തമിഴക വെട്രി കഴകത്തിന്‍റെ ആദ്യ സമ്മേളനം ഒക്ടോ.27ന് വില്ലുപുരത്ത്; പാർട്ടിനയം പ്രഖ്യാപിക്കുമെന്ന് വിജയ്
ഈ മാസം ആദ്യമാണ് വിജയുടെ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അംഗീകാരം ലഭിക്കുന്നത്
ചെന്നൈ: ആദ്യ സമ്മേളനത്തിന് ഒരുങ്ങി നടൻ വിജയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം. ഒക്ടോബർ 27ന് വില്ലുപുരത്ത് ആദ്യ സമ്മേളനം സംഘടിപ്പിക്കും. പാർട്ടി നയം സമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്ന് വിജയ് പറഞ്ഞു.
'' എൻ്റെ നെഞ്ചില്‍ കുടിയിരിക്കുന്ന പ്രിയ സുഹൃത്തുക്കളെ... ഞങ്ങൾ തമിഴക വെട്രി കഴകം പതാക അവതരിപ്പിച്ച നാൾ മുതൽ, പാര്‍ട്ടിയിലെ അംഗങ്ങളുടെ താല്‍പര്യങ്ങള്‍ക്കും തമിഴ്‌നാട്ടിലെ ജനങ്ങളുടെ അളവറ്റ സ്‌നേഹത്തിനും പിന്തുണക്കും അനുസൃതമായി ഞങ്ങളുടെ പാർട്ടി വിപുലീകരിച്ചുകൊണ്ടിരിക്കുകയാണ്. പതാക ഉയർത്തൽ ചടങ്ങിൽ, ആദ്യ സംസ്ഥാന സമ്മേളനത്തിൻ്റെ തിയതി ഉടൻ പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. നമ്മുടെ നേതാക്കളുടെയും നയങ്ങളുടെയും പദ്ധതികളുടെയും രൂപരേഖ തയ്യാറാക്കുന്ന തമിഴക വെട്രി കഴകത്തിൻ്റെ ആദ്യ സംസ്ഥാന സമ്മേളനത്തിന്‍റെ തിയതി സന്തോഷത്തോടെ ഞാൻ ഇപ്പോൾ പ്രഖ്യാപിക്കുന്നു. ഒക്ടോബര്‍ 27ന് വില്ലുപുരം ജില്ലയിലെ വിക്രവണ്ടിക്ക് സമീപമുള്ള വി സലൈ ഗ്രാമത്തിൽ വൈകിട്ട് 4ന് നടക്കും.
ഈ സമ്മേളനം നമ്മെ വിജയത്തിലേക്ക് നയിക്കുന്ന മാർഗനിർദേശങ്ങളും ലക്ഷ്യങ്ങളും പ്രഖ്യാപിക്കുന്ന ഒരു മഹത്തായ രാഷ്ട്രീയ പരിപാടിയായിരിക്കും.സമ്മേളനത്തിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ സമ്മേളനത്തിൽ നിന്ന് ഞങ്ങൾ ശക്തമായ ഒരു രാഷ്ട്രീയ പാത തുറക്കും! തമിഴ്‌നാടിൻ്റെ മകനെന്ന നിലയിൽ, എല്ലാ തമിഴ്‌നാട്ടുകാരുടെയും പിന്തുണയും അനുഗ്രഹവും ഞാൻ ആത്മാർത്ഥമായി തേടുന്നു'' ടിവികെയുടെ പ്രസ്താവനയില്‍ പറയുന്നു.
ഈ മാസം ആദ്യമാണ് വിജയുടെ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അംഗീകാരം ലഭിക്കുന്നത്. അപേക്ഷ സമർപ്പിച്ച് ഏഴ് മാസത്തിനു ശേഷമാണ് അംഗീകാരം ലഭിക്കുന്നത്. നമ്മുടെ ആദ്യ വാതിൽ തുറന്നുവെന്ന് താരം സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരുന്നു. കഴിഞ്ഞ മാസമാണ് വിജയ് പാർട്ടിയുടെ പതാക പുറത്തു വിട്ടത്. മഞ്ഞയും ചുവപ്പു നിറങ്ങളുടെ നടുവിൽ ആനകളും വാകപ്പൂവും ഉൾപ്പെടുത്തിയാണ് പതാക രൂപപ്പെടുത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ടിവികെയുടെ ആദ്യസമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.