ക്രൈസ്തവ മതകേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം തുടരും; പരസ്യവെല്ലുവിളിയുമായി ഉഡുപ്പിയില്‍ ദേവാലയം ആക്രമിച്ച ഹിന്ദുത്വ സംഘടന

വെള്ളിയാഴ്​ച സ്​ത്രീകളും കുട്ടികളുമടങ്ങുന്ന വിശ്വാസികൾ ​പ്രാർഥന നിർവഹിക്കുന്നതിനിടെ അമ്പതോളം പ്രവർത്തകർ പ്രാർഥന കേന്ദ്രത്തിലേക്ക്​ അതിക്രമിച്ച്​ കടന്ന്​ മർദിക്കുകയും അപമാനിക്കുകയും ചെയ്​തിരുന്നു. ഇതിനുപിന്നാലെയാണ് പരസ്യ വെല്ലുവിളിയുമായി സംഘടന നേതാക്കളും ഔദ്യോഗിക സോഷ്യൽ മീഡിയ പേജും രംഗത്തെത്തിയത്​.

Update: 2021-09-11 05:45 GMT
Advertising

ക്രൈസ്ത മതകേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണം തുടരുമെന്ന് ഉഡുപ്പി കര്‍ക്കളയില്‍ ക്രിസ്ത്യന്‍ ദേവാലയം ആക്രമിച്ച തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദുജാഗരണ വേദികെ(എച്ച്.ജെ.വി). വെള്ളിയാഴ്​ച സ്​ത്രീകളും കുട്ടികളുമടങ്ങുന്ന വിശ്വാസികൾ ​പ്രാർഥന നിർവഹിക്കുന്നതിനിടെ അമ്പതോളം പ്രവർത്തകർ പ്രാർഥന കേന്ദ്രത്തിലേക്ക്​ അതിക്രമിച്ച്​ കടന്ന്​ മർദിക്കുകയും അപമാനിക്കുകയും ചെയ്​തിരുന്നു. ഇതിനുപിന്നാലെയാണ് ദേവാലയങ്ങൾക്ക്​ നേരെ​ ആക്രമണം തുടരുമെന്ന പരസ്യ വെല്ലുവിളിയുമായി സംഘടന നേതാക്കളും ഔദ്യോഗിക സോഷ്യൽ മീഡിയ പേജും രംഗത്തെത്തിയത്​.

'നിരവധി വർഷങ്ങളായി ജില്ലയിൽ മതപരിവർത്തനം നടക്കുന്നു. നൂറുകണക്കിന് ഹിന്ദുക്കളെ ക്രിസ്ത്യൻ മിഷനറിമാർ പരിവർത്തനം ചെയ്തു. ഇവരെ നിലക്കുനിർത്താൻ സർക്കാറും പൊലീസും നടപടിയെടുക്കുന്നില്ലെങ്കിൽ കൂടുതൽ മതകേന്ദ്രങ്ങൾക്ക്​ നേരെ ഞങ്ങൾ ആക്രമണം അഴിച്ചുവിടും. ഏറെക്കാലമായി മതംമാറ്റത്തിനെതിരെ ഹിന്ദു ജാഗരണ വേദികെ പ്രതിഷേധിക്കുന്നു. വിശ്വസനീയമായ വിവരം ലഭിച്ചതിനെ തുടർന്നാണ്​ (കാർക്കളയിലെ) ദേവാലയം ഞങ്ങൾ ആക്രമിച്ചത്​. ഗണേശോത്സവം ആഘോഷിക്കാൻ സർക്കാർ അനുമതി നൽകിയിട്ടില്ല. എന്നാൽ, പ്രാർഥനയുടെ പേരിൽ മതപരിവർത്തനം നടത്താൻ ഇവിടെ അനുമതി ഉണ്ട്. ആളുകളെ മതപരിവർത്തനം ചെയ്യുന്ന ആളുകൾക്ക് കോവിഡ് നിയമങ്ങൾ ബാധകമല്ലേ? നിരവധി മതപരിവർത്തന കേന്ദ്രങ്ങൾ തീരപ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്​. പൊലീസ് ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ഞങ്ങൾ ആക്രമണം തുടരും' -ആക്രമണത്തിന്​ ശേഷം എച്ച്.ജെ.വി നേതാവ് പ്രകാശ് കുക്കെഹള്ളി മാധ്യമങ്ങളോട്​ പറഞ്ഞു.

അക്രമത്തിന്​ പ്രേരിപ്പിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന സമാനസ്വഭാവത്തിലുള്ള കുറിപ്പ്​ സംഘടനയുടെ ഉഡുപ്പി ജില്ല ഘടകത്തിന്റെ ഫെയ്സ്​ബുക്ക്​ പേജിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്​. അക്രമത്തിന്റെ വീഡിയോയും ഫോ​ട്ടോയും ഇവർ തന്നെ പകർത്തി പ്രചരിപ്പിക്കുന്നുണ്ട്​.

Full View

ഉഡുപ്പി ജില്ലയിലെ കർക്കളയിലെ കുക്കുണ്ടൂർ ആനന്ദി മൈതാനത്തെ പ്രഗതി പ്രാർഥനാലയത്തിന്​ നേരെയാണ്​ വെള്ളിയാഴ്​ച അക്രമം നടന്നത്​. 10 വർഷമായി പ്രാർഥന നടക്കുന്ന കേന്ദ്രമാണിത്​. ഇവിടെ സ്ത്രീകളെയും കുട്ടികളെയും ക്രിസ്​തുമതത്തിലേക്ക്​ പരിവർത്തനം ചെയ്യുന്നുവെന്നാണ് ഹിന്ദു ജാഗരണ വേദികെയുടെ ആരോപണം. പോലീസ് സ്ഥലത്തെത്തിയാണ്​ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്​.

അതേസമയം, ഇവിടെ ആരെയും മതം മാറ്റുന്നില്ലെന്നും പ്രാർത്ഥിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ദേവാലയം ഭാരവാഹിയായ ബെനഡിക്ട് പറഞ്ഞു. "മംഗലാപുരം സഭയുടെ കീഴിലാണ്​ ഇത്​ പ്രവർത്തിക്കുന്നത്. ഞങ്ങൾ ആരെയും മതപരിവർത്തനം ചെയ്യാറില്ല. ഹിന്ദു ജാഗരണ വേദികെ പ്രവർത്തകർ ഇന്ന് പ്രാർഥനയ്ക്കിടെ ഇവിടെ അതിക്രമിച്ച്​ കടക്കുകയായിരുന്നു. അവർ വീഡിയോ ചിത്രീകരിച്ചു, സ്ത്രീകളെ അപമാനിച്ചു'' -അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കാർക്കള ടൗൺ സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഇതുവരെ പ്രതികൾക്കെതിരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News