എന്താണ് ഫോം 17സി? തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിടാൻ വിസമ്മതിക്കുന്നതെന്തു കൊണ്ട്?
വോട്ടിങ്ങിന്‍റെ പൂർണ വിവരങ്ങൾ പ്രസിദ്ധീകരിച്ചാൽ എന്താണ് പ്രശ്‌നമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് നേരത്തെ ചോദിച്ചിരുന്നു
ന്യൂഡൽഹി: ബൂത്ത് തല വോട്ടിങ് കണക്കുകൾ കൃത്യമായി രേഖപ്പെടുത്തുന്ന 17സി ഫോമുകൾ പരസ്യപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമ്മിഷന് നിർദേശം നൽകണമെന്ന ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ചിരിക്കുകയാണ് സുപ്രിംകോടതി. തെരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ ഇക്കാര്യത്തിൽ മാത്രമായി ഇടപെടുന്നില്ലെന്നും കോടതിയുടെ പരിഗണനയിലുള്ള റിട്ട് ഹർജികൾക്കൊപ്പം ഈ വിഷയവും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര എന്നിവടരങ്ങുന്ന ഡിവിഷൻ ബഞ്ചിന്റേതാണ് വിധി. 17സി ഫോമുകൾ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സന്നദ്ധ സംഘടനയായ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) ആണ് സുപ്രിംകോടതിയെ സമീപിച്ചിരുന്നത്.
എന്താണ് ഫോം 17സി
1961ലെ കണ്ടക്ട് ഓഫ് ഇലക്ഷൻ റൂൾസ് പ്രകാരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് രേഖകളാണ് കമ്മിഷൻ സൂക്ഷിക്കേണ്ടത്. ഒന്ന് ബൂത്തിലെ ആകെ വോട്ടർമാരുടെ എണ്ണം, വോട്ടേഴ്‌സ് രജിസ്റ്ററിൽ പേരുള്ളവർ, വോട്ട് രേഖപ്പെടുത്തുന്നില്ലെന്ന് തീരുമാനിച്ച വോട്ടർമാർ, വോട്ട് രേഖപ്പെടുത്താൻ അനുവദിക്കാത്ത വോട്ടർമാർ, വോട്ടിങ് മെഷീന്റെ തിരിച്ചറിയൽ നമ്പർ, കൺട്രോൾ യൂണിറ്റ്, ബാലറ്റിങ് യൂണിറ്റ്, വിവിപാറ്റ് തുടങ്ങിയ സമഗ്രമായ വിവരങ്ങൾ ഉൾപ്പെട്ട ഫോം 17 എ.
രണ്ടാമത്തേത് ഫോം 17 സി. എത്ര സ്ഥാനാർത്ഥികൾ, അവർക്ക് കിട്ടിയ വോട്ടുകൾ എന്നിവ രേഖപ്പെടുത്തുന്നതാണിത്. കണ്ടക്ട് ഓഫ് ഇലക്ഷൻ നിയമത്തിലെ 49എസ്, 56സി ചട്ടപ്രകാരം പ്രിസൈഡിങ് ഓഫീസർ 17സി ഫോമുകളുടെ പകർപ്പ് ആവശ്യപ്പെട്ടാല്‍ രാഷ്ട്രീയപ്പാർട്ടികളുടെ പോളിങ് ഏജന്റുമാർക്ക് നൽകണം. ഇതിന്‍റെ ഒറിജിനല്‍ സ്ട്രോങ് റൂമിലാണ് സൂക്ഷിക്കുക.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം
ഫോം 17സി വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യുന്നത് രേഖകൾ മോർഫ് ചെയ്യാൻ കാരണമാകും, അത് തെരഞ്ഞെടുപ്പ് നടപടിക്രമത്തിന്റെ വിശ്വാസ്യതയെ ബാധിക്കും എന്നാണ് കമ്മിഷൻ പറയുന്നത്.
