വിസ്താരയെ നിലത്തിറക്കി ടാറ്റ; ആകാശത്ത് വമ്പൻമാരോട് മത്സരത്തിനൊരുങ്ങി എയർ ഇന്ത്യ

ടാറ്റാ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംരംഭമായ വിസ്താര നവംബർ 12 ഒാടെ സർവീസ് അവസാനിപ്പിക്കും

Update: 2024-08-30 10:47 GMT
Advertising

മുംബൈ: ആകാശയാത്രയിൽ വമ്പൻമാരോട് മത്സരിക്കാനിറങ്ങുകയാണ് വിസ്താരയുമായുള്ള ലയ​നത്തോടെ എയർ ഇന്ത്യ. സർവീസ് അവസാനിപ്പിച്ച് വിസ്താര പറന്നിറങ്ങുമ്പോൾ പുതിയ ആകാശപാതകളാണ് എയർ ഇന്ത്യക്ക് മുന്നിൽ തുറന്ന് കിട്ടുന്നത്. ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംരംഭമായ വിസ്താര നവംബർ 12 ഒാടെ സർവീസ് അവസാനിപ്പിക്കും. എയർ ഇന്ത്യയുമായി ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതോടെ ലോകത്തെ വൻകിട എയർലൈൻ ഗ്രൂപ്പുകളുടെ പട്ടികയിൽ എയർ ഇന്ത്യ ഇടം പിടിക്കും.

നീണ്ട ചർച്ചകൾക്കൊടുവിലാണ് എയർ ഇന്ത്യ- വിസ്താര ലയനം സാധ്യമായത്. തീരുമാനമായെങ്കിലും ഔദ്യോഗികമായി നടപടിക്രമങ്ങൾ പൂർത്തിയാകാൻ കേന്ദ്രസർക്കാരിന്റെ അനുമതി അനിവാര്യമായിരുന്നു. ടാറ്റ ഗ്രൂപ്പിന് പുറമെ സിംഗപ്പൂർ എയർലൈൻസിന് ഓഹരിപങ്കാളിത്തമുള്ളതാണ് വിസ്താര. ലയനത്തിന്റെ ഭാഗമായി സിംഗപ്പൂർ എയർലൈൻസിന് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിയതോടെയാണ് ലയനം പൂർത്തിയായത്. വിസ്താരയിൽ 49 ശതമാനം ഓഹരിപങ്കാളിത്തമാണ് സിംഗപ്പൂർ എയർലൈൻസിനുള്ളത്. എയർ ഇന്ത്യയുടെ ഉടമയായ ടാറ്റാ ഗ്രൂപ്പിന് 51 ശതമാനം ഓഹരി പങ്കാളിത്തമാണ് വിസ്താരയിലുള്ളത്.

ലയനത്തോടെ രൂപപ്പെടുന്ന കമ്പനിയിൽ 25.1 ശതമാനം പങ്കാളിത്തമാകും സിംഗപ്പൂർ എയർലൈൻസിനുണ്ടാവുക. അതിനായി 20,59 കോടിയുടെ നേരിട്ടുള്ള വിദേശ നിക്ഷേപവും അവർ നടത്തും, അതിനുള്ള അനുമതിയാണ് കേ​​ന്ദ്ര സർക്കാർ നൽകിയത്. 74.9 ശതമാനം ഓഹരി എയർ ഇന്ത്യയുടെ കൈകളിലായിരിക്കും.

ടാറ്റാ ഗ്രൂപ്പ് എയർ ഇന്ത്യ ഏറ്റെടുത്തതിന് പിന്നാലെയാണ് വിസ്താരയും എയർ ഇന്ത്യയും തമ്മിൽ ലയിപ്പിക്കാൻ തീരുമാനിച്ചത്. 2022 ലാണ് ലയനം സംബന്ധിച്ച പ്രഖ്യാപനം നടക്കുന്നത്. ഒരു വർഷത്തിനുള്ളിൽ ലയനം പൂർത്തിയാകുമെന്നായിരുന്നു റിപ്പോർട്ട്. വിവിധ കാരണങ്ങളാൽ അത് രണ്ട് വർഷ​ത്തോളം നീളുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

2021 ഒക്ടോബറിൽ ​എയർ ഇന്ത്യയെ കേ​ന്ദ്രസർക്കാരിൽ നിന്ന് 18,000 കോടി രൂപയ്ക്ക് ടാറ്റ ​എറ്റെടുക്കുകയായിരുന്നു. വിസ്താരയുമായുള്ള ലയനം പൂർത്തിയാകുന്നതോടെ 212 ലേറെ വിമാനങ്ങളുള്ള രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയായ എയർ ഇന്ത്യമാറും. നിലവിൽ ഇൻഡിഗോ ആണ് ഒന്നാമത്. എന്നാൽ ഏറ്റവും കൂടുതൽ വിദേശ സർവീസുകളുള്ള ഇന്ത്യൻ വിമാനക്കമ്പനിയെന്ന പദവി എയർ ഇന്ത്യക്ക് സ്വന്തമാകും.

