'ഒരു ലക്ഷത്തിന് മൊബൈൽ വാങ്ങാമെങ്കിൽ ആയിരം രൂപയ്ക്ക് വാളും വാങ്ങിക്കാം'; പ്രകോപന പ്രസംഗവുമായി വിഎച്ച്പി വനിതാ നേതാവ്

"ആയുധം കൈവശം വയ്ക്കുന്നത് ഹിന്ദുവിന്റെ അഭിമാനമാണ്"

Update: 2022-04-14 04:17 GMT
Editor : abs | By : Web Desk
Advertising

പൂനെ: ഹിന്ദു യുവാക്കൾ വാളുകൾ വീട്ടിൽ കരുതണമെന്ന ആഹ്വാനവുമായി വിശ്വ ഹിന്ദു പരിഷത്ത് വനിതാ നേതാവ് സാധ്വി സരസ്വതി. കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപ്പലായനം പോലുള്ളവ ഒഴിവാക്കാൻ ഇത് അത്യാവശ്യമാണ് എന്നും സരസ്വതി പറഞ്ഞു. മഹാരാഷ്ട്രയിലെ ധുലെയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെയാണ് വിഎച്ച്പി നേതാവിന്റെ പ്രകോപന പ്രസംഗം. ന്യൂ ഇന്ത്യൻ എക്‌സ്പ്രസാണ് ഇവരുടെ പ്രസംഗം റിപ്പോർട്ട് ചെയ്തത്. 

'വീട്ടിൽനിന്ന് പുറത്താക്കപ്പെടുന്ന ഒരു ദിവസം നിങ്ങൾ കാത്തിരിക്കുകയാണോ? എന്തു കൊണ്ട് ഹിന്ദുക്കൾ, ബ്രാഹ്‌മണർ ആയുധമെടുത്തില്ല, യുദ്ധം ചെയ്തില്ല, പൊരുതിയില്ല തുടങ്ങിയ ചോദ്യങ്ങൾ അന്നേരമുയരും. വാളെടുക്കാൻ ഞാനാവശ്യപ്പെടുന്നു. ഒരു ലക്ഷം രൂപയ്ക്ക് മൊബൈൽ ഫോണും ലാപ്‌ടോപ്പും വാങ്ങാമെങ്കിൽ ആയിരം രൂപയുള്ള വാളും വാങ്ങാം. ആയുധം കൈവശം വയ്ക്കുന്നത് ഹിന്ദുവിന്റെ അഭിമാനമാണ്' - അവർ പറഞ്ഞു.

രാജ്യത്തുടനീളം ന്യൂനപക്ഷ വിഭാഗങ്ങൾക്കു നേരെ നടക്കുന്ന അതിക്രമങ്ങൾക്കിടെയാണ് വിഎച്ച്പി നേതാവിന്റെ വിവാദ പ്രസ്താവന. പ്രസ്താവനയിൽ ഇതുവരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. നേരത്തെ, ബീഫ് കഴിക്കുന്നവരെ തൂക്കിക്കൊല്ലണം എന്ന സരസ്വതിയുടെ പ്രസ്താവന ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. 

ബജ്‌റങ് മുനി അറസ്റ്റിൽ

അതിനിടെ, മുസ്ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയ ഹിന്ദുത്വ പുരോഹിതൻ ബജ്റങ് മുനി ദാസ് അറസ്റ്റിലായി. ഖൈറാബാദിലെ മഹർഷി ശ്രീ ലക്ഷ്മൺ ദാസ് ഉദാസീൻ ആശ്രമത്തിന്റെ തലവൻ കൂടിയായ മുനി തലസ്ഥാനമായ ലഖ്നൗവിൽനിന്ന് 100 കി.മീറ്റർ അകലെയുള്ള സിതാപൂരിൽ വച്ചാണ് അറസ്റ്റിലായത്.

ഏപ്രിൽ രണ്ടിനായിരുന്നു ബജ്റങ് മുനിയുടെ വിവാദ പ്രസംഗം. സിതാപൂർ ജില്ലയിലെ ഒരു പള്ളിക്ക് പുറത്ത് ആൾക്കൂട്ടത്തെ അഭിസംബോധന ചെയ്തായിരുന്നു ഇയാളുടെ വിദ്വേഷ പ്രസംഗവും മുസ്ലിം സ്ത്രീകൾക്കെതിരെ ബലാത്സംഗ ആഹ്വാനവും. പ്രസംഗത്തിൻറെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വൻ വിമർശമുയർന്നിരുന്നു. പിന്നാലെയാണ് ഇയാൾക്കെതിരെ കേസെടുക്കാൻ പൊലീസ് തയാറായത്. അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനും വിദ്വേഷ പ്രസംഗം നടത്തിയതിനുമാണ് കേസെടുത്തത്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News