സിൽക്യാര ദുരന്തത്തിലെ രക്ഷകന്റെ വീട് പൊളിച്ചത് നോട്ടീസ് പോലും നൽകാതെ; പ്രതിഷേധം ശക്തം
തണുപ്പ് കാലത്ത് വീട് തകർത്ത് ആളുകളെ തെരുവിലാക്കരുതെന്ന കോടതി ഉത്തരവ് അവഗണിച്ചാണ് ഹസന്റെ വീട് തകർത്തത്.
Update: 2024-03-01 03:46 GMT
ന്യൂഡൽഹി: സിൽക്യാര തുരങ്ക ദുരന്തത്തിൽ രക്ഷകനായ റാറ്റ് ഹോൾ മൈനർ വകീൽ ഹസന്റെ വീട് തകർത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഹസനും കുടുംബവും വീടിന്റെ അവശിഷ്ടങ്ങൾക്ക് സമീപം സമരം തുടരുകയാണ്. നോട്ടീസ് പോലും നൽകാതെയാണ് വീട് പൊളിച്ചതെന്ന് വകീൽ ഹസൻ പറഞ്ഞു.
തണുപ്പ് കാലത്ത് വീട് തകർത്ത് ആളുകളെ തെരുവിലാക്കരുതെന്ന കോടതി ഉത്തരവ് അവഗണിച്ചാണ് ഹസന്റെ വീട് തകർത്തത്. അനധികൃത കെട്ടിടമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി അതോറിറ്റി അധികൃതരുടെ നടപടി. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തതിന് വാഗ്ദാനം ചെയ്ത പാരിതോഷികം പോലും ഇപ്പോഴും ലഭിച്ചിട്ടില്ലെന്നും വകീൽ ഹസൻ പറയുന്നു. വീട് തകർത്തതിന് നഷ്ടപരിഹാരം നൽകുമെന്ന് രേഖാമൂലം എഴുതി നൽകാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് വകീൽ ഹസൻ.