എമ്പുരാൻ കാത്തുവെച്ച സർപ്രൈസ് എന്ത്?; അരൺമനൈയുടെ നാലാം ഭാഗമെത്തുന്നു; അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്സ്
ബി.ജെ.പി എം.പി മനേക ഗാന്ധിക്കെതിരെ നടപടിയുമായി ഇന്റർനാഷനൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നസ്
ഖുറേഷിയുടെ മോതിരം; എമ്പുരാൻ കാത്തുവെച്ച സർപ്രൈസ് എന്ത്?
പ്രഖ്യാപനം മുതൽക്കേ ഏറെ പ്രക്ഷകശ്രദ്ധ നേടിയ ചിത്രമാണ് എമ്പുരാൻ. മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമെന്നതാണ് അതിന് പ്രധാനകാരണം. എമ്പുരാനുമായി ബന്ധപ്പെട്ട പുതിയ വാർത്തയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.
നാളെ വൈകിട്ട് അഞ്ച് മണിക്ക് ഒരു പ്രധാന അപ്ഡേറ്റ് എത്തുമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇതിനായി ഇറക്കിയിട്ടുള്ള പോസ്റ്റര്‍ സിനിമാപ്രേമികളില്‍ കൌതുകം ഉണ്ടാക്കിയിട്ടുണ്ട്. ലൂസിഫറില്‍ മോഹന്‍ലാലിന്‍റെ എബ്രഹാം ഖുറേഷി ധരിച്ചിരുന്ന മോതിരത്തിന്റെ ചിത്രവും നിലത്ത് വീണ രക്തത്തിന്‍റെ പാട് പോലെ രണ്ടെന്ന അക്കത്തിന്‍റെ സൂചനയുമാണ് പോസ്റ്ററില്‍ ഉള്ളത്. ലൂസിഫര്‍ ഇറങ്ങിയ സമയത്ത് ഒട്ടേറെ ഫാന്‍ തിയറികള്‍ക്ക് വഴിതുറന്ന ഒന്നായിരുന്നു ഈ മോതിരം.
അതേസമയം സിനിമയുടെ ചിത്രീകരണം ഒക്ടോബര്‍ ആദ്യവാരം ദില്ലി, സിംല എന്നിവിടങ്ങളിലായി ആരംഭിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളില്‍ ചിലര്‍ അറിയിച്ചിരിക്കുന്നത്. ലഡാക്കും ഒരു പ്രധാന ലൊക്കേഷന്‍ ആണ്.
വീരപ്പൻ വേട്ടയ്ക്കിടെ ഗോത്ര സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; മുഴുവൻ പ്രതികളും കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി
വീരപ്പൻ വേട്ടയ്ക്കിടെ ദൗത്യസംഘം ഗോത്ര സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മുഴുവൻ പ്രതികളും കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി. ഐ.എഫ്.എസുകാരുൾപ്പടെയുള്ള 215 പ്രതികൾ നൽകിയ അപ്പീൽ ഹൈകോടതി തള്ളി. ഇരകൾക്ക് നഷ്ടപരിഹാരവും സർക്കാർ ജോലിയും നൽകാൻ ഉത്തരവിടുകയും ചെയ്തു.
വീരപ്പനെ തേടി ധർമ്മപുരി ജില്ലയിലെ വചാതിയിലെത്തിയ ദൗത്യസംഘം ഗ്രാമം വളഞ്ഞാണ് അതിക്രമം നടത്തിയത്. വീരപ്പനെ സഹായിക്കുന്നുവെന്നാരോപിച്ച് ഗോത്ര കുടിലുകൾ തകർത്ത സംഘം യുവതികളെ ഫോറസ്റ്റ് ഓഫീസിലേക്ക് പിടിച്ചു കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. 18 യുവതികൾ പീഡനത്തിനിരയായി. നാല് ഐ.എഫ്.എസ് ഉദ്യോഗസ്ഥരുൾപ്പെട്ട അതിക്രമത്തിനെതിരെ സി.പി.എം നൽകിയ പൊതുതാത്പര്യ ഹർജി ജയലളിത സർക്കാർ എതിർത്തിരുന്നു.
സി.ബി.ഐ അന്വേഷിച്ച കേസിൽ 2011ൽ പ്രത്യേക കോടതി ദൗത്യസംഘത്തിലെ 215 ഉദ്യോഗസ്ഥർ പ്രതികളാണെന്ന് വിധിച്ചു. ഇതിനെതിരെ പ്രതികൾ നലകിയ അപ്പീലാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. ബലാത്സംഗം ചെയ്ത 17 ഉദ്യോഗസ്ഥർ ഇരകൾക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. പീഡനത്തിനിരയായവർക്ക് ജോലിയും 5 ലക്ഷം രൂപയും സംസ്ഥാന സർക്കാർ നഷ്ടപരിഹാരമായി നൽകണമെന്നാണ് കോടതി ഉത്തരവിൽ പറയുന്നത്. പ്രതികളിൽ 54 പേർ വിചാരണക്കാലയളവിൽ മരണപ്പെട്ടിട്ടുണ്ട്.
