'ബി.ജെ.പി പരസ്യത്തിൽ അഭിനയിച്ച ശേഷം വീട്ടിൽനിന്ന് പുറത്തിറങ്ങാൻ വയ്യ; ഇപ്പോൾ ഖേദിക്കുന്നു'-നടിയുടെ അവസ്ഥ വിവരിച്ച് എക്സ് പോസ്റ്റ്
'വാർ റുക്‌വാ ദി പാപ്പ' എന്ന ഡയലോഗോടെ മോദി യുക്രൈൻ യുദ്ധം നിർത്തിച്ചെന്ന പേരിൽ ആഘോഷിക്കപ്പെട്ട വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളുകൾ വാരിക്കൂട്ടുന്നത്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ബി.ജെ.പി പുറത്തിറക്കിയ ഒരു പരസ്യചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ പരിഹാസവും ട്രോളുകളും വാരിക്കൂട്ടുകയാണ്. 'വാർ റുക്‌വാ ദി പാപ്പ'(യുദ്ധം അവസാനിപ്പിച്ചത് മോദിയാണ്, അച്ഛാ) എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ മീമുകളും ട്രോളുകളും നിറയുന്നത്. ഇതിനിടെ, പരിഹാസങ്ങൾ കാരണം പരസ്യത്തിൽ അഭിനയിച്ച നടിക്ക് പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണെന്ന് അവകാശപ്പെട്ട് സോഷ്യൽ മീഡിയ യൂസർ രംഗത്തെത്തിയിരിക്കുകയാണ്.
എക്സിൽ 31,000ത്തോളം ഫോളോവർമാരുള്ള റോഷൻ റായ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്ക് വ്യക്തിപരമായി അറിയാവുന്നയാളാണ് ഈ പെൺകുട്ടിയെന്ന് റോഷൻ അവകാശപ്പെട്ടു. വീട്ടിൽനിന്നു പുറത്തിറങ്ങാനാകാത്ത സ്ഥിതിലിയാണിപ്പോൾ അവൾ. തന്നെ വച്ചുള്ള മീമുകൾ കാരണം തകർന്നിരിക്കുകയാണ്. ആ പരസ്യത്തിന്റെ ഭാഗമായതിൽ ഇപ്പോൾ അവൾ ഖേദിക്കുകയാണെന്നും റോഷൻ എക്സ് പോസ്റ്റിൽ പറഞ്ഞു.
കഷ്ടപ്പാടിലൂടെ കടന്നുപോകുന്ന നടിയാണ് അവൾ. ആ സമയത്താണ് ഒരു രാഷ്ട്രീയ പരസ്യത്തിൽ വേഷമിടാനുള്ള അവസരം ലഭിച്ചത്. കരിയർ തുടങ്ങുംമുൻപ് തന്നെ അവസാനിക്കുന്ന അവസ്ഥയാകുമെന്ന് അവൾക്ക് അറിയില്ലായിരുന്നുവെന്നും റോഷൻ പോസ്റ്റിൽ കുറിച്ചു.
ഇതിനകം എട്ടു ലക്ഷത്തിലേറെ പേർ വായിച്ച പോസ്റ്റ് ആയിരത്തിലേറെ പേർ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ആയിരത്തിലേറെ പേർ പോസ്റ്റിനു താഴെ കമന്റുമായും എത്തിയിട്ടുണ്ട്. എന്നാൽ, റോഷന്റെ അവകാശവാദം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ദേശീയ മാധ്യമം 'ഫ്രീപ്രസ് ജേണൽ' റിപ്പോർട്ട് ചെയ്തു.
പരസ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'മോദിയുടെ കുടുംബം' ആയതിനാൽ എല്ലാ ഇന്ത്യക്കാരുടെയും സുരക്ഷ ഉറപ്പാണ് എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കുവച്ചിട്ടുള്ളത്. സ്പഷ്ടമായി പറയുന്നില്ലെങ്കിലും യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണു പരസ്യം തയാറാക്കിയതെന്ന് വിഡിയോയിൽനിന്നു വ്യക്തമാണ്. യുദ്ധം പൊട്ടിപ്പുറപ്പെട്ട ഒരു വിദേശരാജ്യത്ത് കുടുങ്ങിയ മക്കളെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ കാത്തിരിക്കുന്ന മാതാപിതാക്കളുടെ രംഗമാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇക്കൂട്ടത്തിലാണ് ഒരു വിദ്യാർഥിയായി പ്രിയങ്കയും എത്തുന്നത്. വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയ മാതാപിതാക്കളോട് പെൺകുട്ടി പറയുന്നത് ഇങ്ങനെയാണ്: ''എന്തു സംഭവിച്ചാലും മോദിജി ഞങ്ങളെ നാട്ടിലെത്തിക്കുമെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ അച്ഛാ.. (മോദി) യുദ്ധം നിർത്തിച്ചാണ് ഞങ്ങളുടെ ബസിനെ രക്ഷിച്ചത്.''
ഈ ഡയലോഗാണ് വൻ പരിഹാസങ്ങൾക്കും ട്രോളിനുമിടയാക്കിയത്. യുക്രൈനിൽ ഇപ്പോഴും റഷ്യൻ ആക്രമണത്തിനും യുദ്ധക്കെടുതിക്കും മുടക്കമില്ലാതെ തുടരുമ്പോഴാണ് മോദി ഇടപെട്ട് യുദ്ധം അവസാനിപ്പിച്ചെന്ന് പരസ്യത്തിൽ അവകാശവാദമുള്ളത്. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയും ഇതേ അവകാശവാദം നടത്തിയിരുന്നു. എന്നാൽ, കേന്ദ്ര വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞ കാര്യമാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് ഗിമ്മിക്കിനു വേണ്ടി ഉപയോഗിക്കുന്നതെന്ന വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.
മണിപ്പൂരിൽ അക്രമം തടയാനാകാത്ത മോദിയാണ് യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതെന്ന പരിഹാസവും ഉയരുന്നുണ്ട്. ഈ വിഷയങ്ങളെല്ലാം ഉയർത്തി മോദി വിഡിയോയെ പൊളിച്ചടുക്കുന്ന പെൺകുട്ടിയുടെ വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. 'പ്രോപഗണ്ട പാപ്പ'യാണ് തകർന്നടിയുന്നതെന്ന് പറഞ്ഞ് വിഡിയോ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എക്‌സിൽ പങ്കുവച്ചിട്ടുണ്ട്.
Summary: 'War Rukwa Di Papa' viral girl devastated, not stepping out of house, after widespread memes and trolls on BJP election campaign video, claims X user known to her