വിനേഷ് ഫോഗട്ട് രാജ്യസഭയിലേക്ക്? ടിക്കറ്റ് ഓഫര്‍ വച്ച് കോണ്‍ഗ്രസ്
ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡയും കോണ്‍ഗ്രസ് എം.പി ദീപേന്ദര്‍ ഹൂഡയുമാണ് വിനേഷിനു രാജ്യസഭാ ടിക്കറ്റ് ഓഫറുമായി രംഗത്തെത്തിയത്
ചണ്ഡിഗഢ്: അമിതഭാരം ചൂണ്ടിക്കാട്ടി ഗുസ്തി താരം വിനേഷ് ഫോഗട്ട് ഒളിംപിക്‌സില്‍നിന്ന് അയോഗ്യയാക്കപ്പെട്ടതിനു പിന്നാലെ പുതിയ രാഷ്ട്രീയ നീക്കവുമായി കോണ്‍ഗ്രസ്. വിനേഷിനെ ഹരിയാനയില്‍നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജ്യസഭയിലേക്ക് അയക്കാനാണു നീക്കം. ഹരിയാന മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡയാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചത്. പിന്നാലെ പിന്തുണയുമായി മകനും കോണ്‍ഗ്രസ് ലോക്‌സഭാ അംഗവുമായ ദീപേന്ദര്‍ ഹൂഡയും രംഗത്തെത്തി.
ദീപേന്ദര്‍ ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതോടെ ഒഴിവുവന്ന രാജ്യസഭാ സീറ്റ് വിനേഷ് ഫോഗട്ടിനു നല്‍കാനാണ് ആലോചന നടക്കുന്നത്. തന്റെ സീറ്റ് താരത്തിനു നല്‍കുമെന്ന് ദീപേന്ദര്‍ വ്യക്തമാക്കിയിട്ടണ്ട്. നിലവില്‍ ആ സീറ്റില്‍ രാജ്യസഭയിലേക്ക് അയയ്ക്കാന്‍ യോഗ്യയായ ആള്‍ വിനേഷ് ഫോഗട്ട് ആണെന്നും അദ്ദേഹം ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു. സെപ്റ്റംബറിലാണ് ഹരിയാനയിലെ ഒഴിവുള്ള സീറ്റിലേക്ക് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
വിനേഷ് ഫോഗട്ടിനു പ്രചോദനമായി അവരെ രാജ്യസഭയിലേക്ക് അയക്കണമെന്നായിരുന്നു ഭൂപീന്ദര്‍ ഹൂഡ പ്രതികരിച്ചത്. രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തുതന്നെ വരികയാണ്. ഭൂരിപക്ഷമുണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ അവരെ നാമനിര്‍ദേശം ചെയ്യുമായിരുന്നു. അവരെ രാജ്യസഭയിലെത്തിക്കണണെന്നും എല്ലാവര്‍ക്കും അഭിമാനമായിരിക്കുകയാണു താരമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പിന്നാലെയാണ് ദീപേന്ദറും ഭൂപീന്ദര്‍ ഹൂഡയുടെ നിര്‍ദേശത്തെ പിന്തുണച്ചു രംഗത്തെത്തിയത്. താന്‍ ലോക്‌സഭയില്‍ എത്തിയതോടെ നിലവില്‍ ഹരിയാനയില്‍ ഒരു രാജ്യസഭാ സീറ്റ് ഒഴിവ് വന്നിട്ടുണ്ടെന്ന് എം.പി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നുകഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് ഞങ്ങള്‍ക്കു ഭൂരിപക്ഷമില്ല. ഹൂഡ സാഹബ് പറഞ്ഞത് ഹരിയാനയിലെ എല്ലാ കക്ഷികളും പരിഗണിക്കണമെന്നാണ് എനിക്ക് ആവശ്യപ്പെടാനുള്ളത്. വിനേഷിന് രാജ്യസഭാ സീറ്റ് നല്‍കണം. നിലവില്‍ ആ ഒഴിവില്‍ എം.പിയാകാന്‍ രാജ്യത്ത് യോഗ്യയായിട്ടുള്ള ഒരാള്‍ വിനേഷ് ഫോഗട്ട് ആണ്. രാജ്യത്തിനും ലോകത്തിനും മുന്നില്‍ ധീരതയുടെയും പ്രചോദനത്തിന്റെയും പ്രതീകമായി മാറിയിരിക്കുകയാണ് വിനേഷ് എന്നും ദീപേന്ദര്‍ ഹൂഡ ചൂണ്ടിക്കാട്ടി.
വിനേഷ് പരാജയപ്പെട്ടിട്ടില്ലെന്നു മാത്രമല്ല, കോടിക്കണക്കിനു മനുഷ്യരുടെ ഹൃദയം കവരുകയും ചെയ്തിരിക്കുകയാണ്. കായിക സംവിധാനമാണ് ഇവിടെ പരാജയപ്പെട്ടിരിക്കുന്നത്. സ്വര്‍ണ മെഡല്‍ ജേതാവിനു നല്‍കുന്ന എല്ലാ സൗകര്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ അവര്‍ക്കു നല്‍കണമെന്നും ദീപേന്ദര്‍ ആവശ്യപ്പെട്ടു.
