ഓർഗനൈസർ ലേഖനത്തെച്ചൊല്ലി എൻ.സി.പി-ബി.ജെ.പി നേതാക്കൾ തമ്മിൽ വാക്പോര്
എൻ.സി.പിയുമായി ബി.ജെ.പി സഖ്യമുണ്ടാക്കിയതിനെ ലേഖനത്തിൽ വിമർശിച്ചിരുന്നു
മുംബൈ: ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിലെ ലേഖനത്തെ ചൊല്ലി ബി.ജെ.പിയും മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയും തമ്മില്‍ വാക്പോര്. എൻ.സി.പിയുമായി ബി.ജെ.പി സഖ്യമുണ്ടാക്കിയതിനെ ലേഖനത്തിൽ വിമർശിച്ചിരുന്നു.
“ഒരു പരിധിവരെ, അത് (ലേഖനം) സത്യമായിരിക്കാം. മുൻ മുഖ്യമന്ത്രി അശോക് ചവാനെപ്പോലുള്ള കോൺഗ്രസിൽ നിന്നുള്ള നേതാക്കളെ ഉൾപ്പെടുത്തിയതിനെയും ചിലർ ബി.ജെ.പിയെ വിമർശിച്ചു. മുൻ കോൺഗ്രസ് നേതാവ് മിലിന്ദ് ദേവ്‌റയെപ്പോലും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ശിവസേന ഉൾപ്പെടുത്തി രാജ്യസഭാംഗമാക്കി'' ലേഖനത്തോട് പ്രതികരിച്ചുകൊണ്ട് എൻ.സി.പി നേതാവും മന്ത്രിയുമായ ഛഗൻ ഭുജ്ബൽ പറഞ്ഞു.''എന്നാൽ ബി.ജെ.പിക്ക് സീറ്റ് കുറഞ്ഞ ഉത്തർപ്രദേശിലെ ഫലത്തെക്കുറിച്ച് ആരാണ് സംസാരിക്കുക? അവർക്ക് സീറ്റുകൾ നഷ്ടപ്പെട്ട മറ്റ് സംസ്ഥാനങ്ങളുടെ കാര്യമോ? ഭുജ്ബൽ ചോദിച്ചു.
എന്നാല്‍ ഒരു വാരികയിൽ വന്ന ലേഖനം ബി.ജെ.പിയുടെ നിലപാടിനെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് എൻ.സി.പി നേതാവും രാജ്യസഭാ എം.പിയുമായ പ്രഫുൽ പട്ടേൽ പറഞ്ഞു.“അതിനെ അങ്ങനെ വ്യാഖ്യാനിക്കരുത്,” പ്രഫുൽ പട്ടേലിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. എന്നാൽ, ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവെച്ചാൽ അതിൻ്റെ ക്രെഡിറ്റ് ആർ.എസ്.എസിൻ്റെ കഠിനാധ്വാനത്തിനും പരാജയത്തിന്‍റെ ഉത്തരവാദിത്തം അജിത് പവാറിനാണെന്നും എൻസിപി യുവജന വിഭാഗം നേതാവ് സൂരജ് ചവാൻ പരിഹസിച്ചു.
“പിതൃസ്ഥാനത്തുള്ള സംഘടനയാണ് ആര്‍.എസ്.എസ്. ആർഎസ്എസിനെക്കുറിച്ച് അഭിപ്രായം പറയേണ്ടതില്ല. സൂരജ് ചവാൻ സംഘടനയെക്കുറിച്ച് പ്രതികരിക്കാൻ തിരക്കുകൂട്ടരുതായിരുന്നു.എൻസിപിക്കെതിരെ ബിജെപി പ്രതികരിച്ചിട്ടില്ല. എൻഡിഎ യോഗങ്ങളിൽ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യുന്നതാണ് നല്ലത്'' ബി.ജെ.പി എംഎല്‍സി പ്രവീണ്‍ ധരേക്കര്‍ പ്രതികരിച്ചു.
അജിത് പവാറുമായുള്ള ബന്ധം ബി.ജെ.പി വിച്ഛേദിക്കുകയും ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയുമായി ചേര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തേക്കുമെന്ന് പേര് വെളിപ്പെടുത്താത്ത സ്രോതസ്സുകളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. “ആർഎസ്എസ്-ബിജെപി പ്രവർത്തകർ പവാർ വിരുദ്ധ പലകയിൽ വളർത്തപ്പെട്ടവരാണ്. മഹാരാഷ്ട്ര കോര്‍പ്പറേറ്റീവ് ബാങ്ക്, ജലസേചന അഴിമതികളുമായുള്ള ബന്ധമാണ് അണികളെ അജിത് പവാര്‍ വിരുദ്ധരാക്കിയത്. എന്നാല്‍, അജിത്തുമായി കൈകോര്‍ത്തതോടെ പവാര്‍ വിരുദ്ധരാഷ്ട്രീയത്തിന് വീര്യം കുറഞ്ഞു. ഈ വികാരത്തിന്‍റെ മുറിവില്‍ ഉപ്പുതേക്കുന്നതായിരുന്നു മഹായുതി സര്‍ക്കാരില്‍ അജിത്തിനെ ഉപമുഖ്യമന്ത്രിയാക്കിയ നടപടിയെന്ന്'' മുതിര്‍ന്ന ബി.ജെ.പി നേതാവ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
എന്‍.സി.പിയുമായുള്ള സഖ്യനീക്കത്തെ ‘അനാവശ്യ രാഷ്ട്രീയം’എന്നാണ് ഓര്‍ഗനൈസര്‍ വിശേഷിപ്പിച്ചത്. അജിത് പവാറിൻ്റെ എൻ.സി.പിയെ എൻ,ഡി,എയിലേക്ക് ചേർത്തത് ബി.ജെ.പിയുടെ ബ്രാൻഡ് മൂല്യം കുറച്ചുവെന്നും യാതൊരു വ്യത്യാസവുമില്ലാത്ത മറ്റൊരു പാര്‍ട്ടി മാത്രമായി ബി.ജെ.പിയെ ചുരുക്കിയെന്നും ആര്‍.എസ്.എസ് അംഗം രത്തന്‍ ഷാര്‍ദ ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. വിമർശനം ആർ.എസ്.എസ് നേതാവിൻ്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് പറഞ്ഞ് നിസ്സാരവത്കരിക്കാനാണ് എൻ.സി.പി നേതാക്കളുടെ ശ്രമം.ബി.ജെ.പിയുമായുള്ള സഖ്യം തുടരുമെന്ന് അവര്‍ അവകാശപ്പെട്ടു.
മൂന്നാം മോദി സർക്കാർ അധികാരമേറ്റതിനു പിന്നാലെ അതൃപ്തി പരസ്യമാക്കി അജിത് പവാര്‍ പക്ഷം രംഗത്തെത്തിയിരുന്നു. എൻ.സി.പി. പാർട്ടി നേതാവ് പ്രഫുൽ പട്ടേലിനു സഹമന്ത്രി സ്ഥാനമാണ് ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ അജിത് പവാര്‍ ഇത് നിരസിച്ചിരുന്നു.