'കോൺഗ്രസിന് വോട്ട്, തിരഞ്ഞെടുക്കുന്നതോ ഭാവി ബിജെപി എംഎൽഎയെ'; പരിഹസിച്ച് രാഘവ് ഛദ്ദ
ഗോവ മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത് അടക്കം എട്ട് കോൺഗ്രസ് എംഎൽഎമാരാണ് ബിജെപിയിൽ ചേർന്നത്
Update: 2022-09-14 11:42 GMT
ന്യൂഡൽഹി: കോൺഗ്രസിനെതിരെ പരിഹാസവുമായി ആം ആദ്മി പാർട്ടിയുടെ രാജ്യസഭാംഗം രാഘവ് ഛദ്ദ. ഗോവയിൽ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് കൂറുമാറിയതിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു ഛദ്ദയുടെ പ്രതികരണം.
'ഓപ്പറേഷൻ താമര ഡൽഹിയിലും പഞ്ചാബിലും പരാജയപ്പെട്ടു, എന്നാൽ ഗോവയിൽ വിജയിച്ചിരിക്കുന്നു! എന്താണ് കാരണം? എന്തെന്നാൽ നിങ്ങൾ കോൺഗ്രസിന് വോട്ടുചെയ്യുമ്പോൾ തിരഞ്ഞെടുക്കുന്നത് ഭാവി ബിജെപി എംഎൽഎയെ ആയിരിക്കും. കോൺഗ്രസ് അവസാനിച്ചു, ആർഐപി'; ഛദ്ദ ട്വിറ്ററിൽ കുറിച്ചു.
മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത് അടക്കം എട്ട് കോൺഗ്രസ് എംഎൽഎമാരാണ് ഇന്ന് ബിജെപിയിൽ ചേർന്നത്. കാമത്തിനു പുറമേ പ്രതിപക്ഷ നേതാവ് മൈക്കൽ ലോബോ, ദെലീല ലോബോ, രാജേഷ് ഫാൽദേശായി, കേദാർ നായിക്, സങ്കൽപ് അമോങ്കർ, അലക്‌സോ സെക്വീര, റുഡോൾഫ് ഫെർണാണ്ടസ് എന്നിവരാണ് പാർട്ടി വിട്ടത്.