ലഖിംപൂർഖേരി കൂട്ടക്കൊലയിലെ പരസ്യവിമർശം; വരുൺ ഗാന്ധിക്കും മുൻകേന്ദ്രമന്ത്രിക്കുമെതിരെ ബിജെപി നടപടി
ദേശീയ നിർവാഹക സമിതിയിൽനിന്ന് നേതാക്കളെ പുറത്താക്കി. വരുണിന്‍റെ മാതാവ് മനേക ഗാന്ധിയും പട്ടികയിൽനിന്ന് പുറത്തായിട്ടുണ്ട്
ലഖിംപൂർഖേരിയിലെ കർഷകകൂട്ടക്കൊലയിൽ ബിജെപിയെ പ്രതിരോധത്തിലാക്കി രംഗത്തെത്തിയതിനു പിറകെ വരുൺഗാന്ധി എംപിക്കും മുൻ കേന്ദ്രമന്ത്രി ചൗധരി ബിരേന്ദർ സിങ്ങിനുമെതിരെ പാർട്ടി നടപടി. ഇന്നു പുറത്തുവിട്ട ബിജെപി നിർവാഹക സമിതിയിൽ ഇരുവരുടെയും പേരില്ല. വരുണിനു പുറമെ അമ്മ മനേക ഗാന്ധിയും പട്ടികയിൽനിന്ന് പുറത്തായിട്ടുണ്ട്.
കർഷക പ്രതിഷേധത്തിനുനേരെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ വാഹനം ഇടിച്ചുകയറ്റി ഒൻപതുപേർ കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെയായിരുന്നു വരുൺ ഗാന്ധിയും ബിരേന്ദർ സിങ്ങും പരസ്യവിമർശനവുമായി രംഗത്തെത്തിയത്. മന്ത്രിയുടെ വാഹനം പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ചായിരുന്നു വരുണിന്റെ വിമർശനം. സംഭവം വളരെ വ്യക്തമാണെന്നും പ്രതിഷേധക്കാരെ കൊലചെയ്ത് നിശ്ശബ്ദമാക്കാനാകില്ലെന്നും വരുൺ ട്വീറ്റ് ചെയ്തു. ക്രൂരതയും അഹന്തയും പ്രതിഫലിക്കുന്ന ഈ ദൃശ്യങ്ങൾ ഓരോ കർഷകന്റെയും മനസ്സിലേക്ക് പടരുന്നതിനുമുമ്പ് നിരപരാധികളായ കർഷകരുടെ ചോര വീഴ്ത്തിയവർ ഉത്തരവാദിത്തമേൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ലഖിംപൂർഖേരിയിൽ നടന്നത് ആസൂത്രിതമായ സംഭവമാണെന്ന് ഹരിയാനയിലെ മുതിർന്ന ബിജെപി നേതാവ് കൂടിയായ ചൗധരി ബിരേന്ദർ സിങ്ങും ആരോപിച്ചിരുന്നു. പെട്ടെന്നുണ്ടായ സംഭവമല്ലെന്നും നേരത്തെ തന്നെ ആസൂത്രണം നടത്തി നടപ്പാക്കിയതാണെന്നും വ്യക്തമാക്കുന്ന തെളിവുകളുണ്ടെന്നും സംഭവം ലജ്ജാകരമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട് രണ്ടുകാര്യമാണ് താൻ കാണുന്നത്. ഒന്ന് യുപിയിൽ രാഷ്ട്രീയക്കാരെല്ലാം തെരഞ്ഞെടുപ്പിന്റെ ഒരുക്കത്തിലാണുള്ളത്. രണ്ടാമത്തെ കാര്യം സംഭവത്തിൽനിന്ന് ലാഭംകൊയ്യാൻ ശ്രമിക്കുകയാണ് എല്ലാവരും. ഇത് അത്ര ലാഘവത്തോടെ കൈകാര്യം ചെയ്യരുതെന്നും മുൻ കേന്ദ്ര ഗ്രാമീണ വികസന, പഞ്ചായത്തീരാജ് മന്ത്രി കൂടിയായ ബിരേന്ദർ സിങ് വ്യക്തമാക്കി.
വരുൺ ഗാന്ധിയുടെയും ബിരേന്ദർ സിങ്ങിന്റെയും വിമർശനത്തിൽ ബിജെപി പ്രതിരോധത്തിലായിരുന്നു. ഉത്തർപ്രദേശ്, കേന്ദ്ര സർക്കാരുകൾക്കുനേരെയുള്ള വിമർശമായിക്കൂടിയായിരുന്നു ഇതു ഗണിക്കപ്പെട്ടത്. നേതാക്കളുടെ പരസ്യവിമർശനത്തോടുള്ള പ്രതികാരനടപടിയായാണ് ദേശീയ നിർവാഹക സമിതിയിൽനിന്നു പുറത്താക്കിയതെന്നാണ് കരുതപ്പെടുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രമുഖ നേതാക്കളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള 80 അംഗസമിതിയെയാണ് ഇന്നു പുറത്തുവിട്ടത്. ഇതിനു പുറമെ 50 പ്രത്യേക ക്ഷണിതാക്കളും 179 സ്ഥിരം ക്ഷണിതാക്കളുമുണ്ട്. ഇതിലൊന്നും നേതാക്കൾക്ക് ഇടംലഭിച്ചിട്ടില്ല.