'ഫോം 17സി പൂർണമായി പ്രസിദ്ധീകരിക്കുന്നത് തെരഞ്ഞെടുപ്പ് ഇടത്തെ മലിനമാക്കാൻ സാധ്യതയുണ്ട്. ഒറിജിനൽ 17സി ഫോമുകൾ സ്‌ട്രോങ് റൂമിൽ മാത്രമേ ലഭ്യമാകൂ. ഒപ്പുവയ്ക്കുന്ന പോളിങ് ഏജന്റുമാർക്ക് ഇവയുടെ പകർപ്പ് നൽകും. ഫോം വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യുന്നത് മൂലം വിവരങ്ങൾ മോർഫ് ചെയ്യപ്പെടാം. അതുമൂലം തെരഞ്ഞെടുപ്പ് സംവിധാനത്തിൽ പൊതുജനത്തിന് വിശ്വാസ്യത ഇല്ലാതാകാം' - സുപ്രിം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കമ്മിഷൻ പറയുന്നു.
ഭരണഘടയുടെ 329 (ബി) പ്രകാരം തെരഞ്ഞെടുപ്പ് നടപടികൾക്കിടെ കോടതി ഇടപെടലുകൾ ഉണ്ടാകാൻ പാടില്ലെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് സുഗമമായി നടത്തിക്കൊണ്ടു പോകുക എന്ന ഉദ്ദേശ്യമാണ് ഈ വകുപ്പിനുള്ളതെന്നും കമ്മിഷൻ പറയുന്നു. സ്ഥാനാർത്ഥികൾ, അവരുടെ ഏജന്റുകൾ എന്നിവർക്കു മാത്രമേ 17സി ഫോമുകൾ നൽകേണ്ടതുള്ളൂ എന്നാണ് കമ്മിഷന്‍റെ വാദം. എന്നാൽ പൂർണ വിവരങ്ങൾ പ്രസിദ്ധീകരിച്ചാൽ എന്താണ് പ്രശ്‌നമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് നേരത്തെ ചോദിച്ചിരുന്നു.
രാഷ്ട്രീയവിവാദം
വോട്ടെടുപ്പ് കഴിഞ്ഞ ശേഷം തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിടുന്ന കണക്കും ദിവസങ്ങൾക്ക് ശേഷം കമ്മിഷൻ തന്നെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്ന കണക്കും തമ്മിൽ വലിയ അന്തരം ഉണ്ടായതോടെയാണ് വിവാദങ്ങൾ ഉടലെടുത്തത്. ഫോം 17സി പ്രസിദ്ധീകരിക്കാൻ കമ്മിഷൻ വിമുഖത കാണിക്കുന്നത് ദുരൂഹമാണെന്നും പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നു.
വോട്ടെടുപ്പിന്റെ അന്തിമ കണക്കുകൾ പ്രസിദ്ധീകരിക്കാൻ 10-11 ദിവസത്തിന്റെ കാലതാമസമാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ എടുക്കുന്നത്. 1.7 കോടി വോട്ടിന്റെ വ്യത്യാസമാണ് ഇരുകണക്കുകളും തമ്മിലുണ്ടായത്. ഇത് അപ്രതീക്ഷിതമാണ്. നഷ്ടപ്പെട്ട ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളെ കുറിച്ചുള്ള ഉത്തരം കിട്ടാത്ത ചോദ്യങ്ങളും ആകുലപ്പെടുത്തുന്നതാണ്- കോൺഗ്രസ് നേതാവ് പവൻ ഖേര പറയുന്നു. നാലു ഘട്ടം കഴിഞ്ഞിട്ടും തന്റെ മണ്ഡലത്തിലെ സമ്പൂർണ വിവരങ്ങൾ ഇതുവരെ പ്രസിദ്ധീകരിച്ചില്ലെന്ന് കൃഷ്ണനഗർ മണ്ഡലത്തിലെ തൃണമൂൽ സ്ഥാനാർത്ഥി മഹുവ മൊയ്ത്രയും ആരോപിച്ചിരുന്നു.