ടിപ്പു സുൽത്താനെക്കുറിച്ച് ഞങ്ങൾക്ക് അറിയാം; ബിജെപി ചരിത്രം പഠിപ്പിക്കേണ്ട-ശിവസേന
''രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുൻപ് കർണാടകയിൽ പോയി ടിപ്പു സുൽത്താനെ ചരിത്രപോരാളിയായും സ്വാതന്ത്ര്യ സമരസേനാനിയായും വാഴ്ത്തിയിട്ടുണ്ട്. ബിജെപി രാഷ്ട്രപതിയോടും രാജി ആവശ്യപ്പെടുമോ?'' ശിവസേന നേതാവ് സഞ്ജയ് റാവത്ത് ചോദിച്ചു
മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താന്റെ പേര് കായിക സമുച്ചയത്തിനു നൽകാനുള്ള നീക്കത്തിനെതിരായ ബിജെപി പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ശിവസേന. ടിപ്പുവിനെക്കുരിച്ച് തങ്ങൾക്ക് അറിയാമെന്നും ബിജെപി ചരിത്രം പഠിപ്പിക്കേണ്ടെന്നും സേന നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചു. ടിപ്പുവിനെ സ്വതന്ത്ര്യ സമരസേനാനിയായി വാഴ്ത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് രാജിവയ്ക്കാൻ ബിജെപി ആവശ്യപ്പെടുമോയെന്നും റാവത്ത് ചോദിച്ചു.
ബിജെപിയുടെ വിചാരം അവർക്കു മാത്രമേ ചരിത്രജ്ഞാനമുള്ളതെന്നാണ്. എല്ലാവരും കുത്തിയിരുന്ന് പുതിയ ചരിത്രമെഴുതുകയാണ്. ഈ ചരിത്രകാരന്മാരെല്ലാം ചരിത്രം മാറ്റാനിരിക്കുകയാണ്. ടിപ്പു സുൽത്താനെക്കുറിച്ച് ഞങ്ങൾക്ക് അറിയാം. ബിജെപിയിൽനിന്ന് പഠിച്ചിട്ടു വേണ്ട-സഞ്ജയ് റാവത്ത്് വ്യക്തമാക്കി.
''രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുൻപ് കർണാടകയിൽ പോയി ടിപ്പു സുൽത്താനെ ചരിത്രപോരാളിയായും സ്വാതന്ത്ര്യ സമരസേനാനിയായും വാഴ്ത്തിയിട്ടുണ്ട്. ഇങ്ങനെയാണെങ്കിൽ, നിങ്ങൾ രാഷ്ട്രപതിയോടും രാജി ആവശ്യപ്പെടുമോ? ബിജെപി അതു വ്യക്തമാക്കണം. ഇത് നാടകമാണ്''-സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. പുതിയ ചരിത്രം എഴുതാനുള്ള ശ്രമം വേണ്ട. നിങ്ങൾക്ക് ഡൽഹിയിലെ ചരിത്രം തിരുത്താൻ നോക്കാം. പക്ഷെ, അതിൽ വിജയിക്കാനാകില്ലെന്നും റാവത്ത് കൂട്ടിച്ചേർത്തു.
മുംബൈയിലെ മാൽവാനിയിൽ നവീകരിച്ച സ്‌പോർട്‌സ് കോംപ്ലക്‌സിനാണ് ടിപ്പു സുൽത്താന്റെ പേരുനൽകാൻ നീക്കം നടത്തുന്നെന്ന് ചൂണ്ടിക്കാട്ടി ബിജെപിയുടെയും ബജ്രങ്ദൾ അടക്കമുള്ള സംഘ്പരിവാർ സംഘടനകളുടെയും നേതൃത്വത്തിൽ കടുത്ത പ്രതിഷേധം നടക്കുന്നത്. മഹാരാഷ്ട്ര മന്ത്രിയായ അസ്‌ലം ശൈഖാണ് കഴിഞ്ഞ ദിവസം കായിക സമുച്ചയം ഉദ്ഘാടനം ചെയ്തത്.
Summary: We know about Tipu Sultan, don't need to learn from BJP, Says Shiv Sena's Sanjay Raut following protests by BJP and Bajrang Dal over the Maharashtra government's move to rename a sports complex in Mumbai after 18th Century Mysore ruler