'ഇത്രയൊക്കെ എനിക്ക് നേടാനായെങ്കിൽ ആർക്കും നേടാം'; മനസ്സു തുറന്ന് നരേന്ദ്രമോദി

"രാഷ്ട്രീയത്തോട് വിദൂര ബന്ധം പോലുമുണ്ടായിരുന്നില്ല. സാഹചര്യങ്ങളും ചില സുഹൃത്തുക്കളുടെ നിർബന്ധവുമാണ് രാഷ്ട്രീയത്തിലെത്തിച്ചത്."

Update: 2021-10-07 14:10 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: രാഷ്ട്രീയത്തോട് വൈമുഖ്യമുണ്ടായിരുന്നെന്നും തന്റെ ജീവിത ചുറ്റുപാടുകൾ മറ്റൊന്നായിരുന്നെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. സുഹൃത്തുക്കളുടെ നിർബന്ധത്താലാണ് രാഷ്ട്രീയത്തിൽ ചേർന്നതെന്നും മോദി പറഞ്ഞു. ഔദ്യോഗിക പദവിയിൽ 20 വർഷം തികയുന്ന വേളയിൽ ഫോർച്യൂൺ ഇന്ത്യ മാഗസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പിആർ രമേശ് നടത്തിയ അഭിമുഖത്തിൽ സ്വകാര്യ ജീവിതം അടക്കം വിവിധ വിഷയങ്ങളിൽ മോദി മനസ്സു തുറന്നു. പ്രസക്തഭാഗങ്ങൾ;

* രാഷ്ട്രീയത്തിൽ ചേരാൻ വിമുഖതയുണ്ടായിരുന്നു. എന്റെ ചുറ്റുപാടുകളും തത്വശാസ്ത്രവും ഭിന്നമായിരുന്നു. യുവാവായിരുന്ന കാലത്ത് ആത്മീയ വഴിയിലായിരുന്നു ഞാൻ. ജൻ സേവ ഹി പ്രഭു സേവ എന്ന രാമകൃഷ്ണ പരമഹംസന്റെ വാക്കുകളും സ്വാമി വിവേകാനന്ദനുമാണ് എന്നെ പ്രചോദിപ്പിച്ചത്. അവർ എനിക്കുള്ളിലെ ചാലക ശക്തിയായി.

* രാഷ്ട്രീയത്തോട് വിദൂര ബന്ധം പോലുമുണ്ടായിരുന്നില്ല. സാഹചര്യങ്ങളും ചില സുഹൃത്തുക്കളുടെ നിർബന്ധവുമാണ് രാഷ്ട്രീയത്തിലെത്തിച്ചത്. 20 വർഷം മുമ്പ്, രാജ്യം കണ്ട ഏറ്റവും വലിയ ഭൂകമ്പത്തിന് ശേഷമാണ് ഗുജറാത്തിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുന്നത്. ഞാൻ ചെയ്യുന്ന കാര്യങ്ങൾ തന്നെയാണ് ഞാൻ.

* മറ്റുള്ളവരുടെ കണ്ണിൽ പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നതൊക്കെ വലിയ കാര്യമായിരിക്കാം. എനിക്കിത് ജനങ്ങളെ സേവിക്കാനുള്ള വഴി മാത്രമാണ്. മാനസികമായി ഞാൻ അധികാരത്തിന്റെയും ഗ്ലാമറിന്റെയും ലോകത്തു നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നു. അതു കൊണ്ടു തന്നെ എനിക്ക് സാധാരണക്കാരനെ പോലെ ചിന്തിക്കാൻ കഴിയുന്നു.

* എനിക്കുള്ളതു പോലുള്ള കഴിവുകൾ 130 കോടി ഇന്ത്യക്കാർക്കുമുണ്ട്. എനിക്ക് നേടാൻ കഴിഞ്ഞത് മറ്റാർക്കും നേടാം. എനിക്ക് കഴിഞ്ഞെങ്കിൽ മറ്റാർക്കും അതിനാകും.

