'സഖാവ് പിണറായിക്കും സർക്കാരിനും ബാധകമാണോ?' യെച്ചൂരിയോട് വി.ഡി സതീശന്‍
കര്‍ഷക സമരത്തിന്‍റെ കാലത്ത് മോദി സര്‍ക്കാരില്‍ നിന്നും ഭീഷണി നേരിടേണ്ടിവന്നെന്ന ട്വിറ്റര്‍ മുന്‍ സി.ഇ.ഒ ജാക്ക് ഡോര്‍സിയുടെ ആരോപണത്തിനു പിന്നാലെയായിരുന്നു യെച്ചൂരിയുടെ ട്വീറ്റ്
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേന്ദ്ര സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ച സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോട് ചോദ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഈ വിമര്‍ശനമൊക്കെ സഖാവ് പിണറായിക്കും അദ്ദേഹത്തിന്‍റെ സർക്കാരിനും ബാധകമാണോ എന്നാണ് സതീശന്‍റെ ചോദ്യം.
കര്‍ഷക സമരത്തിന്‍റെ കാലത്ത് മോദി സര്‍ക്കാരില്‍ നിന്നും ഭീഷണി നേരിടേണ്ടിവന്നെന്ന ട്വിറ്റര്‍ മുന്‍ സി.ഇ.ഒ ജാക്ക് ഡോര്‍സിയുടെ ആരോപണത്തിനു പിന്നാലെയായിരുന്നു യെച്ചൂരിയുടെ ട്വീറ്റ്- "മാധ്യമങ്ങളെ ക്രൂരമായ രീതിയില്‍ കൈകാര്യം ചെയ്യുന്നു. വിയോജിപ്പുകളെ ഭയപ്പെടുത്തുന്നു. മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നു. അവരെ അധിക്ഷേപിക്കുകയും കള്ളക്കേസില്‍ ജയിലിലടക്കുകയും ചെയ്യുന്നു. മോദി സര്‍ക്കാരിന്റെ ഒരു നിഷേധത്തിനും മാധ്യമ ഉള്ളടക്കത്തിന്‍റെ സത്യത്തെ അവ്യക്തമാക്കാനാവില്ല".
കര്‍ഷകരുടെ ഐതിഹാസികമായ സമരത്തെ ലാത്തിചാര്‍ജ് ചെയ്തും ജലപീരങ്കി ഉപയോഗിച്ചുമാണ് മോദി സര്‍ക്കാര്‍ നേരിട്ടതെന്നും യെച്ചൂരി വിമര്‍ശിച്ചു. 750 പേര്‍ രക്തസാക്ഷികളായി. ഒടുവിൽ മോദിക്ക് പിൻവാങ്ങേണ്ടി വന്നുവെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു. അതേസമയം കേരളത്തില്‍ മാധ്യമപ്രവര്‍ത്തകക്കെതിരെ കേസെടുത്ത സംഭവത്തില്‍ സീതാറാം യെച്ചൂരി ഇതുവരെ പ്രതികരിച്ചിട്ടില്ല. തുടര്‍ന്നാണ് ഇതൊക്കെ പിണറായിക്കും സര്‍ക്കാരിനും ബാധകമാണോയെന്ന് വി.ഡി സതീശന്‍ ചോദിച്ചത്.
ബ്രേക്കിങ് പോയിന്‍റ് എന്ന യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിൽ വിദേശ രാജ്യങ്ങളിൽ ട്വിറ്റർ നേരിട്ട വെല്ലുവിളികളെ കുറിച്ച് ജാക്ക് ഡോർസി സംസാരിച്ചു. അപ്പോഴാണ് മോദി സര്‍ക്കാരിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. കർഷക സമരത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പിൻവലിക്കാൻ കേന്ദ്ര സർക്കാർ സമ്മർദം ചെലുത്തിയെന്നാണ് ട്വിറ്റര്‍ മുന്‍ സി.ഇ.ഒയുടെ വെളിപ്പെടുത്തല്‍. വഴങ്ങിയില്ലെങ്കിൽ ജീവനക്കാരുടെ വീടുകൾ റെയ്ഡ് ചെയ്യുമെന്നും ഓഫീസ് പൂട്ടിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും ഡോര്‍സി ആരോപിച്ചു.
എന്നാൽ ഡോർസിയുടെ ആരോപണം വ്യാജമാണെന്ന് ബി.ജെ.പി അവകാശപ്പെട്ടു. രാജ്യത്തെ നിയമങ്ങൾ അനുസരിക്കാൻ മാത്രമാണ് ട്വിറ്ററിനോട് ആവശ്യപ്പെട്ടതെന്നും ഇക്കാര്യത്തിൽ ട്വിറ്റർ 2020 മുതൽ 2022 വരെ നിരന്തരം വീഴ്ചകൾ വരുത്തിയെന്നും കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ അവകാശപ്പെട്ടു.