ആരാകും മഹാരാഷ്ട്ര മുഖ്യമന്ത്രി? സസ്പെൻസ് തുടരുന്നു; ഷിൻഡെയുടെ തീരുമാനത്തിനായി കാത്തിരിപ്പ്
മുഖ്യമന്ത്രിയുടെ പേര് ഇതുവരെ ബിജെപിക്ക് പ്രഖ്യാപിക്കാൻ സാധിച്ചിട്ടില്ല
മുംബൈ: മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിലെ തർക്കം തുടരുന്നു. ആരാകും അടുത്ത മുഖ്യമന്ത്രി എന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല. താൽക്കാലിക മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെ സത്താറ ജില്ലയിലെ സ്വന്തം ഗ്രാമത്തിലാണുള്ളത്. ഇവിടെ എത്തിയ അദ്ദേഹം പനി ബാധിച്ച് ചികിത്സയിലാണ്. ഞായറാഴ്ച വൈകുന്നേരത്തോടെ മുംബൈയിൽ മടങ്ങിയെത്തുമെന്നാണ് വിവരം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതൃത്വവും എന്ത് തീരുമാനിച്ചാലും അത് അംഗീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ഏക്നാഥ് ഷിൻഡെ പറഞ്ഞിരുന്നു. ഇതോടെ ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്നായിരുന്നു റിപ്പോർട്ട്. പക്ഷെ, ഇതുവരെയും ബിജെപിക്ക് മുഖ്യമന്ത്രി ആരാണെന്ന് പ്രഖ്യാപിക്കാനായിട്ടില്ല.
അതേസമയം, ഡിസംബർ അഞ്ചിന് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്ന് ശനിയാഴ്ച ബിജെപി സംസ്ഥാന പ്രസിഡൻറ് ചന്ദ്രശേഖർ ഭവൻകുലെ പ്രഖ്യാപിക്കുകയുണ്ടായി.
ഷിൻഡെ ഞായറാഴ്ച വളെര പ്രധാനപ്പെട്ട തീരുമാനമെടുക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് ഷിർസാത് പറഞ്ഞു. മന്ത്രിമാരെക്കുറിച്ചുള്ള വിവരങ്ങൾ തിങ്കളാഴ്ചത്തോട് കൂടി വ്യക്തമാകും. ചിന്തിക്കാൻ സമയം വേണമെന്ന് തോന്നുേമ്പാഴെല്ലാം ഷിൻഡെ സ്വന്തം ഗ്രാമത്തിലേക്ക് പോകാറുണ്ട്. ഞായറാഴ്ച വൈകുന്നേരത്തോടെ അദ്ദേഹം നിർണായക തീരുമാനമെടുക്കും. അതൊരു രാഷ്ട്രീയ തീരുമാനമായിരിക്കും. തിങ്കളാഴ്ചയോടെ എല്ലാം വ്യക്തമാകുമെന്നും സഞ്ജയ് ഷിർസാത് പറഞ്ഞു.
ബിജെപിയിൽനിന്നാകും അടുത്ത മുഖ്യമന്ത്രിയെന്ന് എൻസിപി നേതാവ് അജിത് പവാറും വ്യക്തമാക്കി. മഹായുതി സഖ്യത്തിൽനിന്ന് രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം വലിയ വിജയം നേടിയിട്ടും മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള തർക്കം കാരണം സർക്കാർ രൂപീകരണം നീണ്ടുപോവുകയാണ്.