ഏക സിവിൽ കോഡ് പ്രകാരം രജിസ്റ്റർ ചെയ്താൽ പങ്കാളികൾക്ക് സംരക്ഷണം നൽകണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി
സംസ്ഥാനത്ത് യു.സി.സി പ്രാബല്യത്തിൽ വരാത്തതിനാൽ കോടതി ഉത്തരവ് ഏവരെയും ഞെട്ടിച്ചു
നൈനിറ്റാൾ: ഏക സിവിൽ കോഡ് പ്രകാരം 48 മണിക്കൂറിനുള്ളിൽ ബന്ധം രജിസ്റ്റർ ചെയ്യുകയാണെങ്കിൽ ഇരു മതത്തിലുള്ള ലിവിങ് ടുഗതർ പങ്കാളികൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. സംസ്ഥാനത്ത് ഏക സിവിൽ കോഡ് ഇതുവരെ പ്രാബല്യത്തിൽ വരാത്തതിനാൽ കോടതി ഉത്തരവ് നിയമ വിദഗ്ധരെയടക്കം അമ്പരപ്പിച്ചിട്ടുണ്ട്.
ജസ്റ്റിസുമാരായ മനോജ് കുമാർ തിവാരി, പങ്ക്ജ് പുരോഹിത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പങ്കാളികൾ സമർപ്പിച്ച ഹരജി തീർപ്പാക്കിയത്. ഇവർ യു.സി.സി പ്രകാരം 48 മണിക്കൂറിനുള്ള ബന്ധം രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകിയാൽ ആറാഴ്ചത്തേക്ക് മതിയായ സുരക്ഷ നൽകണമെന്നാണ് കോടതി ഉത്തരവിട്ടത്.
അതേസമയം, ഏക സിവിൽ കോഡ് ഇതുവരെ സംസ്ഥാനത്ത് നടപ്പായിട്ടില്ലെന്ന കാര്യം കേസിൽ സർക്കാറിന് വേണ്ടി ഹാജരായ ജൂനിയർ അഭിഭാഷകന് അറിയില്ലെന്നതാണ് തെറ്റിദ്ധാരണക്ക് കാരണമായതെന്ന് മുതിർന്ന സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. യു.സി.സിയുമായി ബന്ധപ്പെട്ട ഭാഗം ഒഴിവാക്കി വീണ്ടും ഉത്തരവിറക്കും. കൂടാതെ പങ്കാളികൾക്ക് സുരക്ഷ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലിവിങ് റിലേഷൻഷിപ്പിലുള്ള 26കാരിയായ ഹിന്ദു യുവതിയും 21കാരനായ മുസ്ലിം യുവാവുമാണ് സംരക്ഷണത്തിനായി അപേക്ഷ നൽകിയത്. ഇരുവരുടെയും കുടുംബത്തിൽനിന്ന് ഭീഷണിയുള്ളതിനാലാണ് ഇവർ കോടതിയെ സമീപിച്ചത്.
ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡിൽ കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് ഏക സിവിൽ കോഡ് ബില്ല് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി നിയമസഭയിൽ അവതരിപ്പിച്ചത്. മാർച്ചിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കിയതോടെ സംസ്ഥാനത്ത് ഏക സിവില്‍ കോഡ് നിയമമായി. രാജ്യത്ത് ആദ്യമായി ഏക സിവില്‍ കോഡ് നിലവില്‍വരുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. എന്നാൽ, സംസ്ഥാന സർക്കാർ വിജ്ഞാപനം പുറത്തിറക്കാത്തതിനാൽ ഇത് പ്രാബല്യത്തിൽ വന്നിട്ടില്ല.
വിവാഹം, വിവാഹമോചനം, ഭൂമി, സ്വത്തുക്കൾ, പിന്തുടർച്ചാവകാശം എന്നിവയിൽ എല്ലാ പൗരൻമാർക്കും തുല്യ നിയമം വ്യവസ്ഥ ചെയ്യുന്നുവെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, ഇതിൽനിന്ന് സംസ്ഥാനത്തെ 2.9 ശതമാനം വരുന്ന പട്ടിക വർഗ വിഭാഗങ്ങളെ ഒഴിവാക്കിയിരുന്നു. കൂടാതെ ഭരണഘടനയുടെ 21ാം ഭാഗമനുസരിച്ച് ആചാരപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന വ്യക്തികളെയും ബില്ലിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി. ഉത്തരാഖണ്ഡിൽ താമസിക്കുന്നവർക്കും സംസ്ഥാനത്തിനു പുറത്ത് താമസിക്കുന്ന ഉത്തരാഖണ്ഡ് സ്വദേശികൾക്കും നിയമം ബാധകമായിരിക്കും.
ബിൽ പ്രകാരം വിവാഹവും ലിവ് ഇൻ ബന്ധങ്ങളും രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാണ്. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവർ ഒരു മാസത്തിനകം തങ്ങളുടെ താമസ പരിധിയിലെ രജിസ്ട്രാർക്ക് നിശ്ചിത ഫോറത്തിൽ അപേക്ഷ സമർപ്പിക്കണം. ഒരുമിച്ച് കഴിയുന്നവരിൽ ഒരാൾ പ്രായപൂർത്തി ആകാത്തയാളാണെങ്കിൽ രജിസ്ട്രേഷൻ അനുവദിക്കില്ല.