* വിമർശനത്തിന് ഞാൻ പ്രധാന്യം കൽപ്പിക്കുന്നു, ആത്മാർത്ഥമായി പറയട്ടെ വിമർശകരെ ഒരുപാട് ഇഷ്ടപ്പെടുന്നു. എന്നാൽ വിമർശകർ കുറവാണ്. എല്ലാവരും ആരോപണങ്ങൾ ഉന്നയിക്കുകയാണ് ചെയ്യുന്നത്. ചിലപ്പോൾ ഞാൻ വിമർശകരെ മിസ് ചെയ്യുന്നു പോലുമുണ്ട്. വിമർശനം നമ്മെ കഠിനാധ്വാനം ചെയ്യാനും ഗവേഷണം ചെയ്യാനും പ്രേരിപ്പിക്കുന്നു. 


* അടുത്ത തവണ അധികാരത്തിലെത്താനാണ് സർക്കാറുകൾ ജോലി ചെയ്തു കൊണ്ടിരുന്നത്. ഇതുവരെ അങ്ങനെയായിരുന്നു. എന്റെ മൗലികമായ ചിന്ത വ്യത്യസ്തമാണ്. രാഷ്ട്രം നിർമിക്കാനാണ് ഭരണം നടത്തേണ്ടത് എന്നാണ് ഞാൻ ചിന്തിക്കുന്നത്. പാർട്ടിയല്ല വിജയിക്കേണ്ടത്, രാഷ്ട്രമാണ്. ഏതു തീരുമാനവും രാജ്യത്തെ ദരിദ്രർക്ക് ഗുണമുണ്ടാകണം എന്ന ഗാന്ധിജിയുടെ ആശയമാണ് എന്റേത്. അതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ തീരുമാനമെടുക്കുന്നത്. തീരുമാനങ്ങളിൽ നിക്ഷിപ്ത താത്പര്യങ്ങൾ ഉണ്ടാകാറില്ല. ഇന്ത്യ പോലുള്ളൊരു വലിയ രാജ്യത്ത് നൂറു ശതമാനം പേർക്കും അംഗീകരിക്കാൻ കഴിയുന്ന ഒരു തീരുമാനം എടുക്കാനാകുമോ? 

* ഞാനൊരു രാജകുടുംബത്തിൽ നിന്നല്ല വരുന്നത്. ദാരിദ്ര്യം അനുഭവിച്ചിട്ടുണ്ട്. 30-35 വർഷം സാമൂഹ്യപ്രവർത്തകനായിരുന്നു. അധികാര ഇടനാഴികളെ തന്നെ ഭയമായിരുന്നു. ജനങ്ങൾക്കിടയിൽ ജീവിച്ചതു കൊണ്ട് എന്താണ് അവരുടെ പ്രശ്‌നങ്ങളും പ്രതീക്ഷകളുമെന്ന് അറിയാം. സാധാരണക്കാരുടെ പ്രശ്‌നങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് എന്റെ തീരുമാനങ്ങൾ. നേരത്തെ ടോയ്‌ലറ്റുകൾ ജനങ്ങളെ സേവിക്കാനുള്ള ഉപാധിയായി ആരും കണ്ടിരുന്നില്ല. എന്നാൽ അത് ജനസേവനമാണ് എന്ന് എനിക്കു തോന്നി.

*സാധാരണക്കാർ തന്നെയാണ് ഡിജിറ്റൽ വിപ്ലവം സാധ്യമാക്കിയത്. സമൂസ വിൽക്കുന്നവരും റോഡരികിൽ ചായ വിൽക്കുന്നവരും സ്ത്രീകളും പണം സ്വീകരിക്കുന്നതിനായി സുരക്ഷിത മാർഗങ്ങൾ കണ്ടെത്തിയിരിക്കുന്നു.

* രാജ്യത്ത് രൂപീകരിക്കപ്പെട്ട സർക്കാറുകളെല്ലാം കോൺഗ്രസ് ഗോത്രത്തിന്റെ നേതൃത്വത്തിലായിരുന്നു. അതു കൊണ്ടു തന്നെ സർക്കാറുകളുടെ രാഷ്ട്രീയ ചിന്തയും സാമ്പത്തിക ചിന്തയും തമ്മിൽ വ്യത്യാസമുണ്ടായിരുന്നില്ല. അടൽജിക്ക് (വാജ്‌പേയി) ഒരവസരം കിട്ടിയെങ്കിലും കേവലഭൂരിപക്ഷമുണ്ടായിരുന്നില്ല. അതൊരു കൂട്ടുകക്ഷി സർക്കാറായിരുന്നു. സമ്പൂർണ പരിവർത്തനത്തിന് വേണ്ടിയാണ് ജനം ഞങ്ങൾക്കു വോട്ടു ചെയ്തത്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News