റായ്ബറേലിയിൽ പ്രിയങ്കാ ഗാന്ധിക്കെതിരെ മത്സരിക്കാനുള്ള ബിജെപി വാഗ്ദാനം വരുൺ ഗാന്ധി നിരസിച്ചെന്ന് റിപ്പോർട്ട്
നിലവിൽ പിലിഭിത്തിൽ നിന്നുള്ള ബിജെപി എം.പിയാണ് വരുൺ ഗാന്ധി. എന്നാൽ ഇത്തവണ വരുൺ ഗാന്ധിയെ മാറ്റി പകരം മുൻ മന്ത്രി ജിതിൻ പ്രസാദയ്ക്ക് പിലിഭിത്ത് സീറ്റ് നൽകാനാണ് ബിജെപി തീരുമാനം.
ലഖ്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി പരിഗണിക്കപ്പെടുന്ന പ്രിയങ്കാ ഗാന്ധിക്കെതിരെ മത്സരിക്കാനില്ലെന്ന് ബിജെപി എം.പി വരുൺ ഗാന്ധി. ബിജെപി വാഗ്ദാനം വരുൺ ഗാന്ധി നിരസിച്ചെന്ന് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
കോൺഗ്രസ് കോട്ടയായ റായ്ബറേലിയിൽ ഇത്തവണ സോണിയാ ഗാന്ധിക്ക് പകരം മകളും പാർട്ടി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് പോയ സാഹചര്യത്തിലാണിത്. അങ്ങനെയെങ്കിൽ അവർക്കെതിരെ പിതൃസഹോദര പുത്രനായ വരുൺ ഗാന്ധിയെ രംഗത്തിറക്കാനാണ് ബിജെപി നീക്കം. എന്നാൽ സഹോദരിക്കെതിരെ മത്സരിക്കാൻ താനില്ലെന്നാണ് പാർട്ടിയിലെ വിമത ശബ്ദമായി അറിയപ്പെടുന്ന വരുൺ ഗാന്ധിയുടെ പക്ഷം.
ഈ വർഷം ഫെബ്രുവരിയിൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് 2004 മുതൽ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് റായ്ബറേലി സീറ്റിലെ ജനപ്രതിനിധി. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സോണിയാ ഗാന്ധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രിയങ്കാ ഗാന്ധിയെ റായ്ബറേലിയിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.
എന്നാൽ, പ്രിയങ്കയ്ക്കെതിരെ പോരിനിറങ്ങി 'ഗാന്ധി വേഴ്സസ് ഗാന്ധി' എന്ന തലത്തിലുള്ള മത്സരം നടക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ വരുൺ ഗാന്ധി ആഗ്രഹിക്കുന്നുവെന്ന് ബിജെപി നേതാവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. നിലവിൽ പിലിഭിത്തിൽ നിന്നുള്ള ബിജെപി എം.പിയാണ് വരുൺ ഗാന്ധി. എന്നാൽ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ വരുൺ ഗാന്ധിയെ മാറ്റി പകരം മുൻ മന്ത്രി ജിതിൻ പ്രസാദയ്ക്ക് പിലിഭിത്ത് സീറ്റ് നൽകാനാണ് ബിജെപി തീരുമാനം.
സംസ്ഥാന- കേന്ദ്ര സർക്കാരുകളുടെ ചില നയങ്ങൾക്കെതിരെ വരുൺ ഗാന്ധി നടത്തിയ ചില പ്രസ്താവനകളാണ് സീറ്റ് നിഷേധത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ഇതോടെ, താൻ പിലിഭിത്തിന്റെ മകനായി തുടരുമെന്ന് വ്യക്തമാക്കി വരുൺ ഗാന്ധി മണ്ഡലത്തിലെ ജനങ്ങൾക്ക് തുറന്ന കത്തെഴുതി. വരുൺ ഗാന്ധിയെ കോൺഗ്രസിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള വാർത്തകളും പുറത്തുവന്നിരുന്നു. എന്നാൽ വരുൺ ഈ ക്ഷണം നിരസിച്ചു. ഇതിനിടെയാണ് ബിജെപി സ്ഥാനാർഥിയായി റായ്ബറേലിയിൽ വരുണിനെ പരിഗണിക്കുന്നു എന്ന സൂചനകൾ പുറത്തുവന്നത്.
റായ്ബറേലിയിൽ ആരാണ് ഗാന്ധി കുടുംബത്തിന് കടുത്ത വെല്ലുവിളി ഉയർത്തുകയെന്നറിയാൻ ബിജെപി നിരവധി സർവേകളും സർവേകളും നടത്തിയതായും റിപ്പോർട്ടുണ്ട്. 2004ൽ സോണിയ ഗാന്ധി പ്രതിനിധീകരിക്കാൻ തുടങ്ങുന്നതിനു മുമ്പുതന്നെ ഈ സീറ്റ് കോൺഗ്രസിൻ്റെ കോട്ടയാണ്. 1967 മുതൽ 1984 വരെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി റായ്ബറേലി മണ്ഡലത്തിൽ നിന്ന് വിജയിച്ച് പലതവണ ലോക്സഭയിലെത്തിയിരുന്നു.
പ്രധാനമന്ത്രിക്കും സ്വന്തം പാർട്ടിക്കും കേന്ദ്ര- സംസ്ഥാന സർക്കാർ നയങ്ങൾക്കുമെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്ന വരുൺ ഗാന്ധി, ജയ്ശ്രീറാം, ഭാരത് മാതാ കീ ജയ് എന്നിങ്ങനെ പറഞ്ഞ് വരുന്നവർക്ക് വോട്ട് നൽകരുതെന്ന് ആഹ്വാനം ചെയ്തിരുന്നു. 2023 ആഗസ്റ്റിൽ തന്റെ മണ്ഡലമായ യു.പി പിലിഭിത്തിൽ നടന്ന പാർട്ടി പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു ബിജെപിയെ വീണ്ടും വെട്ടിലാക്കി വരുൺ ഗാന്ധി രംഗത്തെത്തിയത്. നിങ്ങളുടെ തലച്ചോറ് പ്രയോഗിച്ചതിന് ശേഷം മാത്രമേ വോട്ട് ചെയ്യാൻ പാടുള്ളൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പരോക്ഷ പരിഹാസവും വരുൺ ഗാന്ധി നടത്തിയിരുന്നു. പരിപാടിക്കിടെ തന്റെയടുത്ത് നിന്ന സന്യാസിയുടെ ഫോണിൽ കോൾ വന്നപ്പോൾ അതെടുക്കാൻ പറഞ്ഞ വരുൺ ഗാന്ധി, 'സന്യാസി വരുംകാലത്ത് മുഖ്യമന്ത്രിയാകില്ലെന്ന് ആര് കണ്ടു' എന്ന് പറഞ്ഞായിരുന്നു പരിഹാസം.
പ്രസംഗത്തിലൂടെ ഗാന്ധി കുടുംബത്തെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തിരുന്നു. മധുരമായി സംസാരിച്ച് വോട്ട് തട്ടിയെടുക്കുന്നവരെപ്പോലെയല്ല ഗാന്ധി കുടുംബമെന്നായിരുന്നു വരുൺ ഗാന്ധിയുടെ പ്രതികരണം. നേരത്തെ, കർഷക സമരം, ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊല, പാചകവാതക വിലവർധന, അഗ്നിപഥ് പദ്ധതി, യുക്രൈയ്ൻ രക്ഷാപ്രവർത്തനം തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രത്തിനെതിരെ വിമർശനവുമായി വരുൺ ഗാന്ധി രംഗത്തെത്തിയിരുന്നു.