അരൺമനൈയുടെ നാലാം ഭാഗമെത്തുന്നു
തമിഴ് സിനിമയിലെ ജനപ്രിയ ഹൊറർ-കോമഡി ഫ്രാഞ്ചൈസികളിലൊന്നായ അരൺമനൈ നാലാം ഭാഗമെത്തുന്നു. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
അരൺമനൈയുടെ ആദ്യ രണ്ട് ഭാഗങ്ങളും പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് നേടിയത്. എന്നാൽ 2021 ൽ പുറത്തിറങ്ങിയ മൂന്നാം ഭാഗം പ്രേക്ഷക പ്രതീക്ഷകൾ നിറവേറ്റിയിരുന്നില്ല. ഇപ്പോഴിതാ, സംവിധായകൻ സുന്ദർ സിയും സംഘവും വീണ്ടും അരമനൈയുമായി എത്തുകയാണ്.
തമന്ന ഭാട്ടിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് എഴുതിയത് ഇങ്ങനെയാണ് "ഇതാ ഏറെ കാത്തിരിക്കുന്ന അരൺമനൈ4 ന്റെ തകർപ്പൻ ഫസ്റ്റ് ലുക്ക്. കാത്തിരിക്കു, 2024 പൊങ്കലിൽ കാണാം!" ഒരു ജീർണിച്ച വീടിന് അഭിമുഖമായി നിൽക്കുന്ന ഒരു അമ്മയെയും അവളുടെ രണ്ട് മക്കളെയുമാണ് പോസ്റ്ററിൽ കാണം. ഭയപ്പെടുത്തുന്ന രീതിയിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.
ആന്‍റണി ഈസ് ബാക്ക്
ബ്രസീൽ താരം ആന്റണിയെ തിരിച്ചെടുത്ത് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. താരം നിലവിൽ പരിശീലനത്തിനിറങ്ങിയിട്ടുണ്ട്. ഇതോടെ ആന്‍റണിക്ക് ടീമിൽ കളിക്കാനാകുമെന്നും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അറിയിച്ചു. ആന്‍റണി അന്വേഷണവുമായി സഹകരിക്കുന്നതിനാലാണ് മാഞ്ചസ്റ്റര്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.
താരത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കാമുകി രംഗത്തുവന്നതിന് പിന്നാലെ ബ്രസീൽ ഫുട്‌ബോൾ കോൺഫെഡറേഷൻ(സി.ബി.എഫ്) ആന്‍റണിയെ ദേശീയ ടീമിൽനിന്നു പുറത്താക്കിയിരുന്നു. ഇരയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണു താരത്തെ ദേശീയ ടീമിൽനിന്നു പുറത്താക്കാൻ തീരുമാനിച്ചതെന്ന് അന്ന് സി.ബി.എഫ് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോള്‍ താരത്തെ വീണ്ടും ടീമിലേക്ക് തിരിച്ചെടുത്തിയിരിക്കുകയാണ്. ഇതോടെ
2022നും 2023നും ഇടയിൽ നിരവധി തവണ ആന്റണി തന്നെ ക്രൂരമായി മർദിച്ചെന്നായിരുന്നു കാമുകിയുടെ വെളിപ്പെടുത്തൽ. ഗർഭിണിയായിരിക്കെ ഉൾപ്പെടെ മർദനമുണ്ടായി. ഗ്ലാസുകൊണ്ട് വിരൽ മുറിക്കുകയും തലയ്ക്കും മാറിടത്തിനും പരിക്കേൽപ്പിക്കുകയും ചെയ്തതായെല്ലാം ആരോപണമുണ്ട്.
'പശുക്കളെ കശാപ്പുകാർക്കു വിൽക്കുന്ന വഞ്ചകർ'; മനേക ഗാന്ധിക്ക് 100 കോടിയുടെ മാനനഷ്ട നോട്ടിസ് അയച്ച് ഇസ്‌കോൺ
ബി.ജെ.പി എം.പി മനേക ഗാന്ധിക്കെതിരെ നടപടിയുമായി ഇന്റർനാഷനൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നസ്(ഇസ്‌കോൺ). പശുക്കളെ കശാപ്പുകാർക്കു വിൽക്കുന്നുവെന്നും കൊടുംവഞ്ചകരാണെന്നും നേരത്തെ ഇസ്‌കോണിനെതിരെ മനേക ആരോപണമുന്നയിച്ചിരുന്നു. ഇതിനെതിരെയാണു കൃഷ്ണഭക്തരുടെ സംഘടനയായ ഇസ്‌കോൺ രംഗത്തെത്തിയത്.
