'52 വർഷമായി പതാക ഉയർത്താത്തവർ പ്രധാനമന്ത്രിയെ അനുസരിക്കുമോ'; സമൂഹമാധ്യമ പ്രൊഫൈൽ ത്രിവർണമാക്കാത്തതിൽ ആർ.എസ്.എസ്സിനെതിരെ വിമർശനം

വിമർശിച്ചവർക്ക് മറുപടിയുമായി ആർ.എസ്.എസ് രംഗത്തെത്തി

Update: 2022-08-03 16:06 GMT
Advertising

സമൂഹമാധ്യമ അക്കൗണ്ട് പ്രൊഫൈൽ ത്രിവർണമാക്കാത്ത ആർ.എസ്.എസ്സിനെതിരെ വിമർശനം. പ്രൊഫൈലുകൾ ത്രിവർണമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിട്ടും ആർ.എസ്.എസിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ അത് ചെയ്യാതിരുന്നതിനെ തുടർന്ന് കോൺഗ്രസ് നേതാക്കളടക്കമുള്ള പലരും വിമർശനവുമായെത്തിയിരിക്കുകയാണ്.  'ത്രിവർണ പതാകയുമായി നമ്മുടെ നേതാവ് നെഹ്റുവിന്റെ ഡിപി ഞങ്ങൾ വയ്ക്കുന്നു. പക്ഷേ, പ്രധാനമന്ത്രിയുടെ സന്ദേശം അദ്ദേഹത്തിന്റെ കുടുംബത്തിൽ മാത്രം എത്തിയിട്ടില്ലെന്ന് തോന്നുന്നു. 52 വർഷമായി നാഗ്പൂരിലെ ആസ്ഥാനത്ത് ദേശീയ പതാക ഉയർത്താത്തവർ പ്രധാനമന്ത്രിയെ അനുസരിക്കുമോ?' കോൺഗ്രസ് നേതാവ് ജയറാം രമേശ് ട്വിറ്ററിൽ കുറിച്ചു. പ്രൊഫൈൽ ത്രിവർണമാക്കാത്ത ആർ.എസ്.എസ്സിന്റെയും തലവൻ മോഹൻ ഭാഗവതിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകൾ സഹിതം പവൻ ഖേരയും ട്വീറ്റ് ചെയ്തു. സംഘ് ജനങ്ങൾ ഇപ്പോൾ ത്രിവർണം സ്വീകരിക്കൂവെന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.



അതേസമയം, വിമർശിച്ചവർക്ക് മറുപടിയുമായി ആർ.എസ്.എസ് രംഗത്തെത്തി. 'ഇത്തരം കാര്യങ്ങൾ രാഷ്ട്രീയവത്കരിക്കരുത്. 'ഹർ ഘർ തരംഗ' (എല്ലാ വീട്ടിലും ത്രിവർണം), 'ആസാദി കാ അമൃത് മഹോത്സവ്' എന്നിവക്ക് സംഘടന പിന്തുണ അറിയിച്ചുകഴിഞ്ഞതാണ്. സർക്കാർ, സ്വകാര്യ സംഘടനകൾ, സംഘ്പരിവാർ പ്രസ്ഥാനങ്ങൾ എന്നിവ നടത്തുന്ന പരിപാടികൾക്ക് കഴിഞ്ഞ ജൂലൈയിൽ തന്നെ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്' പി.ടി.ഐയോട് ആർ.എസ്.എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ അംബേദ്കർ പറഞ്ഞു. പ്രൊഫൈലുകൾ ത്രിവർണമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിട്ടും ആർ.എസ്.എസ്.ഓർഗും അതിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളും അത് ചെയ്യാതിരുന്നതിനെ കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം വിമർശനം ഉന്നയിക്കുന്ന പാർട്ടിയാണ് രാജ്യത്തിന്റെ വിഭജനത്തിന് ഉത്തരവാദിയെന്ന് മറ്റൊരു സംഘ്പരിവാർ ഭാരവാഹി കുറ്റപ്പെടുത്തി.



സമൂഹമാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രങ്ങൾ മാറ്റണമെന്ന് ജനങ്ങളോട് ജൂലൈ 31 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചിരുന്നത്. ആഗസ്റ്റ് രണ്ട് മുതൽ 15 വരെ ത്രിവർണ്ണം സമൂഹമാധ്യമങ്ങളിലെ ചിത്രമാക്കണമെന്നാണ് പ്രധാനമന്ത്രിയുടെ നിർദേശം. 'മൻകീ ബാത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. നേരത്തെ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് വീടുകളിൽ ത്രിവർണ്ണ പതാക ഉയർത്താനും പ്രധാനമന്ത്രിയുടെ നിർദേശമുണ്ടായിരുന്നു.ഇതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രങ്ങൾ മാറ്റാൻ ആവശ്യപ്പെട്ടിരിക്കുന്നത്.


സ്വാതന്ത്രത്തിൻറെ 75ാം വാർഷികം പ്രമാണിച്ചുള്ള അമൃത് മഹോത്സവത്തിൻറെ ഭാഗമായി, ഹർ ഘർ തിരംഗ ക്യാംപയിൻ എല്ലാവരും ചേർന്ന് വിജയിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു.



സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ 75 റെയിൽവേ സ്റ്റേഷനുകൾക്ക് സ്വാതന്ത്ര്യ സമര സേനാനികളുടെ പേരിടുമെന്നും പ്രധാനമന്ത്രി അറിയിച്ചു. പ്രസംഗത്തിനിടെ ധീര രക്തസാക്ഷി ഉദ്ദം സിങ്ങിനേയും പ്രധാനമന്ത്രി അനുസ്മരിച്ചു. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടക്കുന്ന മേളകളിൽ എല്ലാവരും പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


'Why didn't the social media account profile become tricolor?'; RSS responds to critics

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News