ഉത്തരാഖണ്ഡിൽ ഉറയ്ക്കാത്ത മുഖ്യമന്ത്രി കസേരയിലുലഞ്ഞ് ബി.ജെ.പി; അട്ടിമറി വിജയത്തിനായി കച്ചകെട്ടി കോൺഗ്രസ്

ഫെബ്രുവരി 14 ന് തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡിൽ രാഷ്ട്രീയത്തോടൊപ്പം തന്നെ ജാതിസമവാക്യങ്ങളും നിർണായകമാകും

Update: 2022-01-12 02:53 GMT
Advertising

രാഷ്ട്രീയ സാഹചര്യങ്ങളാൽ ഉത്തർപ്രദേശും പഞ്ചാബും പോലെ തന്നെ രാജ്യം ഉറ്റുനോക്കുന്ന ഒന്നാണ് ഉത്തരാഖണ്ഡിലെയും തെരഞ്ഞെടുപ്പ്.  ഉത്തർപ്രദേശിനെ വിഭജിച്ച് 27ാമത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് നിലവിൽ വന്നതിട്ട്  2000 നവംബർ ഒമ്പതിനാണ്  ഇന്ത്യയിലെ പ്രായം കുറഞ്ഞ സംസ്ഥാനം രൂപീകൃതമായിട്ട്  21 വർഷമേ ആയിട്ടൊള്ളൂ. രാഷ്ട്രീയത്തോടൊപ്പം തന്നെ ജാതിസമവാക്യങ്ങളും ഇന്ത്യയുടെ ദേവഭൂമി എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡിലെ തെരഞ്ഞെടുപ്പിൽ നിർണായകമാകും.  നിലവിൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തെ   70 നിയമസഭാ സീറ്റുകളിലേക്ക് ഫെബ്രുവരി 14 ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.


ചരിത്രം തിരുത്തുമോ ബി.ജെ.പി

സംസ്ഥാനത്ത് ആദ്യമായി ഭരണത്തുടർച്ചയാണു ബി.ജെ.പി ലക്ഷ്യമിടുന്നത്. 57 എന്ന വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ബി.ജെ.പി ഇപ്പോൾ സംസ്ഥാനം ഭരിക്കുന്നത്. പ്രതിപക്ഷപാർട്ടിയായ കോൺഗ്രസിന് 11 സീറ്റുകളാണ് സ്വന്തമാക്കാൻ കഴിഞ്ഞത്. ഇതുവരെ എല്ലാ തെരഞ്ഞെടുപ്പിലും കോൺഗ്രസും ബി.ജെ.പിയും ഇടവിട്ടാണ് സംസ്ഥാനം ഭരിച്ചത്. ആ രീതി ഈ തെരഞ്ഞെടുപ്പിൽ തിരുത്താനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ഇത്തവണ ആദ്യമായി ഭരണത്തുടർച്ച നേടുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ചരിത്രം തിരുത്തി ഭരണം പിടിച്ചെടുക്കാൻ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് പാർട്ടി ഇറങ്ങിക്കഴിഞ്ഞു. എന്നാൽ പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് കളിയും രാഷ്ട്രീയപോരും ബി.ജെ.പിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.

കഴിഞ്ഞ ഒരുവർഷത്തിനിടെ മൂന്ന് തവണയാണ് ബി.ജെ.പി മുഖ്യമന്ത്രിമാരെ മാറ്റിയത്. ത്രിവേന്ദ്ര റാവത്താണ് ആദ്യം സ്ഥാനം നഷ്ടപ്പെട്ട മുഖ്യമന്ത്രി. പകരം വന്ന തിരത്ത് സിംഗ് റാവത്തിനും അധികകാലം മുഖ്യമന്ത്രി കസേരയിലിരിക്കാനായില്ല. കോവിഡുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസ്താവനകളെ തുടർന്ന് 116 ദിവസത്തിനുള്ളിൽ അദ്ദേഹത്തിന്റെയും മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടു. പുഷ്‌ക്കർ സിംഗ് ധാമിയാണ് നിലവിലെ മുഖ്യമന്ത്രി. കോവിഡ് രണ്ടാംതരംഗത്തെ ഫലപ്രദമായി നേരിടുന്നതിൽ സർക്കാറിന് കഴിഞ്ഞിരുന്നില്ല. ഇത് പാർട്ടിക്കും സർക്കാറിനും വലിയ കളങ്കമായിരുന്നു. കൂടാതെ കോവിഡ് രൂക്ഷമായിരുന്ന സമയത്ത് കുംഭമേള നടത്തിയത് ഏറെ വിവാദങ്ങൾ സൃഷ്ടിരുന്നു. മാസ്‌കും മറ്റ് പ്രോട്ടോക്കോളും പാലിക്കാതെ പതിനായിരക്കണക്കിന് പേരെ പങ്കെടുപ്പിച്ച് നടത്തിയ കുംഭമേളയുടെ പേരിൽ കേന്ദ്രസർക്കാറടക്കം ഏറെ പഴികേട്ടു. രാജ്യവ്യാപകമായി ബി.ജെ.പിയുടെ പേര് കളങ്കപ്പെടുത്തിയെന്ന ആരോപണവും സംസ്ഥാന സർക്കാർ നേരിടേണ്ടിവന്നു. മാത്രമല്ല, ഇത് പാർട്ടിക്കുള്ളിലെ കലാപങ്ങൾക്കും വലിയ കാരണമായി.

