ഓട്ടോറിക്ഷ ആശുപത്രിയുടെ അഞ്ചാം നിലയില്‍; ദുരൂഹത

എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ആശുപത്രി ജീവനക്കാര്‍ പറയുന്നത്. റാംപ് വഴി ഓട്ടോറിക്ഷ മുകളിലേക്ക് കയറുകയും താഴേക്ക് ഇറങ്ങുകയും ചെയ്യുന്നത് ആരും അറിഞ്ഞില്ലെന്നാണ് ഇവര്‍ പറയുന്നത്.

Update: 2021-07-18 12:39 GMT
Advertising

ആശുപത്രിയുടെ അഞ്ചാം നിലയില്‍ ഓട്ടോറിക്ഷ എത്തിയ സംഭവത്തില്‍ ദുരൂഹത. മധ്യപ്രദേശിലെ ചിന്ദ്വാരയിലെ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലേക്കുള്ള സാധനങ്ങളുമായെത്തിയ ഓട്ടോറിക്ഷയാണ് അഞ്ചാമത്തെ നിലയിലെത്തിയതായി കണ്ടെത്തിയത്. രോഗികളെ കൊണ്ടുപോവാനുള്ള റാംപിലൂടെയാണ് ഓട്ടോറിക്ഷ മുകളിലെത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

റാംപ് വഴിയാണ് ഓട്ടോറിക്ഷ മുകളിലെത്തിയതെന്ന് ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. എന്നാല്‍ ഇത് വിശ്വസിക്കാന്‍ ഇതുവരെ ആശുപത്രി ജീവനക്കാര്‍ തയ്യാറാകുന്നില്ല. ആശുപത്രിയിലേക്കുള്ള സാധനങ്ങളുമായാണ് ഓട്ടോറിക്ഷ താഴത്തെ നിലയില്‍ എത്തിയത്. എന്നാല്‍ ഇത് ഇറക്കാന്‍ ആശുപത്രി ജീവനക്കാര്‍ തയ്യാറായില്ല. സുരക്ഷാ ജീവനക്കാരോട് പല തവണ പറഞ്ഞെങ്കിലും അവര്‍ കേള്‍ക്കാന്‍ തയ്യാറായില്ലെന്ന് ഡ്രൈവര്‍ പറയുന്നു. ആരും തന്നെ ശ്രദ്ധിക്കാതായതോടെ ദേഷ്യം വന്ന താന്‍ റാംപ് വഴി ഓട്ടോറിക്ഷ മുകളിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നുവെന്നും ഇയാള്‍ പറയുന്നു.

എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ആശുപത്രി ജീവനക്കാര്‍ പറയുന്നത്. റാംപ് വഴി ഓട്ടോറിക്ഷ മുകളിലേക്ക് കയറുകയും താഴേക്ക് ഇറങ്ങുകയും ചെയ്യുന്നത് ആരും അറിഞ്ഞില്ലെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഓട്ടോറിക്ഷ മുകളിലേക്ക് കയറിയപ്പോള്‍ റാംപില്‍ ഉണ്ടായിരുന്ന രോഗികളുടെ കൂട്ടിരിപ്പുകാര്‍ നിലവിളിച്ചുകൊണ്ട് ഓടി മാറിയതായി ഓട്ടോറിക്ഷ ഡ്രൈവര്‍ വെളിപ്പെടുത്തുന്നു.

സംഭത്തില്‍ ആശുപത്രി അധികൃതരും പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഈ സംഭവം നടന്നതെന്നാണ് കൃത്യമായി കണ്ടെത്താനായിട്ടില്ല.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News