'പുതിയ ഇന്ത്യയ്ക്ക് ആശംസകൾ'; അറസ്റ്റ് വരിച്ച് വിനേഷ് ഫൊഗട്ട്

ഗുസ്തി താരങ്ങളുടെ സമരവേദി ഡൽഹി പൊലീസ് പൊളിച്ചുനീക്കിയിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന ദേശീയപതാകയും പ്രതിഷേധ ബാനറുകളുമെല്ലാം നീക്കം ചെയ്തതായും റിപ്പോർട്ടുണ്ട്

Update: 2023-05-28 11:48 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനദിവസം സംഘർഷഭൂമിയായി രാജ്യതലസ്ഥാനം. രാജ്യത്തിന് അഭിമാനമായ ഗുസ്തിതാരങ്ങളുടെ സമരത്തെ കായികമായും അറസ്റ്റ് നടപടികളിലൂടെയുമാണ് പൊലീസ് നേരിട്ടത്. ലൈംഗികാതിക്രമം നടത്തിയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം നടത്തിയ വിനേഷ് ഫൊഗട്ട്, ബജ്രങ് പുനിയ, സാക്ഷി മാലിക് തുടങ്ങിയ പ്രമുഖ താരങ്ങളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഇന്ന് പുതിയ പാർലമെന്റിലേക്ക് വനിതാ മഹാപഞ്ചായത്ത് നടത്താനിരിക്കെയായിരുന്നു താരങ്ങളെ അറസ്റ്റ് ചെയ്തുനീക്കിയത്. 'പുതിയ ഇന്ത്യയ്ക്ക് ആശംസകൾ' എന്ന് അറസ്റ്റ് വരിച്ച് വിനേഷ് ഫൊഗട്ട് വിളിച്ചുപറഞ്ഞു. പത്തോളം ബസുകളിൽ അറസ്റ്റു ചെയ്ത താരങ്ങളെ ഡൽഹിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്കാണ് കൊണ്ടുപോയത്.

ജന്തർ മന്ദറിലുള്ള ഗുസ്തി താരങ്ങളുടെ സമരവേദി ഡൽഹി പൊലീസ് പൊളിച്ചുനീക്കി. പാർലമെന്റിന് മുന്നിലേക്ക് ഗുസ്തി താരങ്ങൾ പ്രതിഷേധ മാർച്ച് നടത്തിയതിന് പിന്നാലെയായിരുന്നു നടപടി. ഇവിടെയുണ്ടായിരുന്ന പ്രതിഷേധ ബാനറുകളും ദേശീയപതാക ഉൾപ്പെടെ പൊലീസ് നീക്കം ചെയ്തതായി 'ദി പ്രിന്റ്' റിപ്പോർട്ട് ചെയ്തു. സാക്ഷിയെ പൊലീസ് എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് അറിയില്ലെന്ന് താരങ്ങൾ പറഞ്ഞു.

പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് ബ്രിജ് ഭൂഷണിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഒരു മാസത്തിലേറെയായി ജന്തർ മന്ദറിൽ ഗുസ്തി താരങ്ങളുടെ സമരം നടക്കുന്നത്. ലോകശ്രദ്ധ പിടിച്ചുപറ്റിയ സമരം കഴിഞ്ഞ ദിവസമാണ് ഒരു മാസം പിന്നിട്ടത്. മേയ് 27നകം ഭൂഷണിനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ കടുത്ത സമരമാർഗങ്ങളിലേക്ക് നീങ്ങുമെന്ന് താരങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഒരു നടപടിയും ഉണ്ടാകാതായതോടെയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ ഉദ്ഘാടന ദിവസം കർഷക സംഘടനാ നേതാക്കൾ വനിതാ മഹാപഞ്ചായത്ത് നടത്തുമെന്ന് പ്രഖ്യാപിച്ചത്.

Summary: “Naya desh mubarak ho (congratulations on the new country),” said Vinesh Phogat while she was being detained by Delhi Police amid strong wrestlers protest on the New Parliament inauguration day

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News