വോട്ടെണ്ണലിന് മുമ്പേ വിജയിച്ച് ഒരു ബിജെപി സ്ഥാനാർഥി; കാരണമിതാ...

സ്ഥാനാർഥികളുടെ വിജയമറിയാൻ മണിക്കൂറുകൾ വേണ്ടിവരുമെന്നിരിക്കെ എന്താണ് ഇതിന് കാരണമെന്ന് പലരും കരുതിയിട്ടുണ്ടാവും.

Update: 2024-06-04 03:34 GMT
Advertising

അഹമ്മദാബാദ്: ഏഴ് ഘട്ടമായി നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിച്ചു. 350ന് മുകളിൽ സീറ്റുകളോടെ എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ. എന്നാൽ എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളിയ ഇൻഡ്യ മുന്നണി എൻഡിഎയെ പോലെ പ്രതീക്ഷയിലാണ്. വോട്ടെണ്ണൽ തുടങ്ങുന്നതിന് മുമ്പു തന്നെ മാധ്യമങ്ങളിലെ കണക്കുകളിൽ എൻഡിഎയുടെ പേരിന് താഴെ ഒരു സീറ്റിൽ മുന്നിൽ എന്ന് രേഖപ്പെടുത്തിയിരുന്നു.

സ്ഥാനാർഥികളുടെ വിജയമറിയാൻ മണിക്കൂറുകൾ വേണ്ടിവരുമെന്നിരിക്കെ എന്താണ് ഇതിന് കാരണമെന്ന് പലരും കരുതിയിട്ടുണ്ടാവും. വോട്ടെണ്ണലിന് മുമ്പ് തന്നെ ഒരു സ്ഥാനാർഥി വിജയിച്ചതാണ് ഇതിന് കാരണം. ​ഗുജറാത്തിലെ സൂറത്ത് സീറ്റിലെ ബിജെപി സ്ഥാനാർഥിയാണ് ആ ഭാ​ഗ്യവാൻ. മുകേഷ് ദലാൽ ആണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

പിന്താങ്ങിയവരുടെ ഒപ്പിലെ ക്രമക്കേടിനെ തുടർന്ന് കോൺഗ്രസ് സ്ഥാനാർഥി നിലേഷ് കുംഭാനിയുടെ നാമനിർദേശ പത്രിക തള്ളുകയും മറ്റ് സ്ഥാനാർഥികളൊന്നാകെ പിന്മാറുകയും ചെയ്തതിനെ തുടർന്നാണ് മുകേഷ് ലാൽ ജയമുറപ്പിച്ചത്. പാർട്ടിയാണ് തന്നെ വഞ്ചിച്ചതെന്നാണ് നിലേഷ് കുംഭാനിയുടെ ആരോപണം.

പത്രിക തള്ളിപ്പോയതിനെത്തുടർന്ന് സൂറത്തിൽ നിന്ന് അപ്രത്യക്ഷനായ കുംഭാനി 20 ദിവസങ്ങള്‍ക്കു ശേഷമാണ് തിരിച്ചെത്തിയത്. പിന്താങ്ങിയവരുടെ ഒപ്പുകൾ വ്യാജമായിരുന്നെന്ന കാര്യം തനിക്കറിയില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. എന്നാൽ, കോണ്‍ഗ്രസ് അദ്ദേഹത്തെ ആറു വര്‍ഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കി.

അതേസമയം, ബിജെപി സ്ഥാനാർഥിയുടെ വിജയത്തിനെതിരെ ​കൽപേഷ് ബറോത്, സഹീർ ഷെയിഖ്, അശോക് പിംപ്ലി എന്നിവർ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കോൺ​ഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളിയതും ബിജെപി സ്ഥാനാർഥി വിജയിച്ചതും നിയമവിരുദ്ധമെന്നാണ് ഇവരുടെ ഹരജിയിലെ ആരോപണം. സംസ്ഥാനത്തെ 26 സീറ്റുകളിൽ 26ഉം ബിജെപി നേടുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News