ലോകത്തിലെ ഏറ്റവും മികച്ച സാൻഡ്‍വിച്ചുകളുടെ പട്ടികയിൽ ഇടം പിടിച്ച് വട പാവും
ട്രാവൽ ഗൈഡ് പ്ലാറ്റ്ഫോമായ ടേസ്റ്റ് അറ്റ്ലസ് പുറത്തിറക്കിയ പട്ടികയിൽ 13-ാം സ്ഥാനത്താണ് വടപാവ് ഇടം പിടിച്ചിരിക്കുന്നത്
മുംബൈ:സ്ട്രീറ്റ് ഫുഡ് പ്രേമികളുടെ ഇഷ്ടഭക്ഷണമാണ് വട പാവ്. മുംബൈയുടെ സ്ട്രീറ്റ് ഫുഡായ വട പാവ് ഇന്ത്യയൊട്ടാകെ ജനപ്രിയമാണ്. മുംബൈക്ക് പുറമെ ഇന്ന് ഇന്ത്യക്ക് അകത്തും പുറത്തുമെല്ലാം സുലഭമായി ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും മികച്ച സാൻഡ്വിച്ചുകളുടെ പട്ടികയിലും വട പാവ് ഇടം പിടിച്ചിരിക്കുന്നു.
ട്രാവൽ ഗൈഡ് പ്ലാറ്റ്ഫോമായ ടേസ്റ്റ് അറ്റ്ലസ് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മികച്ച 50 സാൻഡ്‍വിച്ചുകളുടെ പട്ടികയിലാണ് വടപാവ് ഇടം പിടിച്ചത്. പട്ടികയിൽ 13-ാം സ്ഥാനത്താണ് വടപാവ് ഇടം പിടിച്ചിരിക്കുന്നത്. ടേസ്റ്റ് അറ്റ്ലസ് അതിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പോസ്റ്റ് ചെയ്തിരുന്നു.ലോകത്തിലെ ഏറ്റവും മികച്ച 100 സാൻഡ്‍വിച്ചുകളുടെ ലിസ്റ്റും പങ്കുവെച്ചിട്ടുണ്ട്.
'1960-1970കളില്‍ ദാദർ റെയിൽവേ സ്റ്റേഷന് സമീപം ജോലി ചെയ്തിരുന്ന അശോക് വൈദ്യ എന്ന തെരുവ് കച്ചവടക്കാരനിൽ നിന്നാണ് ഈ ഐതിഹാസിക ഭക്ഷണം ഉത്ഭവിച്ചതെന്ന് പറയപ്പെടുന്നതായി ടേസ്റ്റ് അറ്റ്ലസ് നൽകിയ വിവരണത്തിൽ പറയുന്നു. വിശന്ന് വലഞ്ഞെത്തുന്ന തൊഴിലാളികൾക്ക് കുറഞ്ഞ പണത്തിന് കിട്ടാവുന്നതും എളുപ്പത്തിൽ തയ്യാറാക്കുന്ന വിഭവം എന്ന ചിന്തയിൽ നിന്നാണ് വടപാവിന്റെ ഉത്ഭവം. പിന്നീടങ്ങോട്ട് വട പാവിന്റെ പ്രശസ്തിയും കുതിച്ചുയർന്നു ടേസ്റ്റ് അറ്റ്ലസ് പറയുന്നു.
പട്ടികയിൽ ഒന്നാമതെത്തിയത് തുർക്കിയിൽ നിന്നുള്ള ടോംബിക് എന്ന സാൻവിച്ചാണ്. ക്യൂബൻ സാൻഡ്‍വിച്ച്, അവോക്കാഡോ ടോസ്റ്റ്, ഫ്രഞ്ച് ഡിപ് സാൻഡ്‍വിച്ച്, തുടങ്ങിയവയാണ് പട്ടികയിൽ സ്ഥാനം പിടിച്ച മറ്റ് സാൻഡ്‍വിച്ചുകൾ.