ്ഞു.
അതേസമയം തീരുമാനത്തിനെതിരെ ഐ.എം.എ രംഗത്തെത്തി. തീരുമാനം നിയമവിരുദ്ധമാണെന്ന് ഐ.എം.എ സംസ്ഥാന സെക്രട്ടറി അജയ് ഖന്ന പറഞ്ഞു. മിക്‌സോപ്പതിയാണ് മന്ത്രി മുന്നോട്ടുവെയ്ക്കുന്നതെന്നും അത് രോഗികളെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.