ഇന്ത്യയിലെ വാക്‌സിൻ വിതരണം എവിടെയെത്തി?

ഇന്ത്യയിലെ വാക്‌സിൻ ഉൽപാദനവും വിതരണവും എവിടെയെത്തി? കണക്കുകൾ പരിശോധിക്കാം

Update: 2021-08-08 16:47 GMT
Editor : Shaheer | By : Web Desk
Advertising

യുഎസ് മരുന്നു നിർമാതാക്കളായ ജോൺസൻ ആൻഡ് ജോൺസന്റെ കോവിഡ് വാക്‌സിനായ ജാൻസെന്റെ ഒറ്റ ഡോസ് ഇന്ത്യയില്‍ ഉപയോഗിക്കാൻ കഴിഞ്ഞ ദിവസമാണ് കേന്ദ്രം അനുമതി നൽകിയത്. അടിയന്തര ഉപയോഗത്തിനുള്ള അനുമതിയാണിത്. ഇതോടെ രാജ്യത്ത് അനുമതി ലഭിച്ച കോവിഡ് വാക്‌സിനുകളുടെ എണ്ണം അഞ്ചായി. കോവിഷീൽഡ്, കോവാക്‌സിൻ, സ്പുട്‌നിക് V, മൊഡേണ എന്നിവയ്ക്കാണ് ഇതിനുമുൻപ് ഉപയോഗാനുമതി ലഭിച്ചിട്ടുള്ളത്.

50.62 കോടി ഡോസ് വാക്സിന്‍

രാജ്യത്ത് ഇതുവരെ നൽകിയത് ആകെ 50.62 കോടി ഡോസ് വാക്‌സിനാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് അറിയിച്ചത്. ശനിയാഴ്ച മാത്രം 50 ലക്ഷം ഡോസ് വിതരണം ചെയ്തു. ഇതിൽ 36,88,660 പേർക്ക് ആദ്യ ഡോസും 13,11,172 പേർക്ക് രണ്ടാം ഡോസും നല്‍കി.

രാജ്യത്ത് വാക്‌സിനേഷൻ പദ്ധതി ആരംഭിച്ചിട്ട് 204 ദിവസങ്ങൾ പിന്നിട്ടു. വാക്‌സിനേഷൻ പദ്ധതിയുടെ മൂന്നാംഘട്ടം ആരംഭിച്ച ശേഷം എല്ലാ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്ര ഭരണപ്രദേശങ്ങളിൽനിന്നുമായി 18നും 44നും ഇടയിൽ പ്രായമുള്ള 17,54,73,103 പേർക്ക് ആദ്യ ഡോസ് ലഭിച്ചു. 1,18,08,368 പേർക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി.

എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കുമായി 52.37 കോടി ഡോസ് വാക്‌സിൻ നൽകിക്കഴിഞ്ഞു. 8,99,260 ഡോസ് കൂടി വിതരണത്തിനായി എത്തിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇനിയും ഉപയോഗിക്കാത്ത 2.42 കോടി ഡോസ് വാക്‌സിനുകൾ വിവിധ ആശുപത്രികളിലായി ബാക്കിയുണ്ടെന്നും മന്ത്രാലയം പറയുന്നു.

ഓരോ വാക്‌സിനുകളുടെയും കണക്ക് പരിശോധിക്കാം:

കോവിഷീൽഡ്

കഴിഞ്ഞ ജനുവരി 16 മുതൽ ഈ മാസം അഞ്ചുവരെയായി ആസ്ട്രാസെനെക്കയുടെ 44.42 കോടി ഡോസ് കോവിഷീൽഡ് വാക്‌സിനുകളാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് വഴി ദേശീയ വാക്‌സിനേഷൻ പരിപാടിക്കായി എത്തിച്ചത്.

ആരോഗ്യ മന്ത്രി ഭാരതി പ്രവീൺ പവാർ ദേശീയ മാധ്യമമായ 'ന്യൂസ് 18'നെ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം. കോവിഷീൽഡിന്റെ പ്രതിമാസ വാക്‌സിൻ ഉൽപാദനം ആഗസ്റ്റ് ആറുമുതൽ 11 കോടി ഡോസിൽനിന്ന് 12 കോടി ഡോസാക്കി ഉയർത്തിയിട്ടുമുണ്ട്.

കോവാക്‌സിൻ

6.82 കോടി ഡോസ് കോവാക്‌സിനാണ് ജനുവരി 16 മുതൽ ഈ മാസം അഞ്ചുവരെയായി ഭാരത് ബയോടെക്ക് വിതരണം ചെയ്തത്. അധികം വൈകാതെ 2.5 കോടി ഡോസിൽനിന്ന് 5.8 കോടി ഡോസ് ആക്കി പ്രതിമാസ വാക്‌സിൻ ഉൽപാദനം കൂട്ടാനും പദ്ധതിയുണ്ട്.

സ്പുട്‌നിക് V

ഹൈദരാബാദ് കേന്ദ്രമായുള്ള മരുന്നു കമ്പനിയായ ഡോ. റെഡ്ഡീസ് വഴിയാണ് റഷ്യയിൽനിന്നുള്ള സ്പുട്‌നിക് V വാക്‌സിനുകൾ ഇന്ത്യയിലെത്തുന്നത്. സ്പുട്‌നിക്കിന്റെ 25 കോടി മരുന്നുകുപ്പികളാണ് ഇതിനകം രാജ്യത്തെത്തിയത്. 2.5 കോടി ഡോസ് സ്പുട്‌നിക് വാക്‌സിനുകൾ കൂടി ഉൽപാദിപ്പിക്കാൻ ധാരണയായതായും റിപ്പോർട്ടുണ്ട്.

മൊഡേണ

ജൂൺ 29നാണ് മുംബൈ കേന്ദ്രമായുള്ള മരുന്നു നിർമാതാക്കളായ സിപ്ലയ്ക്ക് അമേരിക്കയില്‍നിന്ന് മൊഡേണ വാക്‌സിൻ ഇറക്കുമതി ചെയ്യാൻ കേന്ദ്രം അനുമതി നൽകിയത്. അടിയന്തര ഉപയോഗത്തിനുള്ള അനുമതിയാണ് മൊഡേണയ്ക്ക് ലഭിച്ചിട്ടുള്ളത്.

ജാൻസെൻ

ജോൺസൻ ആൻഡ് ജോൺസന്റെ ജാൻസെൻ വാക്‌സിന് അടിയന്തര ഉപയോഗത്തിനാണ് കേന്ദ്രം അനുമതി നൽകിയത്. ആദ്യ ഘട്ടമായി ഒരു മാസം അഞ്ചുകോടി ഡോസ് വാക്‌സിൻ എത്തിക്കുമെന്നാണ് കരുതപ്പെടുന്നത്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News