മോനു മനേസറിന് ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുമായി അടുത്ത ബന്ധം; സംഘത്തിൽ ചേരാനൊരുങ്ങി; വീഡിയോ കോൾ പുറത്ത്
ഇരുവരും തമ്മിൽ കൈ ഉയർത്തിയും ചിരിച്ചും സംസാരിക്കുന്നത് വീഡിയോയിൽ കാണാം. ലോറൻസും മോനു മനേസറും തമ്മിലുള്ള 38 സെക്കൻഡ് നീണ്ട സംസാരമാണ് വീഡിയോയിൽ ഉള്ളത്.
ന്യൂഡൽഹി: ഹരിയാന സംഘർഷത്തിന്റെ സൂത്രധാരനും രാജസ്ഥാനിൽ മുസ്‌ലിം യുവാക്കളെ തട്ടിക്കൊണ്ടുപോയി ജീവനോടെ ചുട്ടുകൊന്ന കേസിലെയടക്കം പ്രതിയുമായ പശുരക്ഷാ ഗുണ്ടാത്തലവൻ മോനു മനേസറിന് കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയുമായി അടുത്ത ബന്ധം. ഇരുവരും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന വീഡിയോകോൾ പുറത്തുവന്നു. ബിഷ്ണോയിയുടെ സംഘത്തിൽ ചേരാൻ മോനു മനേസർ താൽപര്യം പ്രകടിപ്പിച്ചെന്ന റിപ്പോർട്ടുകൾക്കിടയിലാണ് സംഭാഷണ വീഡിയോ പുറത്തുവന്നിരിക്കുന്നത്.
ഇരുവരും തമ്മിൽ കൈ ഉയർത്തിയും ചിരിച്ചും സംസാരിക്കുന്നത് വീഡിയോയിൽ കാണാം. വീഡിയോ കോളിൽ ലോറൻസ് ബിഷ്ണോയിക്കൊപ്പം കൂട്ടാളി രാജു ബസൗദിയയും ഉണ്ട്. ഇയാളും മോനു മനേസറുമായി സംസാരിക്കുന്നുണ്ട്. ലോറൻസും മോനു മനേസറും തമ്മിലുള്ള 38 സെക്കൻഡ് നീണ്ട സംസാരമാണ് വീഡിയോയിൽ ഉള്ളത്. മറ്റ് രണ്ട് പേർക്കൊപ്പം കാറിൽ യാത്ര ചെയ്യുകയാണ് മോനു മനേസർ. അതേസമയം, എപ്പോഴാണ് ഈ വീഡിയോ കോൺ നടന്നതെന്ന് വ്യക്തമല്ല.
എന്നാൽ ലോറൻസിന്റെ സംഘത്തിൽ ചേരാനുള്ള മോനു മനേസറിന്റെ ഉദ്ദേശവും താൽപര്യവും ഇരുവരും തമ്മിലുള്ള വലിയ അടുപ്പവും വെളിച്ചത്തു കൊണ്ടുവരുന്നതാണ് വീഡിയോ കോൾ. ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോലുമായും മോനു മനേസർ സിഗ്നൽ ആപ്പ് വഴി ബന്ധപ്പെട്ടിരുന്നു. വർഷങ്ങളായി ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്‌ണോയിയുമായി ഹിന്ദുത്വസംഘടനാ നേതാവായ മോനു മനേസർ നിരന്തരം ബന്ധപ്പെട്ടിരുന്നതായി സൂചനയുണ്ട്. ജയിലിൽ നിന്ന് തന്റെ നെറ്റ്‌വർക്ക് പ്രവർത്തിപ്പിക്കുന്ന ഗുണ്ടാനേതാവാണ് ലോറൻസ് ബിഷ്‌ണോയി.
ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളിലെ പ്രമുഖ ക്രിമിനൽ ശൃംഖലകളുമായി ചേർന്ന് അന്താരാഷ്ട്ര സിൻഡിക്കേറ്റ് സ്ഥാപിച്ച ഗുണ്ടാനേതാവാണ് ലോറൻസ് ബിഷ്‌ണോയ്. ഇയാളുടെ സംഘത്തിൽപ്പെട്ട പിടികിട്ടാപ്പുള്ളി ഗോൾഡി ബ്രാർ ഉൾപ്പെടെയുള്ളവർ വിദേശരാജ്യങ്ങളിൽ ഒളിവിലാണ്.
