'50 വൃക്ഷത്തൈകൾ നട്ടാൽ ലൈംഗികാധിക്ഷേപ കേസ് റദ്ദാക്കാം': പ്രതിയോട് ഉത്തരാഖണ്ഡ് ഹൈക്കോടതി
വാദിയും പ്രതിയും തമ്മിൽ ഒത്തുതീർപ്പാക്കിയ കേസ് നിയമപരമായി റദ്ദാക്കാൻ കോടതിയെ സമീപിച്ചപ്പോഴായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്
നൈനിറ്റാൾ: ലൈംഗികാധിക്ഷേപ കേസ് റദ്ദാക്കാൻ പ്രതിയോട് 50 വൃക്ഷത്തൈകൾ നടാനാവശ്യപ്പെട്ട് ഉത്തരാഖണ്ഡ് ഹൈക്കോടതി. ഓൺലൈനിലൂടെ യുവതിക്ക് അശ്ലീല വീഡിയോ അയച്ച സംഭവത്തിലാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ശരദ് കുമാർ ശർമ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വാദിയും പ്രതിയും തമ്മിൽ ഒത്തുതീർപ്പാക്കിയ കേസ് നിയമപരമായി റദ്ദാക്കാൻ കോടതിയെ സമീപിച്ചപ്പോഴായിരുന്നു ഹൈക്കോടതിയുടെ വ്യത്യസ്ത ഉത്തരവ്. ഹോർട്ടികൾച്ചർ ഡിപാർട്ട്‌മെന്റിന്റെ നിരീക്ഷണത്തിൽ അവർ നിർദേശിക്കുന്ന സ്ഥലത്ത് വൃക്ഷത്തൈകൾ നടണമെന്നും തൈകൾ മുഴുവൻ നടുന്ന പക്ഷം കേസ് റദ്ദാക്കാമെന്നും കോടതി ഉത്തരവിൽ പറയുന്നു. ചെയ്ത കാര്യത്തിന്റെ ഗൗരവത്തെക്കുറിച്ച് പ്രതിക്ക് തിരിച്ചറിവുണ്ടാക്കാനും മേലിൽ ഇത്തരം പ്രവൃത്തിക്കൾ ആവർത്താതിരിക്കാനുമാണ് ശിക്ഷയെന്നാണ് കോടതി വ്യക്തമാക്കുന്നത്.
ഉത്തരവ് അനുസരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ യുവാവിനെതിരെ ക്രിമിനൽ നടപടിക്രമം അനുസരിച്ചുള്ള നടപടികൾ ഉണ്ടാവുമെന്ന് കോടതിയുടെ മുന്നറിയിപ്പുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതടക്കം വകുപ്പുകൾ ചുമത്തിയാണ് യുവാവിനെതിരെ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ നടപടികൾ പുരോഗമിക്കുന്നതിനിടെ യുവാവ് യുവതിയോട് ക്ഷമാപണം നടത്തുകയും യുവതി കേസ് പിൻവലിക്കുകയുമായിരുന്നു.