അതിലെന്താണ് തെറ്റ്? രജനീകാന്ത് യോഗിയുടെ കാല്‍തൊട്ടുവണങ്ങിയ സംഭവത്തില്‍ ബി.ജെ.പി

രജനീകാന്ത് യോഗിയോട് ആദരവ് കാട്ടിയതാണെന്ന് തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍ കെ.അണ്ണാമലൈ പറഞ്ഞു

Update: 2023-08-23 05:17 GMT
Editor : Jaisy Thomas | By : Web Desk

രജനീകാന്ത്/അണ്ണാമലൈ

Advertising

ചെന്നൈ: നടന്‍ രജനീകാന്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കാല്‍ തൊട്ടുവണങ്ങിയ സംഭവത്തില്‍ താരത്തെ ന്യായീകരിച്ച് തമിഴ്നാട് ബി.ജെ.പി. രജനീകാന്ത് യോഗിയോട് ആദരവ് കാട്ടിയതാണെന്ന് തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍ കെ.അണ്ണാമലൈ പറഞ്ഞു.

"യോഗി ജി ഗോരഖ്പൂർ മഠത്തിന്‍റെ തലവനാണ്. ഉത്തർപ്രദേശിലെ ആളുകൾ അദ്ദേഹത്തെ 'മഹാരാജ്' എന്ന് വിളിക്കുന്നു. അപ്പോൾ, രജനീകാന്ത് കാലിൽ വീണാൽ, അതിൽ എന്താണ് കുഴപ്പം? ഇതിനർത്ഥം ഒരാൾ മറ്റൊരാളേക്കാൾ താഴ്ന്നവനല്ല. അത് മാത്രമാണ്. യോഗി ജിയെയും അദ്ദേഹത്തിന്റെ ആത്മീയതയെയും രജനികാന്ത് ബഹുമാനിക്കുന്നുവെന്നും യോഗിയോട് തന്‍റെ സ്നേഹവും വാത്സല്യവും മാത്രമാണ് അദ്ദേഹം കാണിച്ചിട്ടുള്ളതെന്നും'' അണ്ണാമലൈ പറഞ്ഞു.ജോലിയില്ലാത്ത ചില രാഷ്ട്രീയ പാർട്ടികളും അവരുടെ നേതാക്കളും എല്ലാത്തിനെയും വിമർശിക്കാൻ തുടങ്ങിയാൽ അവസാനമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡി.എം.കെ മന്ത്രിയായ അൻബിൽ മഹേഷിൽ നിന്ന് 20 രൂപ കൈപ്പറ്റാൻ ഒരാള്‍ കാലിൽ വീണ സംഭവവും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തമിഴ്‌നാട്ടിലെ മന്ത്രിമാർ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ കാൽക്കൽ വീഴുകയാണെന്നും അണ്ണാമലൈ പറഞ്ഞു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ കാലിൽ മന്ത്രിമാർ വീഴുന്ന കാഴ്ചയാണ് നമ്മൾ അടുത്തിടെ കണ്ടത്. അതുപോലെ ഉദയനിധി സ്റ്റാലിനേക്കാൾ സീനിയറായ ഒരു എം.എൽ.എ നിയമസഭയിൽ അദ്ദേഹത്തെ വണങ്ങി. രജനികാന്തിനെ വിമർശിക്കുന്നവർ എന്തുകൊണ്ട് ഇതൊന്നും മിണ്ടുന്നില്ല?" അദ്ദേഹം ചോദിച്ചു.യോഗി ആദിത്യനാഥിനെ കണ്ടതിന് ശേഷം സമാജ്‌വാദി പാർട്ടിയുടെ അഖിലേഷ് യാദവുമായും രജനികാന്ത് കൂടിക്കാഴ്ച നടത്തിയതായും അണ്ണാമലൈ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പാർട്ടി നേതാക്കളുമായി രജനികാന്തിന് ഊഷ്മളമായ ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുപി മുഖ്യമന്ത്രിയുമായുള്ള രജനീകാന്തിന്‍റെ കൂടിക്കാഴ്ചയെ കുറിച്ച് പ്രതികരിക്കവെ 'പൂച്ച പുറത്തായി' എന്ന വിടുതലൈ ചിരുതൈകൾ കച്ചി (വിസികെ) തലവൻ തിരുമാവളവന്‍റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അണ്ണാമലൈ. രജനീകാന്ത് യോഗിയുടെ കാല്‍ തൊട്ടുവണങ്ങിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. തന്നെക്കാള്‍ പ്രായം കുറഞ്ഞ ആളുടെ പാദം തൊട്ടു വന്ദിച്ച് ശരിയായില്ലെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ സന്യാസിമാരുടെ കാല്‍ തൊട്ടുവണങ്ങുന്നത് തന്‍റെ ശീലമാണെന്നായിരുന്നു രജനിയുടെ പ്രതികരണം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News