പറഞ്ഞത് 100 ശതമാനം സത്യം; അന്ന് സർക്കാറുണ്ടാക്കിയത് പവാറിന്റെ സമ്മതത്തോടെ: ഫഡ്‌നാവിസ്
നിയമസഭാ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന സമയത്താണ് 2019 നവംബർ 23ന് ഫഡ്‌നാവിസ് അപ്രതീക്ഷിതമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
മുംബൈ: 2019ൽ മഹാരാഷ്ട്രയിൽ താൻ സർക്കാർ രൂപീകരിച്ചത് എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിന്റെ സമ്മതത്തോടെയാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് ബി.ജെ.പി നേതാവും നിലവിലെ ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. പറഞ്ഞത് കളവല്ലെന്നും 100 ശതമാനം സത്യമാണെന്നും ഫഡ്‌നാവിസ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന സമയത്താണ് 2019 നവംബർ 23ന് ഫഡ്‌നാവിസ് അപ്രതീക്ഷിതമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എൻ.സി.പി നേതാവും ശരദ് പവാറിന്റെ മരുമകനുമായ അജിത് പവാർ ആയിരുന്നു ഉപമുഖ്യമന്ത്രി. ശിവസേന-കോൺഗ്രസ്-എൻ.സി.പി സഖ്യ ചർച്ച നടക്കുന്നതിനിടെയായിരുന്നു ഈ നീക്കം. മൂന്ന് ദിവസത്തിനകം സർക്കാർ താഴെവീഴുകയും മഹാ വികാസ് അഘാഡി സഖ്യം അധികാരത്തിലേറുകയും ചെയ്തു.
അജിത് പവാറിന്റെ സത്യപ്രതിജ്ഞ പൂർണമായും ശരദ് പവാറിന്റെ അറിവോടെയായിരുന്നുവെന്ന് തിങ്കളാഴ്ച ഫഡ്‌നാവിസ് പറഞ്ഞിരുന്നു. 'സ്ഥിരതയുള്ള സർക്കാരാണ് വേണ്ടതെന്ന് ചൂണ്ടിക്കാട്ടി എൻ.സി.പിയും ബി.ജെ.പിയും ചേർന്ന് സർക്കാർ രൂപീകരിക്കണമെന്ന് അന്ന് ആവശ്യമുയർന്നു. ആ നീക്കവുമായി മുന്നോട്ടു പോകാനും ചർച്ച നടത്താനും തീരുമാനമായി. ശരദ് പവാറുമായും ഇതുമായി ബന്ധപ്പെട്ട് ചർച്ച നടന്നു. പിന്നീട് സാഹചര്യം മാറി. തുടർന്ന് സംഭവിച്ചത് എല്ലാവർക്കും അറിയാം'-ഇതായിരുന്നു ഫഡ്‌നാവിസ് പറഞ്ഞത്.
ഫഡ്‌നാവിസിന്റെ വെളിപ്പെടുത്തലിനെതിരെ രൂക്ഷമായ ഭാഷയിലാണ് ശരദ് പവാർ പ്രതികരിച്ചത്. ഫഡ്‌നാവിസ് സംസ്‌കാരമുള്ള, മാന്യനായ വ്യക്തിയാണെന്നാണ് ഇതുവരെ കരുതിയിരുന്നതെന്നും ഇത്തരത്തിൽ കള്ളം പറയുമെന്ന് ഒരിക്കലും കരുതിയില്ലെന്നുമാണ് പവാർ പറഞ്ഞത്. ഈ സാഹചര്യത്തിലാണ് താൻ പറഞ്ഞത് 100 ശതമാനം ശരിയാണെന്ന വാദവുമായി ഫഡ്‌നാവിസ് വീണ്ടും രംഗത്തെത്തിയത്.