എന്തുകൊണ്ടാണ് ജാക്വിലിനെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത്? ഇ.ഡിയോട് കോടതി

നടിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെ ആയിരുന്നു കോടതിയുടെ ചോദ്യം

Update: 2022-11-10 08:15 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: 200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മറ്റുപ്രതികള്‍ അറസ്റ്റിലായിട്ടും എന്തുകൊണ്ടാണ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ അറസ്റ്റ് ചെയ്യാത്തതെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനോട് കോടതി. നടിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെ ആയിരുന്നു കോടതിയുടെ ചോദ്യം.

ജാക്വിലിന് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത ഇ.ഡി നടിയുടെ കയ്യില്‍ ധാരാളം പണമുള്ളതിനാല്‍ എളുപ്പത്തില്‍ രാജ്യം വിട്ടേക്കാമെന്ന് കോടതിയെ അറിയിച്ചു. "ലുക്ക് ഔട്ട് സര്‍ക്കുലര്‍ നൽകിയിട്ടും ജാക്വിലിനെ എന്തുകൊണ്ടാണ് ഇതുവരെ അറസ്റ്റ് ചെയ്യാത്തത്? മറ്റ് പ്രതികൾ ജയിലിലാണ്. എന്തിനാണ് പിക്ക് ആൻഡ് ചോയ്സ് പോളിസി സ്വീകരിക്കുന്നത്?" എന്നായിരുന്നു കോടതിയുടെ മറുപടി. നടിയുടെ ജാമ്യാപേക്ഷയിൽ നാളെ തീരുമാനം ഉണ്ടായേക്കും. നേരത്തെ കോടതി ജാക്വിലിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

ഇടക്കാല ജാമ്യം നീട്ടിയതിനെതിരെയും ഇ.ഡി രംഗത്തുവന്നിരുന്നു. അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യ വിടാൻ ജാക്വിലിൻ ശ്രമിച്ചിരുന്നു. എന്നാൽ, ലുക്ക് ഔട്ട് സർക്കുലർ (എൽഒസി) പുറപ്പെടുവിച്ചതിനാൽ നടിക്ക് രാജ്യംവിടാൻ സാധിച്ചില്ലെന്ന് ഇഡി പറഞ്ഞു. അന്വേഷണവുമായി ഒരിക്കൽ പോലും ജാക്വിലിൻ സഹകരിച്ചിരുന്നില്ല. തെളിവുകൾ ലഭിച്ചപ്പോൾ മാത്രമാണ് വെളിപ്പെടുത്തലുകൾ നടത്താൻ നടി തയ്യാറായതെന്ന് ഇഡി പറഞ്ഞു. തെളിവുകൾ നശിപ്പിക്കാനും ജാക്വിലിൻ ശ്രമിച്ചിരുന്നുവെന്നും ഇ.ഡി വ്യക്തമാക്കിയിരുന്നു. നവംബര്‍ 10 വരെയാണ് ജാക്വിലിന്‍റെ ഇടക്കാല ജാമ്യം നീട്ടിയിരിക്കുന്നത്.

സുകേഷ് ചന്ദ്രശേഖര്‍ പ്രതിയായ കേസില്‍ എട്ട് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ഇ.ഡി ജാക്വിലിനെ പ്രതി ചേര്‍ത്ത് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. തട്ടിയെടുത്ത പണത്തിന്‍റെ ഗുണഭോക്താവ് ജാക്വിലിനാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. 52 ലക്ഷം രൂപ വിലയുള്ള കുതിരയും ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന പേർഷ്യൻ പൂച്ചയുമടക്കം 10 കോടി രൂപയുടെ സമ്മാനങ്ങളാണ് നടിക്ക് സുകേഷ് നൽകിയത്. ഏപ്രിലില്‍ നടിയുടെ ഏഴു കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടിയിരുന്നു. കേസിൽ 36 കാരിയും ശ്രീലങ്കൻ പൗരയുമായ നടിയെ കേസിൽ ഇ.ഡി പലവട്ടം ചോദ്യം ചെയ്തിരുന്നു.ജാക്വലിനെ നായികയാക്കി 500 കോടിയുടെ സൂപ്പർ ഹീറോ ഫിലിം നിർമിക്കാമെന്ന് സുകേഷ് വാഗ്ദാനം നൽകിയിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News