കേന്ദ്രം കള്ളം പറയുന്നു; മരിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് രാഹുല്‍ ഗാന്ധി
മരിച്ച കർഷകരുടെ പേരുവിവരങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ പുറത്തുവിട്ടായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം
കർഷക സമരത്തിനിടെ മരിച്ചവരുമായി ബന്ധപ്പെട്ട് കേന്ദ്രം കള്ളം പറയുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മരിച്ച കര്‍ഷകര്‍ക്ക് കേന്ദ്രം നഷ്ടപരിഹാരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മരിച്ച കർഷകരുടെ കണക്ക് അറിയില്ലെന്ന കേന്ദ്ര കൃഷിമന്ത്രിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
മാധ്യമങ്ങൾക്കു മുന്നിൽ മരിച്ച കർഷകരുടെ പേരുവിവരങ്ങൾ പുറത്തുവിടുകയും ചെയ്തു രാഹുല്‍. കർഷക സമരത്തിനിടെ മരിച്ചവരുടെ കണക്ക് അറിയില്ലെന്നാണ് കേന്ദ്ര കൃഷി മന്ത്രി പാർലമെന്റിൽ പറഞ്ഞത്. അതിനാൽ, ഇവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമോ എന്ന ചോദ്യം ഉദിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ, പ്രധാനമന്ത്രിയുടെ തെറ്റായ തീരുമാനത്തിലൂടെ 700 കർഷകർക്കാണ് ജീവൻ നഷ്ടമായതെന്ന് രാഹുൽ ആരോപിച്ചു.
മരിച്ച കർഷകരിൽ 403 പേരുടെ കുടുംബങ്ങൾക്ക് പഞ്ചാബ് സർക്കാർ അഞ്ച് ലക്ഷം വീതം നഷ്ടപരിഹാരം നൽകി. 152 പേരുടെ കുടുംബങ്ങൾക്ക് ജോലിയും നൽകി. മറ്റു സംസ്ഥാനങ്ങളിൽനിന്നായി 100 കർഷരുടെ പേരുവിവരങ്ങളും ലഭിച്ചിട്ടുണ്ട്. എന്നാൽ, അങ്ങനെയൊരു പട്ടിക തന്നെയില്ലെന്നാണ് സർക്കാർ പറയുന്നത്-രാഹുൽ ചൂണ്ടിക്കാട്ടി.
താൻ തെറ്റ് ചെയ്‌തെന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞു. രാജ്യത്തോട് മാപ്പുപറയുകയും ചെയ്തു. അദ്ദേഹത്തിന്റെ തെറ്റായ തീരുമാനം കാരണം 700 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. എന്നിട്ടിപ്പോൾ അവരുടെ പേരുവിവരങ്ങളെക്കുറിച്ച് കള്ളം പറയുകയും ചെയ്യുന്നു. അവർക്ക് അർഹമായതു നൽകാനുള്ള മാന്യത എന്താണ് പ്രധാനമന്ത്രി കാണിക്കാത്തത്? - രാഹുൽ ചോദിച്ചു.
ഈ കുടുംബങ്ങൾക്ക് കേന്ദ്രം നഷ്ടപരിഹാരം നൽകാൻ തയാറാവണം. പ്രധാനമന്ത്രി ഇങ്ങനെയല്ല പെരുമാറേണ്ടത്. അധാർമികവും ഭീരുത്വം നിറഞ്ഞതുമാണ് പ്രധാനമന്ത്രിയുടെ പ്രതികരണമെന്നും രാഹുൽ വിമർശിച്ചു.