'സിന്ദൂരം അണിയേണ്ടത് സ്ത്രീയുടെ മതപരമായ ബാധ്യത'; ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് ഉടന്‍ മടങ്ങണമെന്ന് കുടുംബ കോടതി
സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ വാദം കോടതി തള്ളി
ഇൻഡോർ: വിവാഹിതയായ സ്ത്രീ സിന്ദൂരം അണിയേണ്ടത് അവളുടെ മതപരമായ ബാധ്യതയാണെന്ന് മധ്യപ്രദേശിലെ ഇൻഡോർ കുടുംബ കോടതി. അഞ്ച് വർഷം മുമ്പ് ഭാര്യ പിണങ്ങിപ്പോയതിനെത്തുടർന്ന് ഹിന്ദു വിവാഹ നിയമപ്രകാരമുള്ള അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് നൽകിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം.
'സ്ത്രീയുടെ മൊഴി കോടതിയിൽ രേഖപ്പെടുത്തിയപ്പോൾ, താൻ 'സിന്ദൂരം' അണിഞ്ഞിട്ടില്ലെന്ന് അവർ സമ്മതിച്ചു, 'സിന്ദൂരം' അണിയേണ്ടത് ഭാര്യയുടെ മതപരമായ കടമയാണ്, അത് വിവാഹം കഴിഞ്ഞ സ്ത്രീയാണെന്ന് സൂചിപ്പിക്കുന്ന അടയാളമാണെന്നും ഇൻഡോർ കുടുംബ കോടതി പ്രിൻസിപ്പൽ ജഡ്ജി എൻ.പി സിങ്ങ് പറഞ്ഞു.സ്ത്രീയോട് ഉടൻ തന്നെ ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങാനും കോടതി ആവശ്യപ്പെട്ടു. യുവതിയെ ഭർത്താവ് ഉപേക്ഷിച്ചിട്ടില്ലെന്നും അവളാണ് ഭർത്താവിനെ ഉപേക്ഷിച്ച് വിവാഹമോചനം തേടിയതെന്നും കോടതി ഉത്തരവിൽ പറയുന്നു.
സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നാണ് യുവതിയുടെ വാദം.എന്നാൽ യുവതി തന്റെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതികളൊന്നും നൽകിയിട്ടില്ലെന്ന് കണ്ടെത്തിയതായും കോടതി പറഞ്ഞു. യുവതിയുടെ വാദം കോടതി തള്ളുകയും ഉടൻ ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. 2017ൽ വിവാഹിതരായ ഇരുവർക്കും അഞ്ച് വയസ്സുള്ള ഒരു മകനുണ്ട്.