ഏകസിവിൽ കോഡ്, പള്ളി തകർക്കൽ... ന്യൂനപക്ഷ വിരുദ്ധതയുമായി സംസ്ഥാന സർക്കാർ; ഉത്തരാഖണ്ഡിൽ ലോക്‌സഭാ വിജയം ആർക്ക്?

ഏറെ തീവ്രമായ ന്യൂനപക്ഷ വിരുദ്ധതയും ഹിന്ദുത്വ നിലപാടുകളും സ്വീകരിക്കുന്ന ഭരണകൂടമാണ് പുഷ്‌കർ സിങ് ധാമിയുടെ നേതൃത്വത്തിലുള്ള ഉത്തരാഖണ്ഡ് സർക്കാർ

Update: 2024-03-30 15:42 GMT
Advertising

ഹിമാലയത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഉത്തരാഖണ്ഡിൽ ലോക്സഭാ തെരഞ്ഞെടുപ്പ് ചൂട് അതിതീവ്രമാണ്. ഏകസിവിൽ കോഡ് പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനമായ ഉത്തരാഖണ്ഡിൽ ഭരണകൂടത്തിന്റെ പിന്തുണയോടെ ന്യൂനപക്ഷ വിരുദ്ധ നീക്കങ്ങൾ നടക്കുന്നതിനിടെയാണ് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പെത്തുന്നത്. സംസ്ഥാനത്ത് അഞ്ച് ലോകസഭാ മണ്ഡലങ്ങളാണുള്ളത്. ഒറ്റ ഘട്ടമായി ഏപ്രിൽ 19നാണ് ഈ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുക.

മണ്ഡലങ്ങൾ:

തെഹ്‌രി ഗർവാൾ, ഗർവാൾ, അൽമോറ(എസ്.സി), നൈനിറ്റാൾ-ഉദ്ദം സിംഗ് നഗർ, ഹരിദ്വാർ എന്നിവയാണ് ഉത്തരാഖണ്ഡിലെ ലോക്‌സഭാ മണ്ഡലങ്ങൾ. അൽമോറയിൽ ബിജെപി അജയ് താംതയെയും കോൺഗ്രസ് പ്രതീപ് താംതയെയുമാണ് സ്ഥാനാർഥികളാക്കിയിരിക്കുന്നത്. ഗാർവാളിൽ ഗണേഷ് ഗോഡിയാൽ കോൺഗ്രസിനായും അനിൽ ബലൂനി ബിജെപിക്കായും പോരിനിറങ്ങും. ഹരിദ്വാറിൽ ത്രിവേന്ദ്ര സിംഗ് റാവത്താണ് ബിജെപി സ്ഥാനാർഥി. പ്രിയ റോയ് ചൗധരി കോൺഗ്രസിനായി പോരാടും. നൈനിറ്റാൾ ഉദ്ദംസിംഗ് നഗറിൽ അജയ് ഭട്ടും(ബിജെപി) മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ മകൻ വീരേന്ദ്രർ റാവത്തും (കോൺഗ്രസ്) ഏറ്റുമുട്ടും. തെഹ്‌രി ഗർവാളിൽ മാല രാജ്യലക്ഷ്മി ഷായും (ബിജെപി) ജോത് സിംഗ് ഗുണ്ട്‌സോല(കോൺഗ്രസ്)യുമാണ് മത്സരിക്കുക.

2019ലെ സീറ്റ് നില

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തരാഖണ്ഡിലെ അഞ്ച് മണ്ഡലത്തിലും ബിജെപിയാണ് വിജയിച്ചത്. ഹരീഷ് റാവത്തടക്കമുള്ള പ്രധാന കോൺഗ്രസ് നേതാക്കളെ തോൽപ്പിച്ചായിരുന്നു ഈ വിജയം. തെഹ്‌രി ഗർവാളിൽ മാല രാജ്യലക്ഷ്മി ഷാ, ഗർവാളിൽ തിരത്ത് സിംഗ് റാവത്ത്, അൽമോറയിൽ അജയ് താംത, നൈനിറ്റാൾ ഉദ്ദംസിംഗ് നഗറിൽ അജയ് ഭട്ട്, ഹരിദ്വാറിൽ രമേഷ് പൊഖ്രിയാൽ നിഷാങ്ക് എന്നിവരാണ് ജയിച്ചത്. ഇവരിൽ അജയ് ഭട്ട്, മാല രാജ്യ ലക്ഷ്മി ഷാ, അജയ് താംത എന്നിവർ ഇക്കുറിയും മത്സര രംഗത്തുണ്ട്.

സംസ്ഥാന സർക്കാറിന്റെ ന്യൂനപക്ഷ വിരുദ്ധതയും ഹിന്ദുത്വ നിലപാടുകളും

ഏറെ തീവ്രമായ ന്യൂനപക്ഷ വിരുദ്ധതയും ഹിന്ദുത്വ നിലപാടുകളും സ്വീകരിക്കുന്ന ഭരണകൂടമാണ് പുഷ്‌കർ സിങ് ധാമിയുടെ നേതൃത്വത്തിലുള്ള ഉത്തരാഖണ്ഡ് സർക്കാർ. സംസ്ഥാനത്തെ മുൻ തെരഞ്ഞെടുപ്പുകളിൽ ബിജെപിയും കോൺഗ്രസും ഒരു പോലെ പോരാടുന്നതാണ് പതിവ്. എന്നാൽ ധാമി സർക്കാറിന്റെ നടപടികളും ഹിന്ദുത്വ സംഘടനകളുടെ പ്രവർത്തനവും സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ കടുത്ത വേർതിരിവ് സൃഷ്ടിക്കുകയാണ്. ഹൽദ്വാനി മസ്ജിദ്-മദ്‌റസ തകർക്കൽ, മുസ്‌ലിം വ്യാപാരികളെ ബഹിഷ്‌കരിക്കൽ തുടങ്ങിയ നിരവധി സംഭവങ്ങളാണ് ഈ തരത്തിൽ സംസ്ഥാനത്ത് നടന്നത്. കേന്ദ്രസർക്കാർ ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുന്നതിന് മുമ്പേ ഉത്തരാഖണ്ഡ് നിയമസഭ കോഡ് പാസാക്കി. ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകുകയും ചെയ്തു. കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് ബില്ല് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി നിയമസഭയിൽ അവതരിപ്പിച്ചത്.

