മലേഗാവ് സ്ഫോടനം: പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ഇരകളുടെ കുടുംബങ്ങൾ
ബിജെപി മുൻ എംപി പ്രഗ്യാസിങ് ഠാക്കൂർ അടക്കം ഏഴുപേരാണ് പ്രതികൾ
മുംബൈ: 2008ലെ മലേഗാവ് സ്ഫോടനത്തിലെ ഏഴ് പ്രതികൾക്കും വധശിക്ഷ നൽകണമെന്ന് ഇരകളുടെ കുടുംബങ്ങൾ പ്രത്യേക എൻഐഎ കോടതിയോട് ആവശ്യപ്പെട്ടു. പ്രതികൾക്കെതിരെ ചാർത്തിയ കുറ്റകൃത്യങ്ങൾ സംശയാതീതമായി തെളിഞ്ഞതായും ഇവർ ചൂണ്ടിക്കാട്ടി.
സാമുദായിക കലാപമുണ്ടാക്കാനും അതുവഴി രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ തകർക്കാനുമാണ് 2008ലെ മലേഗാവ് സ്‌ഫോടനത്തിലൂടെ പ്രതികൾ ലക്ഷ്യമിട്ടതെന്ന് എൻഐഎ കോടതിയെ അറിയിച്ചിരുന്നു. റമദാനിലാണ് സ്‌ഫോടനം നടന്നത്. അതുകഴിഞ്ഞ് നവരാത്രി ആഘോഷങ്ങളും വരാനിരിക്കുകയായിരുന്നു. ജനങ്ങളെ ഭീതിപ്പെടുത്തുന്നതും പ്രതികളുടെ ലക്ഷ്യമായിരുന്നുവെന്നും എൻഐഎ കോടതിയിൽ പറഞ്ഞു. മുംബൈയിലെ എൻഐഎ പ്രത്യേക കോടതിയിലാണ് കേസിന്റെ വാദം നടക്കുന്നത്.
ആക്രമണത്തിനായി കശ്മീരിൽനിന്ന് ആർഡിഎക്‌സ് എത്തിക്കുകയും അത് നാസികിലെ വീട്ടിൽ സൂക്ഷിക്കുകയും ചെയ്തത് കേണൽ ശ്രീകാന്ത് പുരോഹിത് ആണ്. സുധാകർ ചതുർവേദിയാണ് ബോംബ് നിർമിച്ചത്. മലേഗാവിൽ ഇത് സ്ഥാപിക്കാനായി ബിജെപി മുൻ എംപി പ്രഗ്യാസിങ് തന്റെ ബൈക്ക് നൽകിയെന്നും എൻഐഐ കോടതിയെ അറിയിച്ചു.
പ്രഗ്യാസിങ് ഠാക്കൂർ, സൈന്യത്തിൽ ലെഫ്റ്റനന്റ് കേണലായിരുന്ന ശ്രീകാന്ത് പുരോഹിത് എന്നിവരടക്കം എട്ട് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്. വിരമിച്ച മേജർ രമേശ് ഉപാധ്യായ്, അജയ് രഹിർകർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി, സമൂർ കുൽക്കർണി, രാമചന്ദ്ര കൽസാഗ്രെ എന്നിവരാണ് മറ്റു പ്രതികൾ. ഇതിർ സമീർ കുൽക്കർണിക്കെതിരായ നടപടി സുപ്രിംകോടതി തടഞ്ഞിരുന്നു.
മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മലേഗാവിൽ 2008 സെപ്റ്റംബർ 29ന് രാത്രി 9.35ന് ഉണ്ടായ സ്‌ഫോടനത്തിൽ ആറു പേർ കൊല്ലപ്പെട്ടിരുന്നു. 100ൽ കൂടുതൽ ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. റമദാനിലെ അവസാന രാത്രി ആളുകൾ പെരുന്നാൾ തിരക്കിൽ മുഴുകിയപ്പോഴായിരുന്നു സ്‌ഫോടനം നടന്നത്.
കേസിലെ പ്രതികളെല്ലാം ഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ളവരാണ്. സ്‌ഫോടകവസ്തു നിയമം, ആയുധനിയമം എന്നിവയിലെ വിവിധ വകുപ്പുകളും യുഎപിഎയുമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിന്റെ ആദ്യഘട്ടത്തിൽ നിരവധി മുസ്‍ലിം യുവാക്കളെയാണ് അറസ്റ്റ് ചെയ്തിരുന്നത്. പിന്നീട് ഹേമന്ത് കർക്കറുടെ നേതൃത്വത്തിൽ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന കേസ് ഏറ്റെടുത്തതോടെയാണ് ഹിന്ദുത്വ തീവ്രവാദ സംഘങ്ങളിൽ ഉൾപ്പെട്ട പ്രതികളിലേക്ക് അന്വേഷണം നീങ്ങിയത്.