നിലവിലെ 53 എംഎൽഎമാരിൽ 14 പേരോളം കോൺഗ്രസ് വിട്ടു വന്നവരാണ്. ഇവർ ഏത് നിമിഷവും അങ്ങോട്ട് ചാടിയേക്കുമെന്ന ഭയവും ബി.ജെ.പിക്കുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വികസനമില്ലെന്ന് ആരോപിച്ച് റൂർക്കിയിൽ 14 കൗൺസിലർമാർ പാർട്ടിയിൽ നിന്ന് രാജിവെച്ചത് ബിജെപിക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. 'കേന്ദ്രത്തിലും സംസ്ഥാനത്തും ബി.ജെ.പി' എന്ന മുദ്രാവാക്യമാണ് പാർട്ടി പ്രധാനമായും തെരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടുന്നത്. തെരഞ്ഞെടുപ്പ് അടുത്തതോടെ ഒരുപാട് വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സംസ്ഥാനത്ത് നടന്നിരുന്നു. വികസനം ചൂണ്ടിക്കാട്ടി 70 ൽ 60 സീറ്റു നേടുകയെന്ന ലക്ഷ്യത്തോടെയാണ് പാർട്ടിയുടെ ഓരോ നീക്കവും. എന്നാൽ ലക്ഷ്യത്തിലേക്ക് എത്താൻ ബി.ജെ.പിക്ക് കഴിയുമോ എന്ന് കാത്തിരുന്ന് കാണേണ്ടത് തന്നെയാണ്. ആരൊക്കെയായിരിക്കും സ്ഥാനാർഥികളെന്നതിനെ കുറിച്ചുള്ള വ്യക്തമായ ചിത്രം ജനുവരി 21 ന് ശേഷം ലഭ്യമാകും.


ഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസ്

ബി.ജെ.പി സർക്കാറിന്റെ സ്ഥിരതയില്ലാത്ത ഭരണത്തെ പ്രചാരണ ആയുധമാക്കിയാണ് കോൺഗ്രസ് ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്. മുഖ്യമന്ത്രിമാരെ ഇടക്കിടക്ക് മാറ്റുന്ന ബി.ജെ.പിക്ക് തുടർഭരണം കിട്ടില്ലെന്ന പ്രതീക്ഷയാണ് കോൺഗ്രസിനുള്ളത്. അഞ്ച് വർഷത്തിനുള്ളിൽ ബി.ജെ.പി മാറ്റിയ മൂന്ന് മുഖ്യമന്ത്രിമാരെ സൂചിപ്പിക്കുന്ന രീതിയിലാണ് കോൺഗ്രസ് പാർട്ടി തീം സോങ് പുറത്തിറക്കിയി. 'തീൻ തിഗാര, കാം ബിഗാഡ എന്നാണ് കോൺഗ്രസിന്റെ തീം സോങ്. കൂടാതെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ അടുത്തതായി ഭരണത്തിലേറേണ്ടത് കോൺഗസ് തന്നെയാണ്.കോൺഗ്രസ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തരാഖണ്ഡ്. മുൻ മുഖ്യമന്ത്രിയായിരുന്ന ഹരീഷ് റാവത്തും ഗണേഷ് ഗോഡിയാലുമാണ് കോൺഗ്രസിന്റെ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്.