വിനേഷിനെ രാജ്യസഭയിലേക്ക് അയക്കണമെന്ന് ഭൂപീന്ദര്‍ സിങ് ഹൂഡ ആവശ്യപ്പെടുന്ന വിഡിയോ എക്‌സില്‍ പങ്കുവച്ചു ദീപേന്ദര്‍ ഇതേ കാര്യം ആവര്‍ത്തിച്ചു. ഹൂഡയുടെ പ്രസ്താവനയെ പൂര്‍ണമായി പിന്തുണയ്ക്കുന്നു. ഹരിയാനയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കുകയും വിഷയത്തില്‍ ഐക്യകണ്ഠമായ തീരുമാനം കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയില്‍ വിമര്‍ശനവുമായി വിനേഷിന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയനാടകമാണെന്നാണ് അമ്മാവനും മുന്‍ ഗുസ്തി താരവുമായ മഹാവീര്‍ ഫോഗട്ട് കോണ്‍ഗ്രസ് നേതാക്കന്മാരുടെ പ്രസ്താവനയോട് പ്രതികരിച്ചത്. വിനേഷിനെ രാജ്യസഭയിലേക്ക് അയയ്ക്കാന്‍ താല്‍പര്യമുണ്ടെന്നാണ് ഭൂപീന്ദര്‍ ഹൂഡ പറഞ്ഞത്. എന്നാല്‍, അദ്ദഹത്തിന്റെ സര്‍ക്കാര്‍ ഇവിടെ ഉണ്ടായിരുന്ന കാലത്ത് എന്തുകൊണ്ട് ഗീത ഫോഗട്ടിനെ അയച്ചില്ലെന്ന് മഹാവീര്‍ ചോദിച്ചു.
2005, 2010 കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ ബപിത ഫോഗട്ടിന് വെള്ളിയും ഗീത ഫോഗട്ടിനു സ്വര്‍ണവും ലഭിച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോമണ്‍വെല്‍ത്ത് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ ഗുസ്തി താരമാണ് ഗീത. അതിനുശേഷം 2012ല്‍ ഒളിംപിക്‌സ് യോഗ്യത നേടുന്ന ആദ്യ വനിതാ ഗുസ്തി താരവുമായി അവള്‍. അന്ന് ഹൂഡ സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്നു. രണ്ടുപേരും ഡിവൈ.എസ്.പിമാര്‍ ആകേണ്ടതായിരുന്നു. പകരം ഗീതയെ ഇന്‍സ്‌പെക്ടറും ബപിതയെ സബ് ഇന്‍സ്‌പെക്ടറുമായി വിവേചനം കാണിക്കുകയാണ് ഹൂഡ ചെയ്തത്. കോടതിയെ സമീപിച്ചാണ് ഇക്കാര്യത്തില്‍ പരിഹാരമുണ്ടാക്കിയതെന്നും മഹാവീര്‍ ഫോഗട്ട് വിമര്‍ശിച്ചു.
കോണ്‍ഗ്രസ് നടപടി ലജ്ജാകരമാണെന്നാണ് ബപിത പ്രതികരിച്ചത്. ദുരന്തത്തില്‍നിന്ന് എങ്ങനെ രാഷ്ട്രീയാസരങ്ങള്‍ കണ്ടെത്താമെന്ന് കോണ്‍ഗ്രസില്‍നിന്നു പഠിക്കണം. വിനേഷ് ചാംപ്യന്മാരുടെ ചാംപ്യനാണെന്നും താരങ്ങളുടെ വേദന മനസിലാക്കാന്‍ കോണ്‍ഗ്രസിനാകുന്നില്ലെന്നും ബപിത കുറ്റപ്പെടുത്തി.
വിനേഷ് അയോഗ്യയായ സംഭവത്തില്‍ പ്രതിപക്ഷം ഇന്ന് രാജ്യസഭയില്‍ വാക്കൗട്ട് നടത്തിയിരുന്നു. അയോഗ്യതയുമായി ബന്ധപ്പെട്ട് വിഷയങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അതിനു തയാറായില്ലെന്ന് കോണ്‍ഗ്രസ് എം.പി പ്രമോദ് തിവാരി പറഞ്ഞു. തുടര്‍ന്നാണ് ഇന്‍ഡ്യ എം.പിമാര്‍ രാജ്യസഭയില്‍നിന്ന് ഇറങ്ങിപ്പോക്ക് നടത്തി പ്രതിഷേധിച്ചത്.
Summary: Congress is considering to nominate Vinesh Phogat to Rajya Sabha from Haryana according to the former CM Bhupinder Hooda and Lok Sabha MP Deepender Singh Hooda: reports