ഭൂമി കയ്യേറ്റം ആരോപിച്ചാണ് ഹൽദ്വാനിലെ ബൻഭൂൽപുരയിൽ മുനിസിപ്പൽ കോർപ്പറേഷൻ, മസ്ജിദ് -മദ്രസ കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചത്. തുടർന്നുണ്ടായ സംഘർഷങ്ങളിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള കെട്ടിടം പൊളിച്ചതിൽ പ്രതിഷേധിച്ച നിരവധി പ്രദേശവാസികളെ സർക്കാർ കേസെടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്തു. വിദ്വേഷ പ്രചാരണ കേസുകളിൽ ഉത്തരഖണ്ഡ് ആറാം സ്ഥാനത്താണുള്ളത്. 41 കേസുകളാണ് 2023ൽ മാത്രം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെട്ടതെന്ന് വാഷിംഗ്ടൺ ഡിസി ആസ്ഥാനമായുള്ള ഗവേഷക സംഘം ഇന്ത്യ ഹേറ്റ് ലാബ് റിപ്പോർട്ടിൽ പറയുന്നു. ദേവഭൂമിയെന്ന് വിളിക്കപ്പെടുന്ന ഉത്തരാഖണ്ഡിലെ നിർഭാഗ്യകരമായ മാറ്റങ്ങളാണ് ഈ കണക്ക് വ്യക്തമാക്കുന്നതെന്നാണ് സാമൂഹിക പ്രവർത്തകനും സിപിഐ നേതാവുമായ സമർ ഭന്ധാരി പറഞ്ഞു.

ഉത്തരാഖണ്ഡും കോൺഗ്രസും

2000 നവംബർ ഒമ്പതിന് രൂപീകരിക്കപ്പെട്ട ഉത്തരാഖണ്ഡിൽ മൂന്ന് കോൺഗ്രസ് മുഖ്യമന്ത്രിമാർ അധികാരമേറ്റിട്ടുണ്ട്. 2002 മുതൽ 2007 വരെ ഭരിച്ച എൻ.ഡി തിവാരിയാണ് സംസ്ഥാനത്തെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി. 2012-14 വിജയ് ബഹുഗുണ, 2014-16, 2016-17 ഹരീഷ് റാവത്ത് എന്നിവർ സംസ്ഥാനം ഭരിച്ചു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റം ബിജെപി 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിലും നിലനിർത്തിയിരുന്നു. 70ൽ 47 സീറ്റുമായി ബിജെപി ആധിപത്യം പുലർത്തി. എന്നാൽ കോൺഗ്രസ് 19 സീറ്റുകളിലേക്ക് നില മെച്ചപ്പെടുത്തി. ബിഎസ്പിക്കും സ്വതന്ത്രർക്കും രണ്ട് സീറ്റുകൾ വീതമുണ്ട്.

മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ കുടുംബം ഉത്തരാഖണ്ഡ് കോൺഗ്രസിൽ പ്രധാനികളാണ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നൈനിറ്റാൾ ഉദ്ദം സിംഗ് നഗറിൽ മൂന്നു ലക്ഷത്തിലേറെ വോട്ടിന് ഹരീഷ് റാവത്ത് തോറ്റിരുന്നു. എന്നാൽ ഹരീഷ് റാവത്തിന്റെ മകൻ വീരേന്ദ്രർ റാവത്ത് ഇക്കുറി ഹരിദ്വാറിൽ മത്സരിക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ മകന് സീറ്റ് കിട്ടാൻ ഹരീഷ് റാവത്ത് ശ്രമിച്ചിരുന്നതായാണ് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.

ഹരീഷിന്റെ ഭാര്യ രേണുക റാവത്ത് 2004ലും 2014ലുമായി അൽമോറ, ഹരിദ്വാർ സീറ്റുകളിൽ മത്സരിച്ചെങ്കിലും തോറ്റിരുന്നു. എന്നാൽ 2022ൽ ഹരിദ്വാർ റൂറൽ നിയമസഭാ സീറ്റിൽ മകൾ അനുപമ വിജയിച്ചു. ബിജെപിയുടെ സിറ്റിംഗ് എംഎൽഎ സ്വാമി യതീശ്വരാന്ദയെയാണ് തോൽപ്പിച്ചത്. പക്ഷേ, അതേ തെരഞ്ഞെടുപ്പിൽ ഹരീഷ് റാവത്ത് ലാൽകുവാൻ സീറ്റിൽ ബിജെപിയുടെ മോഹൻ സിംഗ് ബിഷ്തിനോട് തോറ്റു. ഏതായാലും ഉത്തരാഖണ്ഡിലെ കോൺഗ്രസ് പ്രധാനി ഹരീഷ് റാവത്തിന്റെ മകനടക്കമുള്ളവരുടെ വിജയം സുപ്രധാനമാണ്. രാജ്യത്തെ ലോക്‌സഭ സീറ്റുകളിലെ വിജയം കോൺഗ്രസിനും.

Who will win the Lok Sabha Election in Uttarakhand?

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - ഇജാസ് ബി.പി

Web Journalist, MediaOne

Similar News