കുവൈത്തിലെ നേഴ്സുമാരുടെ മോചനം; കേന്ദ്രസർക്കാർ ഇടപെടലുകൾ നടത്തുന്നതായി വി.മുരളീധരൻ
തടഞ്ഞുവച്ച 35 ഇന്ത്യക്കാരിൽ 19 പേർ മലയാളികളാണ്
ഡൽഹി: കുവൈത്തിൽ തടഞ്ഞുവെച്ച നേഴ്സുമാരെ മോചിപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നതായി കേന്ദ്രസഹമന്ത്രി വി.മുരളീധരൻ. തടഞ്ഞുവച്ച 35 ഇന്ത്യക്കാരിൽ 19 പേർ മലയാളികളാണ്. ഇവർ ജോലി ചെയ്തിരുന്ന ബാന്ദ്ര ക്ലിനിക്കിന് ആശുപത്രി നടത്താൻ അനുമതിയില്ലായിരുന്നു. എല്ലാ സഹായവും ചെയ്യാൻ എംബസിക്ക് നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.
കുവൈത്ത് മാനവശേഷി സമിതിയുടെ പരിശോധനയിലാണു താമസനിയമം ലംഘിച്ചു ജോലി ചെയ്‌തെന്ന പേരില്‍ 35 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 60 പേര്‍ കഴിഞ്ഞ ദിവസം പിടിയിലായത്. ലൈസൻസും യഥാർഥ തൊഴിൽ വിസയുമില്ലാതെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരാണ് എന്നാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. പിടിയിലായ നഴ്‌സുമാരില്‍ മുലയൂട്ടുന്ന അമ്മമാരുമുണ്ട്. ഇവർക്ക് കുഞ്ഞുങ്ങളെ പരിചരിക്കാനുളള അനുമതി നൽകിയിട്ടുണ്ടെന്ന് അറിയിച്ചു.