സംഘടനയ്‌ക്കെതിരെ ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചതിന് മനേകയ്‌ക്കെതിരെ നൂറു കോടി രൂപയുടെ മാനനഷ്ട നോട്ടിസ് നൽകിയതായി ഇസ്‌കോൺ കൊൽക്കത്ത വൈസ് പ്രസിഡന്റ് രാധാരാമൻ ദാസ് അറിയിച്ചു. ഈ അപകീർത്തികരമായ ആരോപണങ്ങൾ ലോകത്തെങ്ങുമുള്ള ഇസ്‌കോൺ ഭക്തരെയും സഹകാരികളെയും അഭ്യുദയകാംക്ഷികളെയുമെല്ലാം ആഴത്തിൽ വേദനിപ്പിച്ചിട്ടുണ്ട്. ഇസ്‌കോണിനെതിരായ വ്യാജ പ്രചാരണങ്ങളിൽ നീതി ലഭിക്കാനായി ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
രാജ്യത്തെ ഏറ്റവും വലിയ വഞ്ചകരാണ് ഇസ്‌കോൺ എന്നാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്ന വിഡിയോയിൽ മനേക ഗാന്ധി കുറ്റപ്പെടുത്തിയത്. തങ്ങളുടെ തൊഴുത്തിലുള്ള പശുക്കളെ കശാപ്പുകാർക്ക് വിൽക്കുന്നവരാണു സംഘടനയെന്നും അവർ ആരോപിച്ചു.
അടുത്തിടെ ആന്ധ്രപ്രദേശിലെ ഇസ്‌കോൺ ഗോശാലയിൽ നടത്തിയ സന്ദർശിച്ചപ്പോൾ അവിടെയുള്ള ഒറ്റ പശുവും നല്ല ആരോഗ്യത്തിലല്ല ഉള്ളത്. ഒറ്റ പശുക്കിടാങ്ങളും അവിടെയുണ്ടായിരുന്നില്ല. എല്ലാം വിറ്റൊഴിവാക്കിയിരിക്കുകയാണെന്നും മനേക ആരോപിച്ചിരുന്നു.
ആരോപണങ്ങൾ നേരത്തെ ഇസ്‌കോൺ ശക്തമായി തള്ളിക്കളഞ്ഞിരുന്നു. മനേക ഉന്നയിച്ചത് വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളാണ്. ഇന്ത്യയിൽ മാത്രമല്ല, ലോകത്തെങ്ങും പശുസംരക്ഷണത്തിന്റെ മുൻനിരയിലുള്ള സംഘടനയാണ് ഇസ്‌കോൺ എന്നും ദേശീയവക്താവ് യുദിഷ്ടിർ ഗോവിന്ദദാസ് പ്രതികരിച്ചു.
എംപിയായിട്ടെന്തു ചെയ്തു? ജയ് ശ്രീരാം, വന്ദേമാതരം എന്ന് ഉത്തരം നല്‍കി പ്രജ്ഞ ഠാക്കൂർ
പാർലമെന്റ് അംഗമായി മണ്ഡലത്തിൽ എന്തു വികസനം കൊണ്ടുവന്നു എന്ന ചോദ്യത്തിന് വന്ദേമാതരം, ജയ് ശ്രീരാം എന്നിങ്ങനെ ഉത്തരം നൽകി ഭോപ്പാൽ എംപിയും തീവ്രഹിന്ദു നേതാവുമായ പ്രജ്ഞ സിങ് ഠാക്കൂർ. ആജ് തക് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പ്രജ്ഞയുടെ പ്രതികരണം.
ആജ് തക് മാധ്യമപ്രവർത്തക ശ്വേത സിങ്ങുമായി നടത്തിയ സംവാദത്തിലാണ് പ്രജ്ഞ വികസന കാര്യങ്ങളെ കുറിച്ച് പറയാതെ ഒഴിഞ്ഞുമാറിയത്. 'ഭോപ്പാൽ മണ്ഡലത്തിലെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടിട്ട് അഞ്ചു വർഷമാകുന്നു. മണ്ഡലത്തിൽ എന്തെല്ലാം കാര്യങ്ങളാണ് ചെയ്തത്' എന്നായിരുന്നു ശ്വേത സിങ്ങിന്റെ ചോദ്യം.
'ജയ് ശ്രീരാം, വന്ദേമാതരം, ഭാരത് മാതാ കീ ജയ്, ഞാൻ ചെയ്ത കാര്യങ്ങളെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു വേണ്ടി ചെയ്തിട്ടുണ്ട്. കേന്ദ്ര നേതൃത്വം ഭോപ്പാലിൽ കാര്യങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നു. ഭോപ്പാലിന് പ്രധാനമന്ത്രി നൽകിയതിന്റെ പിന്തുണക്കാരിയാണ് ഞാൻ.'- എന്നായിരുന്നു അവരുടെ ഉത്തരം.
ഗാന്ധി ഘാതകൻ നാഥുറാം ഗോഡ്‌സെ ദേശസ്‌നേഹിയാണെന്നും പ്രജ്ഞ ആവര്‍ത്തിച്ചു. ഗോഡ്‌സെ ഒരു ഹിന്ദു തീവ്രവാദിയാണ് എങ്കിൽ അയാൾ എന്തിന് ഗാന്ധിയെ കൊല്ലണം എന്നാണ് അവർ ചോദിച്ചത്. നേരത്തെ, സമാനമായ പ്രതികരണത്തിൽ 2019ൽ അവർ മാപ്പു പറഞ്ഞിരുന്നു.