15000 കോടി മുടക്കി നിർമിച്ച എക്‌സ്പ്രസ് വേ ഒരാഴ്ച തികയും മുമ്പ് തകർന്നു

ജൂലൈ 16നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ്‌വേ ഉദ്ഘാടനം ചെയ്തത്

Update: 2022-07-23 02:18 GMT
Advertising

ന്യൂഡൽഹി: ഉത്തർപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ്‌വേ തുറന്നു കൊടുത്ത്‌ ഒരാഴ്ച തികയും മുമ്പ് തകർന്നു. 296 കിലോമീറ്റർ വരുന്ന ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ്‌വേയിൽ ജലൗൺ ജില്ലയിലെ ചിരിയ സേലംപൂരിലാണ് റോഡ് കുറുകെ തകർന്നത്. വ്യാഴാഴ്ച പെയ്ത കനത്ത മഴയിൽ വലിയ കുഴിയുണ്ടായിരിക്കുകയാണ്. 1.5 അടി ആഴ്ചയിലാണ് കുഴിയുണ്ടായിരിക്കുന്നത്.

സംഭവത്തിൽ പ്രതികരിച്ച് ബിജെപി എം.പി വരുൺ ഗാന്ധി രംഗത്തെത്തി. നിർമാണത്തിന് ഗുണമേന്മയുള്ള വസ്തുക്കളല്ല ഉപയോഗിച്ചതെന്നും 15000 കോടി മുടക്കി നിർമിച്ച എക്‌സ്പ്രസ് വേക്ക് അഞ്ചു ദിവസത്തെ മഴ താങ്ങാനാകുന്നില്ലെന്നും അദ്ദേഹം തകർന്ന റോഡിന്റെ വീഡിയോ സഹിതം ട്വീറ്റ് ചെയ്തു.


സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കും നിർമാണ കമ്പനിക്കുമെതിരെ കർശന നടപടിയെടുക്കണമെന്ന് മുമ്പ് പലപ്പോഴും കേന്ദ്രസർക്കാറിനെ വിമർശിച്ച വരുൺ ഗാന്ധി ആവശ്യപ്പെട്ടു.


പാതി മനസ്സോടെയുള്ള ബിജെപിയുടെ വികസനത്തിന്റെ ഗുണമേന്മയുടെ ഉദാഹരണമാണിതെന്ന് സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവ് വിമർശിച്ചു. ഉന്നതർ ഉദ്ഘാടനം ചെയ്ത എക്‌സ്പ്രസ്‌വേയിലെ അഴിമതി ഒരാഴ്ച കൊണ്ട് പുറത്തുവന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ വിമർശിച്ചു.


യു.പി കോൺഗ്രസും റോഡ് തകർച്ചക്കെതിരെ രംഗത്ത് വന്നു. കുഴിയുണ്ടാകില്ലെന്ന് പറഞ്ഞ് നിർമിച്ച ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ്‌വേയിൽ കുഴിയുണ്ടായെന്നും ഉദ്ഘാടനം കഴിഞ്ഞ് നാലു ദിവസത്തിനകമാണ് ഈ 'വികസനം' ഉണ്ടായതെന്നുമായിരുന്നു വിമർശനം.


റോഡ് ഉടൻ നന്നാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തതായി യു.പി എക്‌സ്പ്രസ്‌വേ ഇൻഡസ്ട്രിയൽ അതോറിറ്റി വക്താവ് ദുർഗേഷ് ഉപാധ്യായ അറിയിച്ചു. ജൂലൈ 16നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സ്പ്രസ്‌വേ ഉദ്ഘാടനം ചെയ്തത്. ചിത്രകൂടിലെ ഭരത്കൂപിനെ ഇറ്റാവയിലെ കുഡ്രേലുമായി ബന്ധിപ്പിക്കുന്നതാണ് ഈ നാലുവരിപ്പാത. ഏഴു ജില്ലകളിലൂടെയാണ് പാത കടന്നുപോകുന്നത്.

BJP MP Varun Gandhi has reacted to the collapse of the Bundolkhand Expressway inaugurated by Prime Minister Narendra Modi last week in Uttar Pradesh.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News