'ആരാ ഈ ഷാരൂഖ് ഖാൻ, അയാളെ എനിക്കറിയില്ല'; അസം മുഖ്യമന്ത്രി
'ക്രമാസമാധാനം തകർന്നാലോ കേസെടുക്കുകയോ ചെയ്താൽ അപ്പോൾ നടപടിയെടുക്കാം'- മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഗുവാഹത്തി: ആരാണ് ഈ ഷാരൂഖ് ഖാനെന്നും അയാളെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ. പഠാൻ സിനിമയെ കുറിച്ചും തനിക്കൊന്നുമറിയില്ലെന്നും ഗുവാഹത്തിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ബി.ജെ.പി നേതാവ് കൂടിയായ മുഖ്യമന്ത്രി പറഞ്ഞു.
പഠാൻ സിനിമ പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്ന നരേംഗിയിലെ തിയേറ്ററിനുള്ളിൽ ബജ്രംഗ്ദൾ പ്രവർത്തകർ ഇരച്ചെത്തുകയും പോസ്റ്ററുകൾ വലിച്ചുകീറുകയും കത്തിക്കുകയും ചെയ്തതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 'പ്രശ്നവുമായി ബന്ധപ്പെട്ട് ബോളിവുഡിൽ നിന്ന് പലരും വിളിച്ചെങ്കിലും ഷാരൂഖ് ഖാൻ എന്നെ വിളിച്ചിട്ടില്ല. പക്ഷേ അയാൾ എന്നെ വിളിച്ചാൽ ഇക്കാര്യം നോക്കാം'- ഹിമാന്ത ബിശ്വ പറഞ്ഞു.
'ക്രമാസമാധാനം തകർന്നാലോ കേസെടുക്കുകയോ ചെയ്താൽ അപ്പോൾ നടപടിയെടുക്കാം'- മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അന്തരിച്ച നിപോൺ ഗോസ്വാമിയുടെ ആദ്യ സംവിധാന സംരംഭമായ 'ഡോ ബെസ്ബറുവ- രണ്ടാം ഭാഗം' എന്ന അസമീസ് ചിത്രം ഉടൻ പുറത്തിറങ്ങുമെന്നും എല്ലാവരും കാണണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ചിത്രത്തിലെ ഒരു ഗാനത്തിൽ ദീപിക പദുക്കോൺ കാവി ബിക്കിനിയിൽ എത്തിയതാണ് സംഘ്പരിവാർ സംഘടനകളെ പ്രകോപിപ്പിച്ചത്. സിനിമ നിരോധിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ഉൾപ്പെടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ചിത്രത്തിനെതിരെ വൻ പ്രതിഷേധവുമായി രംഗത്തെത്തിയ ഹിന്ദുത്വ സംഘടനകൾ വിവിധയിടങ്ങളിൽ പൊലീസിൽ പരാതി നൽകുകയും കേസെടുക്കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെ ചിത്രത്തിൽ ചില തിരുത്തലുകൾ വരുത്തണമെന്ന് നിർദേശിച്ച സെൻസർ ബോർഡ‍്, 10 മാറ്റങ്ങൾ മുന്നോട്ടുവച്ചെങ്കിലും കാവി ബിക്കിനി നിലനിർത്തിയിരുന്നു. ഷാരൂഖ് ഖാനെ ജീവനോടെ കത്തിക്കുമെന്ന് ഭീഷണിയുമായി അയോധ്യയിലെ വിവാദ സന്യാസി മഹന്ത് പരമഹംസും രംഗത്തെത്തിയിരുന്നു. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 25നാണ് തിയേറ്ററുകളിലെത്തുക.