ഐഐടികളിൽ പ്ലേസ്മെന്‍റുകൾ കുത്തനെ കുറഞ്ഞു; 10 ശതമാനത്തിലധികം ഇടിവ്
പ്ലേസ്മെന്‍റുകളിൽ ഏറ്റവും വലിയ ശതമാനം ഇടിവ് രേഖപ്പെടുത്തിയത് ഐഐടി ധാർവാഡിലാണ്


ഡൽഹി: രാജ്യത്തെ 23 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി)കളിൽ ഭൂരിഭാഗത്തിലും 2021-22 നെ അപേക്ഷിച്ച് 2023-24 ൽ ബി-ടെക് വിദ്യാർഥികൾക്കുള്ള പ്ലേസ്‌മെന്‍റുകൾ 10 ശതമാനത്തിലധികം കുറഞ്ഞതായി റിപ്പോര്‍ട്ട്. വരണാസിയിലെ ഐഐടി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി എന്നിവ മാത്രമാണ് ഇതിനൊരു അപവാദം. കോൺഗ്രസ് എംപി ദിഗ്‌വിജയ സിംഗ് അധ്യക്ഷനായ പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റി സര്‍ക്കാരിന് സമര്‍പ്പിച്ച കണക്കുകളിലാണ് ഇത് വ്യക്തമാകുന്നത്.
പ്ലേസ്മെന്‍റുകളിൽ ഏറ്റവും വലിയ ശതമാനം ഇടിവ് രേഖപ്പെടുത്തിയത് ഐഐടി ധാർവാഡിലാണ് - 2021–22 ൽ 90.20% ൽ നിന്ന് 2023–24 ൽ 65.56% ആയി താഴ്ന്നു. ഐഐടി ജമ്മു (92.08% മുതൽ 70.25% വരെ), ഐഐടി ഡൽഹി (87.69% മുതൽ 72.81% വരെ), ഐഐടി മദ്രാസ് (85.71% മുതൽ 73.29% വരെ) എന്നിവയാണ് കുത്തനെ ഇടിവ് രേഖപ്പെടുത്തിയ മറ്റ് സ്ഥാപനങ്ങൾ. പഴയ ഐഐടികളിൽ, ഐഐടി ബോംബെ, ഐഐടി കാൺപൂർ പോലുള്ള പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോലും 11–13 ശതമാനം കുറഞ്ഞുവെന്നാണ് കണക്കുകൾ പറയുന്നത്. ഐഐടികളിൽ മാത്രമല്ല, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലും (ഐഐഐടി) പ്ലേസ്‌മെന്‍റുകളിലെ ഈ അസാധാരണമായ ഇടിവ് പ്രത്യക്ഷമാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. ഈ വർഷം ജോധ്പൂരിലെ ഐഐടിയിലാണ് ഏറ്റവും ഉയർന്ന പ്ലേസ്‌മെന്‍റുകൾ നടന്നത്. 92.98 ശതമാനമാണ് ഇത്.
ബുധനാഴ്ച പാർലമെന്‍റിൽ അവതരിപ്പിച്ച ‘ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ 2025-26ലെ ധനസഹായ ആവശ്യങ്ങൾ’ സംബന്ധിച്ച റിപ്പോർട്ടിൽ, വിദ്യാഭ്യാസം, സ്ത്രീകൾ, കുട്ടികൾ, യുവാക്കൾ, കായികം എന്നിവക്കായുള്ള പാർലമെന്‍ററി സ്റ്റാൻഡിംഗ് കമ്മിറ്റി, തൊഴിലവസരക്ഷമത വർധിപ്പിക്കുന്നതിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപടികൾ സ്വീകരിക്കണമെന്ന് ശിപാർശ ചെയ്തു. ഈ കാലയളവിൽ പ്ലേസ്‌മെന്‍റുകളിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത് ഐഐടി റൂർക്കിയിൽ ആണെന്നും 2021-22 ൽ 98.54 ശതമാനത്തിൽ നിന്ന് 2023-24 ൽ 79.66 ശതമാനമായതായും 18.88 ശതമാനം കുറവുണ്ടായതായും റിപ്പോർട്ട് എടുത്തുകാണിക്കുന്നു.ഐഐടി ഡൽഹിയിലും ഐഐടി ബോംബെയിലും പ്ലേസ്മെന്‍റുകളിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡ് മഹാമാരിക്ക് ശേഷമുണ്ടായ സാമ്പത്തിക മാന്ദ്യം പ്ലേസ്മെന്‍റുകളെ സാരമായി ബാധിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പല സ്ഥാപനങ്ങളിലും തൊഴിലവസരങ്ങളിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി.
കഴിഞ്ഞ വർഷം മിക്ക സ്ഥാപനങ്ങളും പ്ലേസ്‌മെന്‍റ് വിശദാംശങ്ങൾ വെളിപ്പെടുത്തിയിരുന്നില്ലെങ്കിലും, കഴിഞ്ഞ സെപ്തംബറിൽ ഐഐടി ബോംബെയിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറച്ച് വിദ്യാർഥികൾക്ക് മാത്രമേ പ്ലേസ്‌മെന്‍റ് ലഭിച്ചുള്ളൂവെന്നും ഏറ്റവും കുറഞ്ഞ ശമ്പള പാക്കേജ് പ്രതിവർഷം വെറും 4 ലക്ഷം രൂപയായി കുറഞ്ഞുവെന്നും വ്യക്തമാക്കുന്നു. ഇത് തൊഴിൽ വിപണിയിലെ ആശങ്കാജനകമായ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.
ഐഐടികളിൽ ഡിസംബറിലാണ് ആദ്യഘട്ട പ്ലേസ്മെന്‍റ് നടക്കുക. ജനുവരി മുതൽ ജൂൺ വരെ രണ്ടാംഘട്ടവും. അക്കാദമിക വർഷം അവസാനിക്കുന്നതുവരെ നടപടികൾ തുടരുമെങ്കിലും ആദ്യഘട്ടങ്ങളിൽതന്നെ ജോലി നേടാൻ സാധിക്കുന്നില്ലെങ്കിൽ പ്രതിസന്ധിയുണ്ടാകും. പിന്നീടു ചെറിയ ശമ്പളത്തിൽ ജോലിക്കു കയറേണ്ടി വന്നേക്കാം. ഐഐടി പ്ലേസ്മെന്‍റിൽ ലഭിക്കുന്ന ഉയർന്ന ശമ്പള പാക്കേജിന്‍റെ വിശദാംശങ്ങൾ പുറത്തുവിടേണ്ടതില്ലെന്നു കഴിഞ്ഞ വർഷം ഓൾ ഐഐടീസ് പ്ലേസ്മെന്‍റ് കമ്മിറ്റി (എഐപിസി) തീരുമാനിച്ചിരുന്നു. വിദ്യാർഥികളുടെ മേലുള്ള സമ്മർദം കുറയ്ക്കലാണു ലക്ഷ്യം. റിക്രൂട്ട്മെന്‍റ് നടപടികളും പരീക്ഷകളുമായി യുജി, പിജി വിദ്യാർഥികൾ കടുത്ത സമ്മർദം നേരിടുന്നതായി ഐഐടി ബോംബെയുടെ റിവ്യൂ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.