ബി.ജെ.പിക്കുള്ളിലെ പടലപിണക്കം മുതലെടുത്ത് അങ്ങോട്ട് പോയവരെ തിരിച്ചുകൊണ്ടുവരാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് കാബിനറ്റ് മന്ത്രിയും പ്രമുഖ ദളിത് നേതാവുമായ യശ്പാൽ ആര്യയെയും അദ്ദേഹത്തിന്റെ എം.എൽ.എയായ മകനെയും കോൺഗ്രസിലേക്ക് തിരികെ എത്തിച്ചത്. മുഖ്യമന്ത്രി സ്ഥാനാർഥി ആരാണെന്ന് ഇതുവരെ കോൺഗ്രസ് പ്രഖ്യാപിച്ചിട്ടില്ല. അടുത്ത ഒരാഴ്ചക്കുള്ളിൽ സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തിറക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചത്. ഹരീഷ് റാവത്താണ് മുഖ്യമന്ത്രിസ്ഥാനാർഥിയായി വരുമെന്ന് പ്രതീക്ഷിക്കുന്ന ഒരാൾ.  എന്നാൽ ബി.ജെ.പി വിട്ട് കോൺഗ്രസിലേക്ക് തിരിച്ചെത്തിയ യശ്പാൽ ആര്യയെ മുഖ്യമന്ത്രി സ്ഥാനാർഥിയാകുമെന്നും പറഞ്ഞുകേൾക്കുന്നുണ്ട്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ദളിത് മുഖ്യമന്ത്രി സർക്കാറിനെ നയിക്കുന്നുവെന്ന ഖ്യാതി കോൺഗ്രസിന് ലഭിക്കും.  എന്നാൽ ഹരീഷ് റാവത്ത് തന്നെയാകും മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന സൂചനയാണു പാർട്ടി നൽകുന്നത്. സ്വന്തം പാർട്ടിക്കുള്ളിലെ ചെറിയ ചെറിയ പടലപിണക്കങ്ങൾ അവിടെ വെച്ച് തന്നെ തീർക്കുന്ന നയമാണ് കോൺഗ്രസ് നടപ്പാക്കുന്നത്. ഇത്ഏറെകുറെ വിജയിക്കുകയും ചെയ്യുന്നുണ്ട്.

പോരാടാനുറച്ച് ആം ആദ്മി പാർട്ടി

കോൺഗ്രസും ബി.ജെ.പിയും പരസ്പരം പോരാടുമ്പോൾ സംസ്ഥാനം പിടിക്കാനുള്ള തയാറെടുപ്പിലാണ് ആംആദ്മി പാർട്ടി. 24 സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളെ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. 


കേദാർനാഥ് ക്ഷേത്ര പുനർനിർമാണത്തിന്റെ മുൻനിരയിലുണ്ടായിരുന്ന അജയ് ഗൊദിയാലാണ് ഉത്തരാഖണ്ഡിലെ ആംആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സംസ്ഥാന പ്രസിഡന്റ് ആനന്ദ് റാം ചൗഹാൻ കോൺഗ്രസിലേക്ക് പോയത് പാർട്ടിക്ക് തിരിച്ചടിയായിരുന്നു. സീറ്റുകൾ തൂത്തുവാരുക എന്ന ലക്ഷ്യം മാത്രമാണ് മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ആം ആദ്മി പാർട്ടിയും മത്സര രംഗത്തുള്ളത്

മുഖ്യമന്ത്രിമാർ വാഴാത്ത സംസ്ഥാനം

നിലവിൽ വന്നിട്ട് 21 വർഷമായിട്ടൊള്ളൂവെങ്കിലും ഈ കാലയളവിൽ ഉത്തരാഖണ്ഡിൽ 10 മുഖ്യമന്ത്രിമാരാണ് ഭരിച്ചത്. കോൺഗ്രസിന്റെ എൻ.ഡി.തിവാരി ഒഴികെ മറ്റാർക്കും ഇവിടെ അഞ്ചുവർഷം തികച്ച് ഭരിക്കാൻ കഴിഞ്ഞിട്ടില്ല. 2017ലെ പോലെ തന്നെ 2007 ൽ രണ്ടു തവണ മുഖ്യമന്ത്രിമാരെ മാറ്റിയിട്ടുണ്ട്.

