വഖഫ് ബിൽ: മുസ്‌ലിം സഹോദരങ്ങൾക്ക് നീതി നൽകുമെന്ന് മന്ത്രി; പാർലമെന്റിനെ അപമാനിച്ചെന്ന് പ്രതിപക്ഷം

ബോർഡിന്റെ അധികാരങ്ങൾ പൂർണ്ണമായും ഇല്ലാതാക്കുന്ന ബിൽ കോടതിയിൽ തള്ളപെടുമെന്നും പ്രതിപക്ഷം

Update: 2024-08-08 10:07 GMT
Advertising

ഡൽ​​ഹി: വഖഫ് ബിൽ അവതരിപ്പിച്ചതിനെ തുടർന്ന് ബഹളത്തിൽ മുങ്ങിയ ലോക്സഭയിൽ മറുപടിയുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. ചർച്ച നടത്താതെയാണ് ബിൽ കൊണ്ടുവന്നതെന്ന പ്രതിപക്ഷ വാദത്തിനെതിരെയാണ് കേന്ദ്രമന്ത്രി ​രം​ഗത്തുവന്നത്. മുസ്‌ലിം സഹോദരങ്ങൾക്ക് ഈ ബിൽ നീതി നൽകുമെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ തട്ടിയെടുക്കില്ലെന്നും റിജിജു മറുപടി നൽകി. വഖഫ്‌ കൗൺസിലിനെയും ബോർഡിനെയും ശാക്തീകരിക്കാനാണ് ബിൽ അവതരിപ്പിക്കുന്നതെന്നും മതസ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷം തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണെന്നും റിജിജു ആരോപിച്ചു.

പലയിടത്തും വഖഫ് ഭൂമി മാഫിയകൾ പിടിച്ചൂവെന്ന് ആരോപിച്ച റിജിജു കയ്യേറ്റത്തിനെതിരെ 194 പരാതികൾ കഴിഞ്ഞ വർഷം മാത്രം ലഭിച്ചെന്നും ചൂണ്ടിക്കാട്ടി. കഴിഞ്ഞ 10 വർഷമായി ബില്ലുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തി വരികയാണെന്നും ദുർബല വിഭാഗങ്ങൾക്ക് പ്രാതിനിധ്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം വിഭാ​ഗത്തെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷ ശ്രമമെന്ന് ആരോപിച്ച റിജിജു പല എംപിമാരും വ്യക്തിപരമായി ബില്ലിനെ പിന്തുണക്കുന്നതായും കൂട്ടിച്ചേർത്തു. ബിൽ സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു. 

ബില്ലിനെ എതിർത്ത് നിരവധി പ്രതിപക്ഷാം​ഗങ്ങൾ രം​ഗത്തെത്തി. വഖഫ് ബിൽ പിൻവലിക്കണമെന്നഭിപ്രായപ്പെട്ട സുപ്രിയ സുലെ ബില്ലിന്റെ കരട് പകർപ്പ് ആദ്യം ലഭിച്ചത് മാധ്യമങ്ങൾക്കാണെന്നും കേന്ദ്രം പാർലമെന്റിനെ അപമാനിച്ചെന്നും ആരോപിച്ചു. മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കെതിരാണ് ബില്ലെന്ന് കനിമൊഴി എം.പി. പറഞ്ഞു. രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് ചോ​ദിച്ച ഇ.ടി മുഹമ്മദ്‌ ബഷീർ എം.പി ഭരണഘടന നൽകുന്ന ഉറപ്പുകളുടെ ലംഘനമാണ് ബില്ലെന്നും അത് രാജ്യത്തിന്റെ മതേതരത്വം തകർക്കുമെന്നും ആരോപിച്ചു. മുസ്‌ലിം സംഘടനകളുമായി കൂടിയാലോചന നടത്താതെ കൊണ്ടുവന്ന ബില്ലിന്റെ ലക്ഷ്യം വഖഫ് തകർക്കുകയാണെന്ന് കെ. രാധാകൃഷ്ണൻ എം.പി അഭിപ്രായപ്പെട്ടു.

ബോർഡിന്റെ അധികാരങ്ങൾ പൂർണ്ണമായും ഇല്ലാതാക്കാൻ ലക്ഷ്യംവയ്ക്കുന്ന ബിൽ കോടതിയിലെത്തിയാൽ തള്ളപെടാവുന്നതാണെന്നും ഇതിലൂടെ മുസ്‌ലിം സമുദായത്തെ ഒറ്റ തിരിഞ്ഞു ആക്രമിക്കുകയാണെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി വ്യക്തമാക്കിയപ്പോൾ വഖഫ്‌ ബിൽ ഏകപക്ഷീയമാണെന്നും വഖഫിന്റേത്‌ പൊതുസ്വത്തല്ലെന്നും അസദുദ്ദീൻ ഉവൈസി എം.പി ആരോപിച്ചു. രാജ്യത്തെ മുസ്‌ലിം വിഭാഗത്തിന് എതിരാണ് വഖഫ് ബില്ലെന്നും കേന്ദ്രം ഭരണഘടനയുടെ ധാർമികത നഷ്ടമാക്കുകയാണെന്നും തൃണമൂൽ ആരോപിച്ചു.

വിഷയത്തെ ചൊല്ലി അഖിലേഷ് യാദവും അമിത് ഷായും നേർക്കുനേർ ഏറ്റുമുട്ടി. എൻ.ഡി.എ സഖ്യത്തിന്റെ ഭാ​ഗമായ ടി.ഡി.പി.യും ജെ.ഡി.യുവും ബില്ലിനെ അനുകൂലിച്ചു.

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News