ശരീരത്തിന് മുകളിലൂടെ പാഞ്ഞ് ഗുഡ്‌സ് ട്രെയിൻ; ട്രാക്കിൽ കിടന്ന് കൂളായി മൊബൈലിൽ സംസാരിച്ച് യുവതി
അതിവേഗത്തിൽ ട്രെയിൻ കടന്നുപോകുമ്പോൾ ട്രാക്കിൽ നിലംപറ്റി കിടന്ന യുവതി, ട്രെയിൻ കടന്നുപോയ ശേഷം കയ്യിലുണ്ടായിരുന്ന ഫോണിൽ സംസാരിച്ചുകൊണ്ടാണ് എഴുന്നേൽക്കുന്നത്.
ഹരിയാന: ശരീരത്തിന് മുകളിലൂടെ ഗുഡ്‌സ് ട്രെയിൻ പാഞ്ഞുപോയതിന് ശേഷവും കൂളായി മൊബൈൽ സംസാരിച്ച് ട്രാക്കിൽ നിന്ന് എഴുന്നേറ്റുപോവുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ഹരിയാനയിലെ റോഹ്താകിൽനിന്നാണ് സാഹസിക വൈറൽ വീഡിയോ പ്രചരിച്ചത്.
അതിവേഗത്തിൽ ട്രെയിൻ കടന്നുപോകുമ്പോൾ ട്രാക്കിൽ നിലംപറ്റി കിടന്ന യുവതി, ട്രെയിൻ കടന്നുപോയ ശേഷം കയ്യിലുണ്ടായിരുന്ന ഫോണിൽ സംസാരിച്ചുകൊണ്ടാണ് എഴുന്നേൽക്കുന്നത്. ഫോൺ ഉപയോഗിച്ചുകൊണ്ട് തന്നെ ഇവർ ട്രാക്കിലൂടെ നടക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ഐപിഎസ് ഉദ്യോഗസ്ഥനായ ദിപാൻശു കബ്രയാണ് ഏപ്രിൽ 12ന് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. മൂന്ന് ദിവസത്തിനിടെ ഒരുലക്ഷത്തിലധികം പേരാണ് ഇതിനകം വീഡിയോ കണ്ടത്. 'ഫോണിലൂടെയുള്ള ഗോസിപ്പാണ് ഏറ്റവും പ്രധാനം' എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിരവധിപേരാണ് വീഡിയോക്ക് താഴെ യുവതിയെ അനുകൂലിച്ചും എതിർത്തും കമന്റ് ചെയ്തിരിക്കുന്നത്. ഗുഡ്‌സ് ട്രെയിനിൽ തൂങ്ങിക്കിടക്കുന്ന ഭാഗങ്ങളൊന്നും ഇല്ലാത്തത് ഭാഗ്യമായി അല്ലെങ്കിൽ കഷ്ണങ്ങളായിപ്പോയേനെ എന്നാണ് ഒരാളുടെ കമന്റ്. ഇവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചില ആളുകൾ വീഡിയോക്ക് താഴെ പ്രധാനമന്ത്രിയുടെ ഓഫീസിനെ ടാഗ് ചെയ്തിട്ടുണ്ട്.