കോണ്‍ഗ്രസ് മുക്തഭാരതമെന്ന് മോദി പറയുമ്പോള്‍ അതിനര്‍ഥം കോൺഗ്രസുകാരെ കൊല്ലണമെന്നാണോ? സനാതന പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ഉദയനിധി സ്റ്റാലിന്‍
സനാതന ധര്‍മ്മം ഡെങ്കിയും മലേറിയയും പോലെയാണെന്നും എതിര്‍ക്കുകയല്ല, തുടച്ചുനീക്കുകയാണ് വേണ്ടതെന്നുമാണ് ഉദയനിധി പറഞ്ഞത്
ചെന്നൈ: സനാതന ധർമ്മത്തെക്കുറിച്ചുള്ള തന്‍റെ പരാമർശങ്ങൾ ബി.ജെ.പി വളച്ചൊടിക്കുകയാണെന്നും തന്‍റെ വാക്കുകളിൽ ഉറച്ചുനിൽക്കുകയാണെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍.തനിക്കെതിരെയുള്ള ഏത് നിയമനടപടിയും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സനാതന ധര്‍മ്മം ഡെങ്കിയും മലേറിയയും പോലെയാണെന്നും എതിര്‍ക്കുകയല്ല, തുടച്ചുനീക്കുകയാണ് വേണ്ടതെന്നുമാണ് ഉദയനിധി പറഞ്ഞത്.
''ഞാനിത് വീണ്ടും പറയുന്നു. വംശഹത്യക്ക് ആഹ്വാനം ചെയ്തുവെന്ന് പറഞ്ഞ് ബാലിശമായി പെരുമാറുന്നവരുണ്ട്, മറ്റുള്ളവർ ദ്രാവിഡത്തെ ഇല്ലാതാക്കണമെന്ന് പറയുന്നു. അതിനർത്ഥം ഡിഎംകെക്കാരെ കൊല്ലണമെന്നാണോ? 'കോൺഗ്രസ് മുക്ത് ഭാരത്' എന്ന് പ്രധാനമന്ത്രി മോദി പറയുമ്പോൾ അതിനർത്ഥം കോൺഗ്രസുകാരെ കൊല്ലണമെന്നാണോ? എന്താണ് സനാതന? ഒന്നും മാറ്റേണ്ടതില്ലെന്നും എല്ലാം ശാശ്വതമാണെന്നുമാണ് അതിനർത്ഥം'' ഉദയനിധി പറഞ്ഞു. എന്നാൽ ദ്രാവിഡ മോഡൽ മാറ്റത്തിന് ആഹ്വാനം ചെയ്യുന്നു, എല്ലാവരും തുല്യരായിരിക്കണം. ബി.ജെ.പി എന്‍റെ പ്രസ്താവന വളച്ചൊടിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണ്.അത് അവരുടെ പതിവ് ജോലിയാണ്. അവർ എനിക്കെതിരെ എന്ത് കേസ് നൽകിയാലും നേരിടാൻ ഞാൻ തയ്യാറാണ്. ബി.ജെ.പിക്ക് ഇന്‍ഡ്യ ബ്ലോക്കിനെ പേടിയാണ്, ശ്രദ്ധ തിരിക്കാനാണ് അവർ ഇതെല്ലാം പറയുന്നത്. ഒരു കുലം, ഒരു ദൈവം എന്നതാണ് ഡിഎംകെയുടെ നയം.'' ഉദയനിധി കൂട്ടിച്ചേര്‍ത്തു.
ഉദയനിധിയുടെ പ്രസ്താവനക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സുപ്രിംകോടതി അഭിഭാഷകൻ വിനീത് ജിൻഡാലിന്റെ പരാതിയിൽ ഡൽഹി പൊലീസാണ് കേസെടുത്തത്. ഉദയനിധി സ്റ്റാലിൻ മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ ആവശ്യപ്പെട്ടിരുന്നു.