കൂടാതെ മുഖ്യമന്ത്രിമാരെല്ലാം നിയമസഭ തെരഞ്ഞെടുപ്പിൽ തോൽക്കുന്നതും ഉത്തരാഖണ്ഡിന്റെ പ്രത്യേകതയാണ്. 2017 ലെ മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്നു ഹരീഷ് റാവത്ത്. ഉദ്ദം സിംഗ് നഗർ ജില്ലയിലെ കിച്ച മണ്ഡലത്തിൽ നിന്നും ഹരിദ്വാർ ജില്ലയിലെ ഹരിദ്വാർ റൂറൽ മണ്ഡലത്തിൽ നിന്നുമാണ് ഹരീഷ് ജനവിധി തേടിയത്. എന്നാൽ രണ്ടിടത്തും വൻ തോൽവിയാണ് ഹരീഷിനെ കാത്തിരുന്നത്. ഹരിദ്വാർ റൂറലിൽ പന്ത്രണ്ടായിരം വോട്ടുകൾക്കും കിച്ചയിൽ രണ്ടായിരത്തോളം വോട്ടുകൾക്കും ദയനീയമായി തോറ്റു.2012  ൽ മുഖ്യമന്ത്രി സ്ഥാനാർഥിയായ ഖണ്ഡൂരിയും ദയനീയമായി തോറ്റിരുന്നു. നിലവിലെ മുഖ്യമന്ത്രി പുഷ്‌കർ ധാമിയാകട്ടെ സിറ്റിംഗ് മുഖ്യമന്ത്രി തോൽക്കുന്ന പതിവ് ആവർത്തിക്കാതിരിക്കാനുള്ള പോരാട്ടത്തിലാണ്.


ഫോട്ടോഫിനിഷായിരിക്കുമെന്ന് സർവേ ഫലങ്ങൾ

ഉത്തരാഖണ്ഡ് നിയമസഭയിൽ ആകെ 70 സീറ്റുകളാണുള്ളത്. ഗർവാളിൽ 22 ഉം മൈദാനിൽ 28ഉം കുമയോണിലും 20 ഉം മണ്ഡലങ്ങളാണുള്ളത്. 36സീറ്റ് പിടിക്കുന്നവർക്ക് സംസ്ഥാനം ഭരിക്കാം. 2017 ലെ തെരഞ്ഞെടുപ്പിൽ 57 സീറ്റുകളാണ് ബി.ജെ.പി നേടിയത്. സംസ്ഥാന രൂപീകരണത്തിന് ശേഷം ഒരു രാഷ്ട്രീയപാർട്ടിക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന ഭൂരിപക്ഷം കൂടിയാണിത്. അന്ന് അധികാരത്തിലുണ്ടായിരുന്ന കോൺഗ്രസിന് ലഭിച്ചതാകട്ടെ വെറും 11 സീറ്റും.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സർവേ ഫലങ്ങളും പുറത്ത് വന്നു തുടങ്ങി. ബിജെപിക്ക് നേരിയ മുൻതൂക്കം പ്രവചിക്കുന്ന അഭിപ്രായ സർവേകളാണ് കൂടുതലും. എന്നാൽ ഇത് ഫോട്ടോഫിനിഷിലേക്ക് നീങ്ങുമെന്നാണ് സർവേകൾ പറയുന്നത്.

എബിപി സിവോട്ടർ സർവേ പ്രകാരം കോൺഗ്രസിനേക്കാൾ ബിജെപിക്കാണ് നേരിയ മുൻതൂക്കം. ഭരണകക്ഷിയായ ബി.ജെ.പി 31-37 സീറ്റുകൾ നേടുമെന്ന് പ്രതീക്ഷിക്കുമ്പോൾ കോൺഗ്രസ് 30-36 സീറ്റുകൾ നേടും. മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് 37 ശതമാനം വോട്ടുകൾ നേടുമെന്നും സിറ്റിംഗ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി 29 ശതമാനം വോട്ടും നേടുമെന്നാണ് സർവേ ഫലം. ടൈംസ് അഭിപ്രായ സർവേ സർവേ പ്രകാരം ബി.ജെ.പി 44-50 സീറ്റുകളും കോൺഗ്രസ് 12-15 നേടും. 42.34 ശതമാനം പേർ മുഖ്യമന്ത്രിയായി പുഷ്‌കർ സിംഗ് ധാമിയാണ് തെരഞ്ഞെടുക്കുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - പി ലിസ്സി

contributor

Similar News