'ഞാന്‍ വിപ്ലവകാരി, മറ്റ് ബിജെപി നേതാക്കള്‍ ജനങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്നില്ല': വരുണ്‍ ഗാന്ധി

'അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെടുമോ എന്നാണ് പലരുടെയും ഭയം'

Update: 2021-12-22 10:57 GMT
Advertising

താനൊരു വിപ്ലവകാരിയാണെന്നും അനീതി കണ്ടുനില്‍ക്കാനാവില്ലെന്നും വരുണ്‍ ഗാന്ധി എം.പി. കരിമ്പിന്‍റെ താങ്ങുവില വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളെ കുറിച്ച് താന്‍ മാത്രമാണ് സംസാരിക്കുന്നത്. മറ്റുള്ള എം.എല്‍.എമാര്‍ക്കോ എം.പിമാര്‍ക്കോ അതിനുള്ള ധൈര്യമില്ലെന്നും വരുണ്‍ ഗാന്ധി പറഞ്ഞു. ബറേലിയിലെ കര്‍ഷകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിയിലെ തന്‍റെ മറ്റു സഹപ്രവര്‍ത്തകര്‍ ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കാറില്ലെന്നു വരുണ്‍ ഗാന്ധി പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെടുമോ എന്നാണ് അവരുടെ ഭയമെന്നും അദ്ദേഹം പറഞ്ഞു.

"തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് കിട്ടില്ലെന്ന് ഈ നേതാക്കള്‍ ഭയക്കുന്നു. ജനങ്ങള്‍ക്ക് വേണ്ടി ജനപ്രതിനിധികളല്ലാതെ വേറെ ആരാണ് ശബ്ദമുയര്‍ത്തുക? സീറ്റ് കിട്ടിയില്ലെങ്കിലും അതെന്നെ ബാധിക്കുന്ന കാര്യമല്ല. എന്‍റെ അമ്മ പല തെരഞ്ഞെടുപ്പുകളിലും വിജയിച്ചത് സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ്. ഞാന്‍ സത്യം മാത്രമേ പറയൂ. സര്‍ക്കാരുകള്‍ വരും പോകും"- വരുണ്‍ ഗാന്ധി വിശദീകരിച്ചു.

താനൊരു വിപ്ലവകാരിയാണെന്നും ജനങ്ങളോട് അനീതി കാണിക്കുന്നത് കണ്ടുനില്‍ക്കാനാവില്ലെന്നും വരുണ്‍ ഗാന്ധി പറഞ്ഞു. താന്‍ പലപ്പോഴും സ്വന്തം പോക്കറ്റിലെ പണമെടുത്ത് ജനങ്ങളെ സഹായിക്കാറുണ്ട്. യുവാക്കള്‍ക്ക് കായികോപകരണങ്ങള്‍ വാങ്ങാനും ക്ഷേത്രങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനുമെല്ലാം ഇത്തരത്തില്‍ പണം ചെലവഴിക്കാറുണ്ടെന്ന് വരുണ്‍ ഗാന്ധി അവകാശപ്പെട്ടു.

പിലിഭിത്ത് മണ്ഡലത്തിലെ എം.പിയാണ് വരുണ്‍ ഗാന്ധി. വരുണ്‍ ഗാന്ധിയുടെ അമ്മ മനേകാ ഗാന്ധി 1998ലും 1999ലും സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് പിലിഭിത്തില്‍ നിന്ന് വിജയിച്ചത്. നേരത്തെ വരുണ്‍ ഗാന്ധിയെയും മനേക ഗാന്ധിയെയും ബി.ജെ.പി ദേശീയ പ്രവര്‍ത്തന സമിതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ലഖിംപുര്‍ ഖേരി സംഭവത്തില്‍ ഉള്‍പ്പടെ അടുത്ത കാലത്ത് വരുണ്‍ ഗാന്ധി ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം നടത്തുകയുണ്ടായി.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News