ഇന്ത്യയിലെ ആഭ്യന്തര സർവീസുകൾ പ്രീമിയം നിലവാരത്തിലേക്കുയർത്തിയാണ് വിസ്താര പത്തുവർഷം മുമ്പ് ആകാശപറക്കലിന് തുടക്കം കുറിക്കുന്നത്. 2015 ൽ ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായിട്ടായിരുന്നു വിസ്താര എയർലൈൻ ആരംഭിച്ചത്. ഇൻഡിഗോക്ക് വ്യക്തമായ സ്വാധീനമുള്ള ആഭ്യന്തര വിപണിയിൽ സ്വന്തം സ്വാധീനമുറപ്പിക്കാനുള്ള ശ്രമമാണ് പിന്നീട് വിസ്താര നടത്തിയത്. അതുകൊണ്ട് തന്നെ ചുരുങ്ങിയ കാലത്തിനുള്ളിൽ ജനപ്രിയ വിമാനക്കമ്പനിയായി വിസ്താര മാറി. 2024 തുടക്കത്തിൽ വിസ്താര പ്രതിസന്ധിയിലേക്ക് പോകുന്ന കാഴ്ചയായണ് പിന്നീട് കണ്ടത്. ​തൊഴിലാളികളുടെ ശമ്പളവും, പൈലറ്ററിന്റെ വിമാനസമയവുമൊക്കെ വെട്ടിക്കുറച്ചതോടെ പൈലറ്റുമാർ അവധിയെടുത്തു, സർവീസുകൾ മുടങ്ങി. എപ്രിൽ ഒന്നിന് 125 ലധികം വിമാന സർവീസുകളാണ് മുടങ്ങിയത്.

നവംബർ 12 ഓടെയാണ് ഇരുകമ്പനികളും തമ്മിലുള്ള ലയനം പൂർത്തിയാവുക. തുടർന്ന് വിസ്താരയുടെ പ്രവർത്തനങ്ങൾ എയർ ഇന്ത്യയായിരിക്കും നിർവഹിക്കുക. സെപ്റ്റംബർ 3 മുതൽ വിസ്താരയുടെ ടിക്കറ്റ് ബുക്കിങ്ങുകൾ എയർ ഇന്ത്യയുടെ വെബ്സൈറ്റിലേക്ക് റീഡയറക്ട് ചെയ്യും. നവംബർ 11 ഓടെ വിസ്താര സർവീസ് അവസാനിപ്പിക്കും. 12 മുതൽ എയർ ഇന്ത്യ എന്ന ഒറ്റ ബ്രാൻറ് മാത്രമെ ഉണ്ടാകുവെന്നാണ് വിസ്താര അറിയിച്ചിരിക്കുന്നത്. 2024 ഡിസംബർ വരെയാണ് ഡയറക്ടർ ജനറൽ സിവിൽ ഏവിയേഷൻ വിസ്താരക്ക് ഫ്ലയിംഗ് പെർമിറ്റ് അനുവദിച്ചിരിക്കുന്നത്.

വിസ്താരയുമായുള്ള ലയനം തീരുമാനിച്ചതിന് പിന്നാലെ ജീവനക്കാരെ കുറക്കാൻ എയർ ഇന്ത്യ തീരുമാനിച്ചിരുന്നു. ഗ്രൗണ്ട് സ്റ്റാഫുകൾക്ക് സ്വയം വിരമിക്കൽ പദ്ധതി കമ്പനി പ്രഖ്യാപിച്ചിരുന്നു. അഞ്ച് വർഷം സേവനമുള്ളവർക്ക് വി.ആർ.എസും, അഞ്ചിൽ താഴെ മാത്രം സേവനം ചെയ്തവർക്ക് നിർബന്ധിത വിരമിക്കൽ പദ്ധതിയുമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News