മോദിയോട് അമിത് ഷായ്ക്ക് എന്തെങ്കിലും ദേഷ്യമുണ്ടോ? സ്റ്റാലിന്‍
ഭാവിയിൽ തമിഴ്‌നാട്ടിൽ നിന്നുള്ള ആരെങ്കിലും പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പാക്കാൻ കഠിനാധ്വാനം ചെയ്യണമെന്ന് അമിത് ഷാ ഞായറാഴ്ച തമിഴ്‌നാട്ടിലെ ബി.ജെ.പി പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു
ചെന്നൈ: തമിഴ്‌നാട്ടിലെ ഒരാൾ പ്രധാനമന്ത്രിയാകണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തോട് പ്രതികരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. "അദ്ദേഹത്തിന്‍റെ നിർദേശം ഞാൻ സ്വാഗതം ചെയ്യുന്നു. എന്നാൽ മോദിയോട് അദ്ദേഹത്തിന് എന്തെങ്കിലും ദേഷ്യം ഉണ്ടോയെന്ന് എനിക്കറിയില്ല" എന്നായിരുന്നു സ്റ്റാലിന്റെ പ്രതികരണം.
ഭാവിയിൽ തമിഴ്‌നാട്ടിൽ നിന്നുള്ള ആരെങ്കിലും പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പാക്കാൻ കഠിനാധ്വാനം ചെയ്യണമെന്ന് അമിത് ഷാ ഞായറാഴ്ച തമിഴ്‌നാട്ടിലെ ബി.ജെ.പി പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു. ചെന്നൈ കോവിലമ്പാക്കത്ത് നടന്ന പാർട്ടി ഭാരവാഹികളുടെ യോഗത്തിൽ സംസാരിക്കവെയാണ് അമിത് ഷാ ഇങ്ങനെ പറഞ്ഞത്. തമിഴ്‌നാട്ടിൽനിന്നുള്ള രണ്ടു പേർ നേരത്തെ പ്രധാനമന്ത്രി പദത്തിലെത്തേണ്ടതായിരുന്നു. എന്നാൽ ഡി.എം.കെ അതില്ലാതാക്കി. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി കെ കാമരാജും മുതിർന്ന നേതാവ് ജി.കെ മൂപ്പനാരും പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത് ഡി.എം.കെ തടഞ്ഞെന്നാണ് അമിത് ഷാ യോഗത്തില്‍ ആരോപിച്ചത്.
എന്നാല്‍ അമിത് ഷായുടെ ഈ വാദം എം.കെ സ്റ്റാലിന്‍ നിരാകരിച്ചു. പാര്‍ട്ടി യോഗത്തില്‍ അല്ലാതെ പരസ്യമായി ഇക്കാര്യം പറയാന്‍ അമിത് ഷായെ അദ്ദേഹം വെല്ലുവിളിച്ചു. അപ്പോള്‍ ഡി.എം.കെ വിശദമായ വിശദീകരണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു തമിഴനെ പ്രധാനമന്ത്രിയാക്കണമെന്ന് ബി.ജെ.പിക്ക് ആഗ്രഹമുണ്ടെങ്കില്‍ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജനും കേന്ദ്രമന്ത്രി എൽ. മുരുകനുമുണ്ട്, അവർക്ക് പ്രധാനമന്ത്രിയാകാൻ അവസരം ലഭിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നാണ് സ്റ്റാലിന്‍റെ മറുപടി.