ലോറൻസ് ബിഷ്‌ണോയിയുമായും സഹോദരൻ അൻമോലുമായും മോനു മനേസർ എന്നറിയപ്പെടുന്ന മോഹിത് യാദവ് എന്തിനാണ് ചർച്ച നടത്തിയത് എന്നതാണ് ഉയരുന്ന ചോദ്യം. മോനു മനേസറിനെയും കൂട്ടാളികളെയും ലോറൻസ് ബിഷ്‌ണോയി തന്റെ ക്രിമിനൽ സംഘത്തിൽ ഉൾപ്പെടുത്താൻ പദ്ധതിയിട്ടിരുന്നോ എന്നും ചോദ്യമുയരുന്നു. 2022 മെയ് 29ന് പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലയെ വെടിവച്ച് കൊന്ന കേസിലെയടക്കം പ്രതിയാണ് ലോറൻസ് ബിഷ്ണോയി.
ഫെബ്രുവരി 16നാണ് രാജസ്ഥാനിലെ ഭരത്‌പുർ സ്വദേശികളായ ജുനൈദിനെയും നസീറിനേയും പശുക്കടത്ത് ആരോപിച്ച് തട്ടിക്കൊണ്ടുപോയ മോനു മനേസറും സംഘവും വാഹനത്തിലിട്ട് ചുട്ടുകൊന്നത്. ഹരിയാന നൂഹിലെ സംഘർഷത്തിലും രാജസ്ഥാൻ ഇരട്ടക്കൊലയിലും ഇരു സംസ്ഥാന പൊലീസും കേസെടുത്തിരുന്നു. തുടർന്ന് സെപ്തംബർ 12നാണ് ഇയാളെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇരട്ടക്കൊലക്കേസിൽ രാജസ്ഥാൻ പൊലീസിന് കൈമാറുകയായിരുന്നു.
നൂഹിലെ ഹിന്ദുത്വ റാലിയിൽ പങ്കെടുക്കുമെന്ന് ഫേസ്ബുക്ക് ലൈവിലൂടെ ഇയാൾ അറിയിച്ചിരുന്നു. മറ്റ് ഹിന്ദുക്കളോടും അതിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ഇതാണ് സംഘര്‍ഷത്തിന് വഴിവച്ചത്. നിരവധി ക്രിമിനല്‍ കേസുകളിൽ പ്രതിയാണ് ഇയാൾ. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ബിജെപി നേതാക്കളുമായും അടുത്ത ബന്ധമുള്ള മോനു മനേസര്‍, പശുക്കടത്ത് ആരോപിച്ച് കന്നുകാലി വില്‍പ്പനക്കാരുടെ വാഹനം തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയും മർദിക്കുകയും ഇവയുടെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുക പതിവായിരുന്നു.
രാജസ്ഥാനിൽ പശുക്കടത്ത് ആരോപിച്ച് പശുരക്ഷാ ഗുണ്ടകൾ രണ്ട് മുസ്‌ലിം യുവാക്കളെ തട്ടിക്കൊണ്ടുപോയി ജീവനോടെ ചുട്ടുകൊന്നതിൽ വൻ ആസൂത്രണം നടന്നിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. നസീറിനെയും ജുനൈദിനേയും കൊല്ലുന്നതിന് ഒരാഴ്ച മുമ്പേ ഇരുവരുടേയും വ്യക്തിഗത വിവരങ്ങളും വാഹന വിവരങ്ങളും ശേഖരിക്കുകയും ഇത് പശുരക്ഷാ ഗുണ്ടകൾക്കിടയിൽ പങ്കുവയ്ക്കുകയും പിടികൂടുന്നതിനെ കുറിച്ച് ഗൂഢാലോചന നടത്തുകയും ചെയ്തെന്നാണ് പൊലീസ് കണ്ടെത്തൽ.